താരങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിരുന്നൊരുക്കി നടന്‍ ജോര്‍ജ് കോര;
ആശംസകളുമായി നീരജും ഷറഫുദ്ദീനും ജോണി ആന്റണിയും പേര്‍ളിയും അടക്കമുള്ള താരനിര
ആരുമറിയാതെ മനസില്‍ കാത്തുസൂക്ഷിച്ച പ്രണയം. ബന്ധുക്കളുടേയും പ്രിയപ്പെട്ടവരുടേയും അനുഗ്രഹാശിര്‍വാദങ്ങളോടെ ഒരാഴ്ച മുമ്പായിരുന്നു നടന്‍ ജോര്‍ജ്ജ് കോരയുടേയും വധു ഗ്രേസ് സക്കറിയയുടേയും ഒത്തുകല്യാണം. ഇപ്പോഴിതാ, ഒരാഴ്ചയ്ക്കിപ്പുറം ഗ്രേസ് സക്കറിയയുടെ കഴുത്തില്‍ മിന്നുകെട്ടിയിരിക്കുകയാണ് ജോര്‍ജ്ജ് കോര. വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. എങ്കിലും അതിനു ശേഷം നടന്ന റിസപ്ഷനില്‍ നിരവധി താരങ്ങളാണ് എത്തിയത്. ചെറുതും വലുതുമായ സുഹൃത്തുക്കളും ഗുരുനാഥ സ്ഥാനത്തുള്ളവരുമായി നിരവധി പേരാണ് റിസപ്ഷനിലെത്തി ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നത്.
നടനും സംവിധായകനുമൊക്കെയായ ജോര്‍ജ് കോര പ്രേമം എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തിയത്. 'ജാനകി ജാനേ', 'മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്', 'ക്രിസ്റ്റി' തുടങ്ങിയ സിനിമകളിലെ മികച്ച കഥാപാത്രങ്ങളിലൂടെ സിനിമയില്‍ സജീവമായി ജോര്‍ജ്ജിന്റെ മോഡല്‍ ഗ്രേസ് സക്കറിയയുമായി ഏഴു വര്‍ഷത്തോളം നീണ്ട പ്രണയമാണ് ഇപ്പോള്‍ സാക്ഷാത്കരിച്ചിരിക്കുന്നത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ ഇരുവരും പങ്കുവച്ചപ്പോഴാണ് നിശബ്ദമായി മുന്നോട്ടു കൊണ്ടുപോയ പ്രണയം ആരാധകരും അറിഞ്ഞത്. റിസപ്ഷനില്‍ പേര്‍ളി മാണിയും ഭര്‍ത്താവ് ശ്രീനിഷും നടിയും അവതാരകയുമായ മീനാക്ഷിയും നടനും സംവിധായകനുമായ ജോണി ആന്റണിയും നടന്‍ ഷറഫുദ്ധീനും നീരജും നടി സാനിയ ഇയ്യപ്പനുമെല്ലാം ചടങ്ങില്‍ എത്തിയിരുന്നു.
ആദ്യം വൈറ്റ് ഗൗണില്‍ വേദിയിലേക്കെത്തിയ ഗ്രേസ് സക്കറിയ പ്രിയപ്പെട്ടവര്‍ക്കൊപ്പം കേക്ക് മുറിച്ച ശേഷം ഓറഞ്ച് സാരിയുടുത്താണ് റിസപ്ഷനിലൂടനീളം നിന്നത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഇരുവരുടേയും നിരവധി സിനിമാ താര സുഹൃത്തുക്കളാണ് പങ്കെടുത്തതും. എഴുത്തിലൂടെ സിനിമാ ജീവിതം തുടങ്ങി പിന്നെ അഭിനേതാവായും തിരക്കഥാകൃത്തായും സംവിധായകനായും മാറിയ വ്യക്തിയാണ് ജോര്‍ജ്. 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' യ്ക്കായി അല്‍ത്താഫ് സലിമിനൊപ്പം തിരക്കഥകൃത്തായും ഡൗണ്‍സിന്‍ഡ്രോം ബാധിച്ച ഗോപീകൃഷ്ണന്‍ നായകകഥാപാത്രത്തെ അവതരിപ്പിച്ച 'തിരികെ' എന്ന ചിത്രത്തിലൂടെ സംവിധായകനായും പ്രേക്ഷകര്‍ക്കുമുന്നിലെത്തി. 2023ല്‍ 'തോല്‍വി എഫ്എസി' എന്നൊരു ചിത്രവും സംവിധാനം ചെയ്തു.