ഇന്നത്തെ കാലത്ത് സ്ത്രീകള്‍ ഏത് മേഖലയിലും പിന്നോക്കം നില്‍ക്കുന്നില്ല. നിരവധി ബാധ്യതകളെ തൊട്ട് മുകളില്‍ കയറുന്നവരാണ് അവര്‍. അതിജീവനത്തിനായി എന്തും തൊഴിലും ചെയ്യുന്ന സ്ത്രീകള്‍. ഒരു കുടുംബം കഴിഞ്ഞ് പോകാന്‍ ഭര്‍ത്താവിന്റെ ജോലിക്കൊണ്ട് മാത്രം പോര എന്ന തിരിച്ചറിവിലൂടെയാണ് ഒരോ സ്ത്രീകളും എന്തെങ്കിലും ജോലിക്ക് പോകുന്നത് തന്നെ. അതിജീവനത്തിന്റെ ഒരു ഉദാഹരമാണ് ശരണ്യ മുത്തു എന്ന 24കാരി. തടിവെട്ടിയിടും. അത് ചുമന്ന് വണ്ടിയില്‍ കയറ്റും. വഴിപോലുമില്ലാത്ത ഇടങ്ങളിലൂടെ വണ്ടി ഓടിച്ച് ലക്ഷ്യസ്ഥാനത്തെത്തിക്കും. ലോഡിങ്ങും അണ്‍ലോഡിങ്ങും ഡ്രൈവിങ്ങും ഒപ്പം ബിരുദപഠനവും അമ്മയെന്ന റോളും. ഇരുപത്തിനാലുകാരിയായ ശരണ്യ ശരിക്കും സൂപ്പര്‍.
ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം മൈനര്‍ ഉമ്മാക്കട വാഴത്തോപ്പിലാണ് ശരണ്യ മുത്തുവിന്റെ വീട്. അവളുടെ അച്ഛന്‍ മുത്തുപ്പെരുമാള്‍ ഏറെക്കാലമായി പിക്കപ്പ് വണ്ടി ഓടിക്കുന്ന ഡ്രൈവറാണ്. കുട്ടിക്കാലം മുതല്‍ അച്ഛനൊപ്പം പോകുകയും അദ്ദേഹം വണ്ടി ഓടിക്കുന്നത് കാണുകയും ചെയ്തിരുന്നതിനാല്‍ ശരണ്യക്ക് അതിനോടൊരു പ്രത്യേക അടുപ്പമുണ്ടായിരുന്നു. വണ്ടിയോടും റോഡുകളോടും ഉണ്ടായ ആ ആകര്‍ഷണമാണ് പിന്നീട് ശരണ്യക്കും ഡ്രൈവിങ് പഠിക്കണം എന്ന മോഹത്തിലേക്ക് എത്തിക്കുന്നത്.
ശരണ്യയുടെ മൂത്ത സഹോദരന്‍ ശരണും പിന്നീട് ലോറി ഡ്രൈവറാവുകയായിരുന്നു. ഇത് കണ്ടതോടെ ശരണ്യക്കും പഠിക്കണം എന്ന മോഹമായി.
അച്ഛനും സഹോദരനും വലിയ വണ്ടികള്‍ ഓടിക്കുന്നതും ജോലി ചെയ്യുന്നതും കാണുമ്പോള്‍ അതിന്റെ ഭാഗമായി തന്നെ ഉണ്ടായിരിക്കണമെന്ന ആഗ്രഹം ശരണ്യയുടെ മനസ്സില്‍ വളര്‍ന്നു. ആ ആഗ്രഹം വെറുതെയാക്കാതെ, കുടുംബത്തിന്റെ പിന്തുണയും പ്രോത്സാഹനവും തേടിയാണ് അവള്‍ ഡ്രൈവിങ് പഠിക്കാന്‍ തീരുമാനിച്ചത്. അച്ഛനും സഹോദരനും ചേര്‍ന്ന് ശരണ്യക്ക് ആവശ്യമായ പരിശീലനം നല്‍കി. വൈകാതെ തന്നെ അവള്‍ ആത്മവിശ്വാസത്തോടെ വണ്ടി ഓടിക്കാന്‍ തുടങ്ങി. പതിനെട്ടാം വയസ്സെത്തുമ്പോഴേക്കും അവള്‍ ഓട്ടം പഠിച്ച് ലൈസന്‍സ് സ്വന്തമാക്കിയിരുന്നു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ ശരണ്യയുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ നിറച്ച കാലമായിരുന്നു. കുറെ നാളുകള്‍ക്കകം തന്നെ ശരണ്യ വിവാഹിതയായി. അവളുടെ ജീവിതത്തിലേക്ക് വലിയൊരു പിന്തുണയായി ഭര്‍ത്താവ് സൂര്യ വന്നുചേര്‍ന്നു. സൂര്യയും ഒരു ഡ്രൈവറായിരുന്നു. തന്റെ ഭാര്യയുടെ ആഗ്രഹങ്ങളെ പൂര്‍ണമായി മനസ്സിലാക്കുകയും പിന്തുണക്കുകയും ചെയ്തതോടെ ശരണ്യയ്ക്ക് ആത്മവിശ്വാസം കൂടി. വിവാഹത്തിനുശേഷവും അവള്‍ ബിരുദപഠനം താല്പര്യപൂര്‍വം തുടര്‍ന്നു. അതിനിടെ, കുടുംബ ജീവിതത്തിന് നിറം പകര്‍ന്ന് രണ്ട് മക്കളും അവളുടെ ജീവിതത്തിലേക്ക് എത്തിയപ്പോള്‍ അത് അതിയായ സന്തോഷമായി മാറി.
ഇതിനിടയിലാണ് ശരണ്യയുടെ അച്ഛന്‍ മുത്തുപ്പെരുമാള്‍ തടി വാങ്ങി മുറിച്ച് വില്‍പ്പന ചെയ്യുന്നതിനുള്ള ചെറിയൊരു ബിസിനസ്സ് തുടങ്ങിയത്. ബിസിനസ്സിന് അച്ഛനെ സഹായിക്കാന്‍ ശരണ്യയും ഇറങ്ങി. പഴയൊരു ഷര്‍ട്ടിട്ട് തലയില്‍ കെട്ടുംകെട്ടി ശരണ്യ അച്ഛനൊപ്പം ഇറങ്ങി. തടി മുറിക്കുന്നതും വണ്ടിയില്‍ ലോഡുചെയ്യുന്നതും ഏത് ജോലി ആയാലും അവള്‍ ഒപ്പം ഉണ്ടാവും. പഠന സമയത്തിനിടയിലെ ഇടവേളകളാണ് ശരണ്യ ഈ ജോലിക്ക് ചിലവഴിച്ചത്. രാവിലെ പഠനത്തിലായിരുന്നാലും ഉച്ചയ്ക്ക് ജോലി തുടങ്ങും. ജോലി ചെയ്യുന്ന സ്ഥലത്തും കൂലിയിലും വിവേചനം പാടില്ല എന്നാണ് ശരണ്യയുടെ വാക്കുകള്‍.
പറമ്പില്‍ നില്‍ക്കുന്ന മരം വെട്ടി താഴെയിട്ട് മുറിച്ച് കഷ്ണങ്ങളാക്കി വാഹനത്തില്‍ കയറ്റുന്നത് കായികാധ്വാനമുള്ള ജോലിയാണ്. ജോലി കഴിയുമ്പോള്‍ വിയര്‍ത്ത് കുളിക്കും. ശരീരത്തും വസ്ത്രങ്ങളിലും ചെളി പുരളും. ജോലി കഴിഞ്ഞ് ശരണ്യയും ഭര്‍ത്താവും അച്ഛനുംകൂടി ഒരു ഹോട്ടലില്‍ കയറി. എന്നാല്‍ അവിടെ ഭക്ഷണം കഴിക്കാനെത്തിയ ചിലരുടെ വാക്കുകള്‍ ശരണ്യയെ വേദനിപ്പിച്ചു. ആ പരാമര്‍ശങ്ങളില്‍ തളര്‍ന്നിരിക്കാന്‍ ശരണ്യ ഒരുക്കമല്ലായിരുന്നു. താന്‍ ചെയ്യുന്ന ജോലി മോശപ്പെട്ടതല്ലെന്ന് നാട്ടുകാരെ അറിയിക്കണമെന്ന് ആഗ്രഹം തോന്നി. അങ്ങനെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് തുടങ്ങിയത്.
തടി മുറിക്കുന്നതിന്റെയും ലോഡ് ചെയ്യുന്നതിന്റെയും വീഡിയോകള്‍ ഇന്‍സ്റ്റഗ്രാമിലിട്ടു. തടി കയറ്റിയ പിക്കപ്പുമായുള്ള പെരുമ്പാവൂര്‍ യാത്രകള്‍ ആഘോഷമാക്കി. വീഡിയോകള്‍ കേറിയങ്ങ് ഹിറ്റായി. അമ്പതിനായിരത്തോളം ഫോളോവേഴ്‌സും. മക്കളായ നാലര വയസ്സുകാരി സൂര്യഗായത്രിയും രണ്ടര വയസ്സുകാരന്‍ സൂര്യകൃഷ്ണയും അമ്മക്കൊപ്പം റീലുകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. തൂക്കുപാലം ജവഹര്‍ലാല്‍ നെഹ്റു കോളേജിലെ മൂന്നാംവര്‍ഷ ബിബിഎ വിദ്യാര്‍ഥിനിയാണ്.