മമ്മൂട്ടി ആരാധകരുടെ കഥ പറയുന്ന ചിത്രം 'ഇക്കയുടെ ശകടം ഇന്ന് തിയേറ്ററിലെത്തും. അപ്പാനി ശരത്തും ഡിജെ തൊമ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രിൻസ് അവറാച്ചനാണ്.
ഇന്ന് തീയേറ്ററുകളിൽ എത്താനിരിക്കെ ചിത്രത്തിന്റെ പുതിയ ട്രെയ്‌ലർ അണിയറക്കാർ പുറത്ത് വിട്ടു, ചിത്രത്തിന്റെ കഴിഞ്ഞദിവസം പുറത്തെത്തിയ ടീസർ വിവാദത്തിലായിരുന്നു. മമ്മൂട്ടി ആരാധകരുടെ കഥ പറയുന്ന ചിത്രത്തിൽ മോഹൻലാലിനെ പരിഹസിക്കുന്ന രംഗങ്ങളുണ്ടെന്നായിരുന്നു ആരോപണം. എന്നാൽ ഇത് നിഷേധിച്ച് രംഗത്തെത്തിയ അണിയറപ്രവർത്തകർ ടീസറിന് ആസ്പമമാക്കിയ രംഗത്തിന്റെ ഫുൾ ലെങ്ത് വീഡിയോ പുറത്തുവിട്ടിരുന്നു.
കോമഡി ഫാന്റസി ത്രില്ലർ ഴോണറിലുള്ള സിനിമയാണെന്നും പരീക്ഷണാടിസ്ഥാനത്തിലുള്ള സിനിമയാണെന്നുമാണ് സംവിധായകന്റെ പക്ഷം. പോപ്പ് സിനിമാസ് നിർമ്മിക്കുന്ന 'ഇക്കയുടെ ശകട'ത്തിന്റെ ഛായാഗ്രഹണം വിദ്യാശങ്കർ ആണ്. എഡിറ്റർ വിഷ്ണു വേണുഗോപാൽ. ചാൾസ് നസരെത്ത് ആണ് സംഗീതം.
ഹോംലി മീൽസ്, ഇടി എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ഡൊമിനിക് തൊമ്മി ആണ് മമ്മൂട്ടി ആരാധകനായി എത്തുന്നത്. അയ്യപ്പൻ എന്ന ടാക്സി ഡ്രൈവറുടെ വേഷമാണ് ഡൊമിനിക് തൊമ്മി അവതരിപ്പിക്കുന്നത്.