അങ്കമാലി ഡയറീസിലൂടെ വെള്ളിത്തിരിയില്‍ അരങ്ങേറിയ താരമാണ് അപ്പാനി ശരത്. മലയാളത്തിലും തമിഴിലും സുപരിചിതനായ താരം ഇത്തവണത്തെ ബിഗ്‌ബോസ് മലയാളത്തിലും മാറ്റുരയ്ക്കുന്നുണ്ട്. ഇപ്പോഴിതാ ബിഗ് ബോസില്‍ ആദ്യ ആഴ്ച പിന്നിട്ടതിനു പിന്നാലെ, ശരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണങ്ങള്‍ നടക്കുന്നുവെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും
ശരത്തിന്റെ കുടുംബത്തെ വരെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് നെഗറ്റീവ് ഇമേജ് സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നുണ്ട് എന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കും എന്നും കുടുംബം വ്യക്തമാക്കി.ഗര്‍ഭിണിയായ ഭാര്യയെ ഉള്‍പ്പെടെ, ശരത്തിന്റെ കുടുംബത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് നെഗറ്റീവ് ഇമേജ് സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ശരതിന്റെ കുടുംബം വ്യക്തമാക്കി. താരത്തിന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
''സിനിമ നടന്‍ ശരത് കുമാര്‍, മലയാളികള്‍ക്ക് പ്രിയപ്പെട്ട ശരത് അപ്പാനി ഇപ്പോള്‍ ബിഗ് ബോസ് മലയാളം സീസണ്‍ 7 ല്‍ മത്സരാര്‍ത്ഥിയായി പങ്കെടുക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ മലയാളി പ്രേക്ഷകര്‍ ശരത്തിന്റെ പലമുഖങ്ങളും കണ്ടു.. ചിരിയും തമാശകളും കുടുംബത്തെ കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ സംഭാഷണങ്ങളും സഹമത്സരാര്‍ത്ഥികളെ പിന്തുണയ്ക്കുന്ന മനസും ചിലപ്പോള്‍ കോപം പ്രകടിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളും. ആദ്യ വാരാന്ത്യ എപ്പിസോഡില്‍ പദ്മശ്രീ മോഹന്‍ലാല്‍ ഇതേക്കുറിച്ചു ശരത്തിനോട് സംസാരിച്ചു. ശരത് അത് വിനീതമായും തുറന്ന മനസോടെയും ഏറ്റുവാങ്ങി. ക്യാമറയ്ക്കായി അഭിനയിക്കാതെ, മുഖംമൂടി ധരിക്കാതെ യഥാര്‍ത്ഥ സ്വഭാവം പുറത്തുകൊണ്ടുവരുന്ന വ്യക്തിയാണ് ശരത്ത്.
കഴിഞ്ഞ ഒരാഴ്ചയായി, പലയിടങ്ങളിലും ശരത്തിന്റെ ഇമേജ് വളച്ചൊടിക്കാന്‍ ശ്രമിക്കുന്നതായി ഞങ്ങള്‍ കണ്ടു. തിരഞ്ഞെടുത്ത എഡിറ്റിംഗ്, തെറ്റിദ്ധരിപ്പിക്കുന്ന കഥകള്‍, ശരത്തിന്റെ അച്ഛനേയും അമ്മയേയും ഭാര്യയേയും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കല്‍ എന്നിവയിലൂടെ നെഗറ്റീവ് ഇമേജ് സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പ്രത്യേകിച്ച് ശരത്തിന്റെ ഭാര്യ ഇപ്പോള്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍, ഇത്തരം വ്യക്തിപരമായ ആക്രമണങ്ങള്‍ ഏത് മാന്യതയുടെ പരിധിയും ലംഘിക്കുന്നു. ശരത്തിന്റെ പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ പേജുകള്‍ ഉണ്ടാക്കി തെറ്റായതോ ദോഷകരമായതോ ആയ ഉള്ളടക്കം പ്രചരിപ്പിക്കുന്നതും കണ്ടിട്ടുണ്ട്. ശരത്തിനെ കുറിച്ചുള്ള വിശ്വസനീയമായ വിവരങ്ങള്‍ ലഭ്യമാകുന്ന ഏക ഔദ്യോഗിക പ്ലാറ്റ്ഫോം ശരത്തിന്റെ സോഷ്യല്‍ മീഡിയ മാത്രമാണ് എന്ന് വ്യക്തമാക്കട്ടെ.
ശരത് അപ്പാനി ആര്‍മി എന്ന പേരില്‍ ഒരുമിച്ച് കൂടിയ അനേകം സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും ഞങ്ങള്‍ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു. നിങ്ങളുടെ സ്നേഹവും വിശ്വാസവും വളരെ വിലപ്പെട്ടതാണ്. എന്നാല്‍ വ്യാജ അക്കൗണ്ടുകളേയും തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കത്തേയും വിശ്വസിക്കാതിരിക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ശരത് എപ്പോഴും തുറന്ന സ്വഭാവം ഉള്ളവനാണ്. നേരുള്ളവനാണ്. തന്റെ നിലപാടുകള്‍ക്ക് വേണ്ടി നിലനില്‍ക്കുന്ന ഒരാള്‍ ആണ്. വിശാലഹൃദയരായ എല്ലാ മലയാളികളുടേയും പിന്തുണ ശരത്തിന് ആവശ്യമുണ്ട്. കൂടുതല്‍ നെഗറ്റിവിറ്റിയും വ്യാജവാര്‍ത്തകളും വ്യക്തിപരമായ ആക്രമണങ്ങളും തുടരുകയാണെങ്കില്‍ ശരത്തിന്റെ സുഹൃത്തുക്കളും കുടുംബവും ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുന്നതാണ് എന്നും ഞങ്ങള്‍ വ്യക്തമാക്കുന്നു. നിങ്ങളുടെ വോട്ടുകളും പോസിറ്റീവ് എനര്‍ജിയും ശരത്തിന് തല ഉയര്‍ത്തി മുന്നോട്ട് പോകാന്‍ സഹായിക്കും. മലയാളി പ്രേക്ഷകര്‍ സ്‌ക്രിപ്റ്റ് ചെയ്ത പിആര്‍ വര്‍ക്കുകളേക്കാള്‍ യാഥാര്‍ത്ഥ്യത്തെ വിലമതിക്കുന്നു എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. സത്യം എപ്പോഴും ഉച്ചത്തില്‍ സംസാരിക്കും. അത് കേള്‍ക്കുന്നു എന്ന് ഉറപ്പ് വരുത്തുക.
അപ്പാനി ശരത്തിന്റെ കുടുംബവും സുഹൃത്തുക്കളും
ഇതിനിടെ ഹൗസിനുള്ളിലെത്തിയ ശരത് തന്റെ ജീവിതാനുഭവങ്ങള്‍ പറഞ്ഞതാണ് വൈറലാകുന്നത്.
നടന്റെ വാക്കുകള്‍ ഇങ്ങനെ: എനിക്ക് ഒരു വയസ്സുള്ളപ്പോഴാണ് അച്ഛന്‍ മരിച്ചത്. എന്റെ ചോറൂണിനായി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയപ്പോള്‍ അച്ഛന്‍ തലകറങ്ങി വീണു. ഒരു വര്‍ഷത്തിനുള്ളില്‍ അച്ഛന്‍ മരിച്ചു. 19 വയസ്സില്‍ അമ്മ വിധവയായി. അത്രകാലം മനോഹരമായ ജീവിതമായിരുന്നു ഞങ്ങളുടേത്. അച്ഛന്‍ മരിച്ചതോടെ അമ്മ എന്നെയും കൂട്ടി അമ്മയുടെ വീട്ടിലെത്തി. ഒരു ചെറിയ വീടായിരുന്നു അത്. അക്കാലത്ത് തനിക്കൊരു അസുഖം ബാധിച്ചു. ചിക്കന്‍ പോക്‌സു പോലെ ശരീരമെല്ലാം കുരുക്കള്‍ നിറഞ്ഞു. ആരും എടുക്കാന്‍ മടിക്കും. അമ്മ ഒത്തിരി കഷ്ടപ്പെട്ടു. എന്നെയും കൊണ്ട് കുടക്കമ്പനിയില്‍ ജോലിക്കു പോകും. എന്റെ അസുഖം കാരണം ബസില്‍ ആരും അടുത്തു പോലും ഇരിക്കില്ല. പിന്നീട് എന്നെ ഇഷ്ടപ്പെട്ട് ഒരാള്‍ ഞങ്ങളുടെ ജീവിതത്തിലേക്കു വന്നു. അദ്ദേഹത്തെയാണ് താന്‍ ആദ്യമായി അച്ഛാ എന്നു വിളിച്ചത്. അച്ഛനില്ലാത്തതിന്റെ സങ്കടം ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല. എന്റെ ഭാഗ്യം. പിന്നീട് അമ്മയും അച്ഛനും വിവാഹിതരായി''.- ശരത് പറഞ്ഞു.