മിമിക്രി വേദികളിലൂടെ ആരംഭിച്ച് സിനിമയിലും ടെലിവിഷനിലുമെല്ലാം നിറ സാന്നിധ്യമായി മാറിയ കലാകാരനായിരുന്നു നവാസ്. നവാസിന്റെ മരണം നല്‍കിയ ഞെട്ടലില്‍ നിന്നും മലയാളികള്‍ ഇന്നും മുക്തരായിട്ടില്ല. കരിയറില്‍ ശക്തമായൊരു തിരിച്ചു വരവിനൊരുങ്ങനെയാണ് അപ്രതീക്ഷിതമായി നവാസിനെ തേടി മരണമെത്തുന്നത്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ നവാസിനൊപ്പം നിരവധി വേദികളില്‍ പങ്കെടുത്തിട്ടുള്ള നടി തെസ്നി ഖാന്‍ അദ്ദേഹത്തെ കുറിച്ച് സംസാരിക്കുകയാണ്.
കലാഭവന്‍ നവാസ് എന്ന പേരിനൊപ്പം തന്നെ ആളുകള്‍ ചേര്‍ത്തു പറഞ്ഞിരുന്ന പേരാണ് ഭാര്യ രഹ്നയുടേത്. നടിയായ രഹ്ന നീണ്ടൊരു ഇടവേളയ്ക്ക് ഈയ്യടുത്ത് അഭിനയത്തിലേക്ക് തിരികെ വന്നിരുന്നു. ഇപ്പോഴിതാ രഹ്നയേയും നവാസിനേയും കുറിച്ച് നടി തെസ്നി ഖാന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
'നവാസിന്റെ മരണം ഭയങ്കര വേദനയാണ്. നവാസ് മരിക്കുന്നത് വെള്ളിയാഴ്ചയാണ്. അതിനു മുന്‍പൊരു ദിവസം കലാഭവനിലെ ഒരു വര്‍ക്ക് ഷോപ്പില്‍ പങ്കെടുക്കാന്‍ വന്നിരുന്നു. നിനക്ക് സുഖാണോ, ഉമ്മയ്ക്ക് സുഖാണോടി എന്നൊക്കെ വിശേഷം ചോദിച്ച് പിരിഞ്ഞതാണ്. ഓര്‍ക്കാന്‍ കൂടി പറ്റുന്നില്ല.
നവാസും രഹ്നയും തമ്മില്‍ അത്രയും സ്‌നേഹത്തില്‍ ആയിരുന്നു. ആ സ്‌നേഹത്തിന് കണ്ണ് തട്ടിയത് ആണോ എന്നോര്‍ത്ത് പോകാറുണ്ട്. ആ കുട്ടിയ്ക്ക് മുന്നോട്ട് ജീവിക്കാനുള്ള കരുത്ത് പടച്ചവന്‍ കൊടുക്കട്ടെ. മൂന്നു പിള്ളേരല്ലേ. നവാസ് ഇല്ലാതെ രഹ്നയ്ക്ക് ജീവിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞാലും, ആ കരുത്ത് പടച്ചവന്‍ കൊടുക്കണം. ജീവിക്കാനുള്ള ശക്തി കൊടുക്കണം.
ജീവിച്ചു കാണിച്ചു കൊടുക്കണം. ആ മൂന്നു കുഞ്ഞുങ്ങളെയും ഓരോ നിലയില്‍ എത്തിക്കണം. പറക്കമുറ്റാത്ത കുഞ്ഞുങ്ങള്‍ ആണിപ്പോള്‍ അവര്‍. പഠിക്കുവാണ് ആ കുട്ടികള്‍. ഒന്നുമൊന്നും ആയിട്ടില്ല. എനിക്ക് രഹ്നയെ ഒന്ന് കാണാന്‍ പോകണം. അന്ന് ഞാന്‍ ഒരുനോക്ക് കണ്ടിരുന്നു. എന്റെ ഹൃദയം തകര്‍ന്ന് പോയി. എനിക്ക് തന്നെ കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റാതെയായി. ഞാന്‍ കൂടുതല്‍ ഫേസ് ചെയ്തില്ല. ജസ്റ്റ് ഒന്ന് നോക്കിയിട്ട് മാറി നിന്നു.
ഇനി ഒന്ന് പോയി കണ്ടിട്ട് സംസാരിച്ച് മുന്നോട്ട് വരാനുള്ള കരുത്ത് കൊടുക്കണം. അതായിരിക്കും ഖബറില്‍ കിടക്കുന്ന നവാസിന്റെ സന്തോഷം. അല്ലാതെ കരഞ്ഞ് തളര്‍ന്നു പോകുന്നത് ആയിരിക്കില്ല. ഖബറില്‍ നവാസ് കരയാന്‍ ഇടവരരുത്. അവിടെ നവാസിനു സന്തോഷം വരണമെങ്കില്‍ രഹ്ന മുന്നോട്ട് ജീവിച്ചു കാണിച്ചു കൊടുക്കണം. മൂന്ന് കുട്ടികളെയും അന്തസ്സായി വളര്‍ത്തണം. ഇതൊക്കെ നേരിട്ട് കണ്ടിട്ട് വേണം രഹ്നയോട് സംസാരിക്കാന്‍ ' എന്നാണ് തെസ്‌നി ഖാന്‍ പറഞ്ഞത്
നവാസ് നന്നായി ആരോഗ്യം ശ്രദ്ധിക്കുന്ന വ്യക്തിയായിരുന്നുവെന്നും ഓരോരുത്തര്‍ക്കും ഓരോ വിധിയാണെന്നും തെസ്നി ഖാന്‍ കൂട്ടിച്ചേര്‍ത്തു. വേണ്ടവിധത്തില്‍ സിനിമ നവാസിന്റെ കഴിവ് ഉപയോഗിച്ചിട്ടില്ലെന്നും ഓരോരുത്തരും മരിച്ച് കഴിയുമ്പോഴാണ് അത് മനസിലാകുന്നതെന്നും തെസ്നി ഖാന്‍ പറഞ്ഞു..അങ്ങനെ കുറേ പേരുണ്ട്. ചിലപ്പോള്‍ ഓരോരുത്തരുടേയും ഭാഗ്യവും സമയവുമാകും. ചിലപ്പോള്‍ ഒട്ടും അഭിനയിക്കാന്‍ അറിയാത്തവരായിരിക്കും രക്ഷപ്പെട്ട് പോകുന്നത്..സിനിമ എന്ന് പറയുന്നത് ഒരു ഭാഗ്യമാണ്. ഇത്ര വര്‍ഷമായിട്ടും എനിക്ക് വലിയ റോളുകളൊന്നും ലഭിച്ചിട്ടില്ല. പക്ഷേ ഇത്രയൊക്കെ എത്തിയല്ലോ എന്നാണ് ഞാന്‍ വിചാരിക്കുന്നത്.'-തെസ്നി ഖാന്‍ കൂട്ടിച്ചേര്‍ത്തു.