മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് ധർമജൻ ബോൾഗാട്ടി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവയ്ക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ തിരിമാലി എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് നേപ്പാളിലേക്ക് പോയപ്പോഴുണ്ടായ അനുഭവങ്ങൾ കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ധർമ്മജൻ ബോൾഗാട്ടി.
'സിനിമയുടെ കുറച്ച് ഭാഗം കേരളത്തിലും കുറച്ച് ഭാഗം നേപ്പാളിലുമാണ് ചിത്രീകരിച്ചത്. ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റേയും ബിബിന്റെ കഥാപാത്രത്തിന്റേയും ജോണി ആന്റണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റേയും ജീവിതത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. മൂന്ന് പേർക്കും ഒരു ലക്ഷ്യമുണ്ട് അതിന് വേണ്ടിയാണ് നേപ്പാളിലേക്ക് പോകുന്നത്. അതിന് വേണ്ടിയുള്ള യാത്രയിൽ നടക്കുന്ന ചില സംഭവങ്ങളെല്ലാമാണ് സിനിമ പറയുന്നത്. നേപ്പാളിൽ എത്തിയപ്പോൾ മുതൽ നിരവധി പ്രതിസന്ധികൾ ഉണ്ടായിരുന്നു. അവയെല്ലാം തരണം ചെയ്താണ് ഷൂട്ടിങ് പൂർത്തിയാക്കിയത്. സിനിമ തിയേറ്ററിലെത്തി എന്നറിയുമ്പോൾ അന്ന് അനുഭവിച്ച കഷ്ടപ്പാടുകൾ ഒന്നുമല്ലാതെ ആകുന്നപോലെയാണ് തോന്നുന്നത്.'
'ഞങ്ങൾ നേപ്പാളിൽ എത്തിയപ്പോൾ അവിടുത്തെ ആളുകൾ എന്തിനാണ് സന്ദർശനമെന്ന് തിരക്കി. ഷൂട്ടിങ്ങാണെന്ന് പറഞ്ഞു. ആരാ ഹീറോ എന്നാണ് പിന്നീട് ചോദിച്ചത്. കാലിന് ബുദ്ധമുട്ടുള്ളതിനാൽ ബിബിൻ വീൽ ചെയറിൽ ഇരിക്കുകയായിരുന്നു. അവർ ചോദിച്ചപ്പോൾ താൻ ആണ് നായകനെന്ന് പറയാൻ ബിബിന് മടിയായി. പിന്നെ ചുറ്റും നോക്കിയശേഷം താൻ ആണ് നായകനെന്ന് ബിബിൻ പറഞ്ഞു. അവർ പിന്നെ അവനെ വിശ്വസിക്കാനാവാത്ത തരത്തിലാണ് നോക്കിയത്. ഈ വീൽചെയറിൽ ഇരിക്കുന്ന ഇവനാണോ നായകൻ എന്ന മുഖഭാവമായിരുന്നു. അവനെ മാത്രമല്ല ഞങ്ങളും കേന്ദ്രകഥാപാത്രങ്ങളാണ് എന്ന് പറഞ്ഞ് ബിബിൻ പരിചയപ്പെടുത്തിയപ്പോഴും അവർക്ക് ഞങ്ങളുടെ രൂപം കണ്ട് അത്ഭുതമായിരുന്നു. കാരണം അവരുടെ കണ്ണിലെ ഹീറോകൾ ഹിന്ദി സിനിമയിലെ താരങ്ങളാണ്. അതുകൊണ്ട് ഞങ്ങൾ കേന്ദ്രകഥാപാത്രങ്ങളാണ് എന്ന് പറഞ്ഞപ്പോൾ അവർക്ക് വിശ്വസിക്കാൻ കഴിയാതെ പോയത്' ധർമ്മജൻ പറയുന്നു.