സെക്യൂരിറ്റി ജീവനക്കാരനായി ജോലി തുടങ്ങിയാതായി അറിയിച്ചു കൊണ്ട് വീഡിയോ പങ്കുവച്ചിരിക്കുകയാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരവും 'സ്റ്റാര്‍ മാജിക്' പരിപാടിയിലൂടെ ശ്രദ്ധേയനുമായ തങ്കച്ചന്‍ വിതുര. ഇന്‍സൈറ്റ് മീഡിയ സിറ്റിയിലെ ഫ്‌ലവേഴ്‌സ് ടി.വിയുടെയും 24 ന്യൂസിന്റെയും വാതിലുകള്‍ക്ക് മുന്നില്‍ നീല യൂണിഫോമില്‍ നില്‍ക്കുന്ന വീഡിയോ താരം തന്നെ പങ്കുവെച്ചതോടെയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ സജീവമായത്. അഭിനയം ഉപേക്ഷിച്ചോയെന്നും, ഇത് പുതിയൊരു പരിപാടിയുടെ ഭാഗമാണോയെന്നും ഉള്‍പ്പെടെ നിരവധി ചോദ്യങ്ങളാണ് അദ്ദേഹത്തിന്റെ ആരാധകര്‍ക്കിടയില്‍ ഉയരുന്നത്.
തന്റെ പ്രിയപ്പെട്ട പ്രേക്ഷകരുമായി ഒരു ഗൗരവമുള്ള സത്യം പങ്കുവെക്കാനുണ്ടെന്ന് വീഡിയോയില്‍ തങ്കച്ചന്‍ പറയുന്നു. 'ഇന്ന് ഞാന്‍ ഇന്‍സൈറ്റ് മീഡിയ സിറ്റിയുടെ, ഫ്‌ലവേഴ്‌സ് ടി.വിയും 24 ന്യൂസും ഉള്ള ആ വാതിലുകള്‍ക്ക് മുന്നില്‍ ഒരു വ്യത്യസ്തമായ വേഷം ധരിച്ചാണ് നില്‍ക്കുന്നത്. നിങ്ങള്‍ എന്നെ സാധാരണയായി സ്റ്റുഡിയോയിലെ പ്രകാശവലയത്തിലും സിനിമാ സെറ്റുകളിലുമാണ് കണ്ടിട്ടുള്ളത്. എന്നാല്‍ ഇന്ന് ഈ നീല യൂണിഫോമില്‍ ഒരു സെക്യൂരിറ്റി എന്ന നിലയില്‍ ഞാന്‍ പുതിയൊരു പാത സ്വീകരിച്ചിരിക്കുന്നു,' അദ്ദേഹം വിശദീകരിച്ചു.
യൂണിഫോം ശരീരത്തെ മാത്രം മൂടുമെന്നും ഉള്ളിലെ ആത്മാവിനെ ഒരിക്കലും മറയ്ക്കില്ലെന്നും തങ്കച്ചന്‍ അടിവരയിട്ടു. 'പുറമെ ഒരു സെക്യൂരിറ്റി ഗാര്‍ഡിനെപ്പോലെ തോന്നിയാലും, ഈ നീല ഷര്‍ട്ടിനുള്ളില്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ട ഗാനങ്ങള്‍ പാടിയ അതേ ഗായകനുണ്ട്, നിങ്ങളുടെ ഹൃദയത്തിലെ വികാരങ്ങള്‍ പകര്‍ന്ന കവിയുണ്ട്, വര്‍ഷങ്ങളായി നിങ്ങള്‍ കൈയടിച്ച് പിന്തുണച്ച അതേ നായകനുണ്ട്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ ജോലിക്കും അതിന്റേതായ മഹത്വമുണ്ടെന്നും ഓരോ വേഷവും ഒരു പ്രകടനമാണെന്നും തങ്കച്ചന്‍ ഓര്‍മ്മിപ്പിച്ചു.
ജീവിതം ഏത് യൂണിഫോം നല്‍കിയാലും ഉള്ളിലെ പ്രകാശം മങ്ങരുതെന്ന സന്ദേശവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. 'സ്റ്റാര്‍ മാജിക്' ഷോകളിലെ പ്രകടനങ്ങളിലൂടെയും 'മറിയേടമ്മേട ആട്ടിന്‍കുട്ടി' പോലുള്ള ഗാനങ്ങളിലൂടെയുമാണ് തങ്കച്ചന്‍ വിതുര മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ പ്രിയങ്കരനായത്. താരത്തിന്റെ വീഡിയോയ്ക്ക് താഴെ അനുമോള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കമന്റുമായി എത്തിയിട്ടുണ്ട്.
ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാര്‍ മാജിക്കിന്റെ ഭാഗമായി ആരാധകരെ സമ്പാദിച്ച താരമാണ് തങ്കച്ചന്‍.ഫ്‌ളവേഴ്സ് സ്റ്റാര്‍ മാജിക്കിലെ തങ്കുവിന്റെ ഓരോ പ്രകടനങ്ങളും ചിരി സൃഷ്ടിക്കുന്നവയാണ്. ചില സിനിമകളിലും ടിവി പ്രോ?ഗ്രാമുകളിലും തിളങ്ങിയിട്ടുള്ള തങ്കച്ചന്‍ സ്റ്റാര്‍ മാജിക്ക് ഷോ അവസാനിച്ചശേഷം വളരെ വിരളമായി മാത്രമാണ് ലൈം ലൈറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
https://www.youtube.com/shorts/XysCWvf5e24