ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവും കന്നഡ നടനുമായ സഞ്ചാരി വിജയ് വാഹനാപകടത്തെ തുടർന്ന് അന്തരിച്ചു. 38 വയസാണ് പ്രായം. ബെംഗളുരു എൽ ആൻഡ് ടി സൗത്ത് സിറ്റിയിലെ ജെപി നഗർ സെവൻത് ഫേസിൽ വെച്ച് ശനിയാഴ്ച രാത്രിയാണ് അപകടം നടന്നത്.
നടനും സുഹൃത്തും ഒരുമിച്ച് സഞ്ചരിച്ചിരുന്ന ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് റോഡിൽ തെന്നിമറിയുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സുഹൃത്ത് നവീനാണ് ബൈക്ക് ഓടിച്ചിരുന്നത്. പുറകിലിരുന്ന വിജയിക്ക് തലയ്ക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇയാളുടെ പരിക്ക് ഗുരുതരമല്ല.
അപകടത്തെ തുടർന്ന് ബംഗളുരു സിറ്റി ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ആയിരുന്നു ഇരുവരുടെയും ചികിത്സ. അപകടത്തിൽ സഞ്ചാരി വിജയ്‌യുടെ തലയ്ക്ക് പരിക്ക് ഏൽക്കുകയും ചെയ്തു. തലച്ചോറിൽ രക്തം കട്ടപിടിച്ചിട്ടുള്ളതിനാൽ അടിയന്തരമായി ശസ്ത്രക്രിയ ആവശ്യമാണെന്നും ന്യൂറോസർജനായ അരുൺ നായക് അറിയിച്ചതായി വിവിധ മാധ്യമങ്ങൾ nerathae തന്നെ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.
മരുന്നുവാങ്ങുന്നതിനായി ഇരുവരും ഒരുമിച്ച് പുറത്തുപോയപ്പോഴാണ് അപകടം നടന്നത്. ബനേർഘട്ട റോഡിലുള്ള വീട്ടിലാണ് വിജയ് താമസിക്കുന്നത്. ശനിയാഴ്ച നവീൻ വീട്ടിൽ ഭക്ഷണം കഴിക്കുന്നതിനായി വിജയിയെ ക്ഷണിച്ചിരുന്നു. അതിനുശേഷമാണ് ഇരുവരും മെഡിക്കൽ ഷോപ്പിലേക്ക് പോയിരുന്നത്. മഴയായിരുന്നതിനാൽ റോഡ് തെന്നുന്നുണ്ടായിരുന്നതായും അതാണ് അപകടത്തിലേക്ക് നയിച്ചതായി കരുതുന്നതെന്നും നവീൻ പോലീസിനോട് പറഞ്ഞിട്ടുണ്ട്.
നാനു അവനല്ല എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുള്ളയാളാണ് വിജയ്. ആക്ട് 1978 എന്ന സിനിമയാണ് ഒടുവിൽ പുറത്തിറങ്ങിയത്.