ഇന്നത്തെ ലോകത്ത് മദ്യപാനം ഒരു സമൂഹികരിച്ച ശീലമായി മാറിക്കഴിഞ്ഞു. ആഘോഷത്തിന്റെയും ആശ്വാസത്തിന്റെയും പേരില്‍, കുറേപ്പേര്‍ക്ക് അത് ജീവിതത്തിന്റെ ഭാഗമാവുകയാണ്. ചിലര്‍ക്ക് മദ്യപാനം വല്ല ആഘോഷങ്ങള്‍ക്ക് മാത്രം ഉള്ളപ്പോള്‍ മറ്റു ചിലര്‍ക്ക് മദ്യം ഇല്ലാതെ ജീവിക്കാനെ പറ്റാത്ത അവസ്ഥയായി മാറുന്നു. മുഴുകുടിയന്‍മാരായ ആളുകളുടെ സ്വന്തക്കാര്‍ക്ക് അയാള്‍ മൂലം ഉണ്ടാകുന്ന അപമാനങ്ങള്‍ എത്രയെന്ന് മനസ്സിലാകില്ല. ഈ പ്രവര്‍ത്തിയിലെ കറുത്ത വാസ്തവങ്ങള്‍ നമ്മളെ പലപ്പോഴും നോക്കിക്കാണാന്‍ പോലും തയാറാകാറില്ല. എന്നാല്‍ ചില ആളുകള്‍ മദ്യപാനത്തില്‍ നിന്നും മോചിതരാകുന്നുമുണ്ട്. അതിന് പിന്നില്‍ എന്തിനും ചേര്‍ത്തുനിര്‍ത്തുന്ന സ്വന്തക്കാരാകാം, ഭാര്യയാകാം, മക്കളാകാം. അത്തരത്തിലൊരു കഥയാണ് അപര്‍ണ്ണയുടേത്. മുഴുകുടിയനായി മാറിയ ഭര്‍ത്താവ് ശിവകുമാറിനെ മിസ്റ്റര്‍ കേരള എന്ന ടൈറ്റില്‍ വരെ എത്തിച്ച കഥ. സഹനത്തിന്റെയും വിശ്വാസത്തിന്റെയും കഥ.
വീട്ടിലെ മൂന്നാമത്തെ കുട്ടിയായിരുന്നു ശിവകുമാര്‍. എട്ടാം ക്ലാസില്‍ പഠനം മുടങ്ങിയ ശേഷം മറ്റ് ജോലികള്‍ ചെയ്ത് ജീവിതം നോക്കി. പല പണികളും ചെയ്തു. അവസാനം പെയിന്റിങ് തൊഴിലാളിയായി. വരുമാനം എത്താന്‍ തുടങ്ങിയപ്പോള്‍ സൗഹൃദവും കൂടി. അതോടൊപ്പം തന്നെ മദ്യപാനവും തുടങ്ങി. ആറടിയോളം ഉയരം. നൂറു കിലോ ഭാരം. അസാമാന്യ ധൈര്യം. നാട്ടിന്‍പുറത്തെ ഏതു കശപിശയുടെയും ഒരറ്റം പിടിക്കാന്‍ അതു ധാരാളം. അതായിരുന്നു ശിവന്‍. ശിവന്റെയും അപര്‍ണയുടെയും പ്രണയ വിവാഹം ആയിരുന്നു. അപര്‍ണയുടെ വീടിന്റെ പെയിന്റ് പണിക്ക് പോയപ്പോഴാണ് രണ്ട് പേരും പ്രണയത്തിലാകുന്നത്. അച്ഛന്റെ മദ്യാപാന അന്തരീക്ഷത്തില്‍ നിന്നും രക്ഷപ്പെടാന്‍ അപര്‍ണ കണ്ടെത്തിയ ഒരു ആശ്വാസമായിരുന്നു ശിവന്‍. എന്നാല്‍ അതിനേക്കാള്‍ വലിയ നരകത്തിലേക്കാണ് പോകുന്നതെന്ന് അപര്‍ണ വിചാരിച്ചില്ല. പിന്നീടാണ് അപര്‍ണയ്ക്ക് ശിവ വെള്ളമടിക്കുന്ന കാര്യം ഒക്കെ അറിയുന്നത്. സ്ഥിരം കള്ള്കുടി, അടി, പോലീസ് കേസ് എല്ലാത്തില്‍ നിന്ന് രക്ഷിക്കാന്‍ അപര്‍ണ ഒറ്റയ്ക്കും. പണിക്ക് പോയി തിരികെ വരുന്നയാളുടെ കൈയ്യില്‍ പത്ത് പൈസ ഇല്ലാതെ. പണം ഇല്ലാതെ വരുമ്പോള്‍ കടം മേടിച്ചും കുടി.
അയാളുടെ കുടി കൂടിയപ്പോള്‍ മക്കളെയും കൊണ്ട് ആത്മഹത്യ ചെയ്യാന്‍ വരെ തീരുമാനിച്ചു. എന്നാല്‍ കുഞ്ഞുങ്ങളുടെ മുഖം ഓര്‍ത്തപ്പോള്‍ അതിന് സാധിച്ചില്ല. അങ്ങനെ തോറ്റുകൊടുക്കാന്‍ അപര്‍ണയ്ക്ക് സാധിച്ചില്ല. കുടി എങ്ങനെയെങ്കിലും മാറ്റണം എന്നായിരുന്നു ലക്ഷ്യം. ആദ്യ ഡിഅഡിക്ഷന്‍ സെന്ററില്‍ ചേര്‍ക്കാമെന്ന് വിചാരിച്ചു. എന്നാല്‍ അവിടെ നിന്ന് ഇറങ്ങുന്നവര്‍ വീണ്ടും മദ്യപിക്കുന്നതായി കേട്ടിട്ടുണ്ട്. അങ്ങനെ ഇരിക്കുമ്പോഴാണ് ശരീരം കുറച്ചുകൂടി മെച്ചപ്പെടുത്തുന്നതിനെ പറ്റി ശിവ പറയുന്നത്. ഇതില്‍ പിടിച്ച് അപര്‍ണയും കയറി. അപര്‍ണയും വണ്ണം വെക്കുന്നു എന്ന പറഞ്ഞ് ഒന്നിച്ച് ജിമ്മില്‍ പോകാമെന്നായി. ഒരു തുള്ളി മദ്യം തൊടാതെ ഇരുന്നാല്‍ ജിമ്മില്‍ കയറ്റാമെന്നായി. വലിയ വെല്ലുവിളി നിറഞ്ഞ കാര്യമായിരുന്നെങ്കിലും ശിവകുമാര്‍ ആ വെല്ലുവിളി ഏറ്റെടുത്തു. പിന്നീട് അവരുടെ ജീവിതത്തില്‍ ഒരു വെളിച്ചം വീശാന്‍ തുടങ്ങി. പകല്‍ ജോലി. പിന്നീടുള്ള സമയം ജിമ്മിലും. ജിമ്മിലെ ആശാന്റെ വാക്ക് കേട്ടാണ് മത്സരിക്കാന്‍ പോകുന്നത്. ഭാര്യയുടെ താലിമാല പണയം വെച്ചു. മറ്റൊരു ജിമ്മില്‍ ചേര്‍ന്നു. മത്സരിക്കാനായുള്ള പ്രത്യേക പരിശീലനം കിട്ടി. അങ്ങനെ ആദ്യ മത്സരത്തില്‍ മിസ്റ്റര്‍ എറണാകുളമായി
പക്ഷേ ഇനിയും പഴയ ജീവിതത്തിലേക്ക് പോകുമെന്ന് അപര്‍ണ്ണയ്ക്ക് ഭയം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അടുത്ത മത്സരത്തില്‍ പങ്കെടുപ്പിക്കാന്‍ അപര്‍ണ തീരുമാനിച്ചു. അങ്ങനെ മിസ്റ്റര്‍ കേരള മത്സരത്തില്‍ പങ്കെടുത്തു. അപര്‍ണയുടെ പ്രാര്‍ത്ഥന വെറുതെയായില്ല ഈ വര്‍ഷത്തെ മിസ്റ്റര്‍ കേരളയില്‍ മാസ്‌റ്റേഴ്‌സ് വിഭാഗത്തില്‍ ശിവകുമാര്‍ വിജയകിരീടം നേടി. പക്ഷേ അതിലും നിന്നില്ല. അടുത്ത മത്സരത്തിലേക്കാണ് അപര്‍ണയുടെ മനസ്സ്. മിസ്റ്റര്‍ ഇന്ത്യ. അതിനുള്ള കഠിനപ്രയന്തനത്തിലാണ്.
ചോറ്റാനിക്കര പഞ്ചായത്തിലെ ഹരിതകര്‍മസേനയില്‍ അംഗമാണ് അപര്‍ണ ഇപ്പോള്‍. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടിലൂടെയാണ് മുന്നോട്ടു പോകുന്നത്. ഒരു ബോഡി ബില്‍ഡറുടെ ആഹാരക്രമം വളരെ ചെലവേറിയതാണ്. അ തുണ്ടാക്കി കൊടുക്കാന്‍ അപര്‍ണ പലപ്പോഴും ബുദ്ധിമുട്ടാറുണ്ട്. രണ്ട് ആണ്‍മക്കളാണ് ഇവര്‍ക്ക്. മൂത്തമകന്‍ ആകാശ് ഇപ്പോള്‍ പത്താം ക്ലാസില്‍. ഇളയവന്‍ ആഷിക് ഏഴാം ക്ലാസിലും. അവരും ഇപ്പോള്‍ ഇവര്‍ക്കൊപ്പം ജിമ്മില്‍ പോകുന്നുണ്ട്.