പരസ്യത്തിന്റെ ചിത്രീകരണത്തിനിടെ ജൂനിയര്‍ എന്‍ടിആറിന് പരിക്കേറ്റു. ഹൈദരാബാദില്‍ വച്ചാണ് അപകടമുണ്ടായത്. എന്‍ടിആറിന്റെ ടീം തന്നെയാണ് വിവരം അറിയിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിശ്രമം ആവശ്യമാണെന്നും ടീം അറിയിച്ചു. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
മാദ്ധ്യമങ്ങള്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. രണ്ടാഴ്ച വിശ്രമത്തില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അപകടത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.....
ടീം പുറത്തുവിട്ട പ്രസ്താവനയില്‍, ''ജൂനിയര്‍ എന്‍ടിആറിന് പരസ്യചിത്രീകരണത്തിനിടെ ഒരു ചെറിയ പരിക്ക് പറ്റി. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമനുസരിച്ച് രണ്ടാഴ്ചത്തേക്ക് അദ്ദേഹം വിശ്രമിക്കും. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്, അതിനാല്‍ ആരും ആശങ്കപ്പെടേണ്ടതില്ല. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് ആരാധകരോടും മാധ്യമങ്ങളോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു'' എന്ന് വ്യക്തമാക്കി.
ജൂനിയര്‍ എന്‍ടിആര്‍ നായകനായ ഏറ്റവും പുതിയ ചിത്രം 'വാര്‍ 2' ആണ്. ഇതിന് പുറമെ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന 'ഡ്രാഗണ്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാന്‍ ഒരുങ്ങുകയായിരുന്നു താരം. അടുത്ത വര്‍ഷം ജൂണില്‍ ഈ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രത്തിലും ജൂനിയര്‍ എന്‍ടിആര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.