കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു ബോളിവുഡ് താരം കത്രീനാ കൈഫിന്റെ 39-ാം ജന്മദിനം. മാലിദ്വീപില്‍ ഭര്‍ത്താവ് വിക്കി കൗശലിനും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമായിരുന്ു നടിയുടെ ജന്മദിനാഘോഷം. പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
ചലച്ചിത്ര നിര്‍മ്മാതാവ് കബീര്‍ ഖാനും ഭാര്യ മിനി മാത്തൂര്‍, നടി ഇലിയാന ഡിക്രൂസ്, അംഗീര ധര്‍, സംവിധായിക കരിഷ്മ കോഹ്ലി, കത്രീനയുടെ ഇളയ സഹോദരി ഇസബെല്‍ കൈഫ് ,വിക്കി കൗശലിന്റെ സഹോദരന്‍ സണ്ണി കൗശല്‍, കാമുകി ശര്‍വാരി വാഗ്, കത്രീനയുടെ സഹോദരന്‍ സെബാസ്റ്റിയന്‍ ലോറന്റ് മൈക്കല്‍, എന്നിവരെല്ലാം ആഘോഷത്തില്‍ പങ്കെടുത്തു.
ഇതില്‍ ഇല്യാന ഡിക്രൂസിന്റെ സാന്നിധ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഇല്യാനയും കത്രീനയുടെ സഹോദരന്‍ സെബാസ്റ്റിയനും പ്രണയത്തിലാണെന്നാണ് ബോളിവുഡ് പാപ്പരാസികള്‍ കണ്ടെത്തിയത്.ഇരുവരും ആറു മാസമായി പ്രണയത്തിലാണെന്നും ബാന്ദ്രയിലെ കത്രീനയുടെ വസതിയിലും ഇല്യാനയുടെ വസതിയിലും ഇരുവരേയും ഒരുമിച്ചു കാണാറുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കത്രീനയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇല്യാന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുമുണ്ട്. ബീച്ചില്‍ നിന്നെടുത്ത ചിത്രങ്ങളാണിത്. ഒരല്‍പം ജന്മദിന
കേക്ക് എന്ന കുറിപ്പും ഇതിനൊപ്പം ഇല്യാന കുറിച്ചിട്ടുണ്ട്. നേരത്തെ ഫോട്ടോഗ്രാഫര്‍ ആന്‍ഡ്ര്യൂ നീബോണുമായി പ്രണയത്തിലായിരുന്നു ഇല്യാന. വര്‍ഷങ്ങള്‍ നീണ്ട ബന്ധത്തിനൊടുവില്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. അതിനുശേഷം കുറച്ചുനാളായി താരം സിംഗിള്‍ ലൈഫ് ആസ്വദിക്കുകയായിരുന്നു.
ബോളിവുഡിലും തെന്നിന്ത്യയിലും അഭിനയിച്ച താരം കുറിച്ചുകാലമായി അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. സ്വന്തം ശരീരത്തെ കുറിച്ച് ചിന്തിച്ച് ആശങ്കപ്പെടുന്ന ബോഡി ഡിസ്മോര്‍ഫിക് ഡിസോര്‍ഡര്‍ എന്ന അവസ്ഥയിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്നും ആത്മഹത്യാ പ്രവണത വരെ തനിക്കുണ്ടായിരുന്നെന്നും ഇല്യാന 2017-ല്‍ തുറന്നുപറഞ്ഞിരുന്നു. ശരീരഭംഗി സൂക്ഷിച്ചിരുന്ന താരം ഭാരം കൂടിയത് വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ മാനസിക പ്രശ്നത്തെ കുറിച്ച് ഇല്യാന മനസുതുറന്നത്.
കത്രീനയുടെ ഏക സഹോദരനാണ് സെബാസ്റ്റിയന്‍. ആറു സഹോദരിമാരും കത്രീനയ്ക്കുണ്ട്. ഫര്‍ണിച്ചര്‍ ഡിസൈനറായ സെബാസ്റ്റിയന്‍ ലണ്ടനിലാണ് താമസം. കത്രീനയുടെ വിവാഹത്തിന് ഇന്ത്യയിലെത്തിയിരുന്നു. ഹോങ്കോങ്ങില്‍ ജനിച്ച കത്രീനയുടെ അമ്മ സൂസന്നെ ബ്രിട്ടീഷ് വംശജയാണ്. അച്ഛന്‍ മുഹമ്മദ് കൈഫ് കശ്മിര്‍ സ്വദേശിയാണ്.