അന്തരിച്ച നടി സുബി സുരേഷിന്റെ പ്രൊഫഷണലിസത്തെക്കുറിച്ചുള്ള ഒരപൂര്‍വാനുഭവം പങ്കുവെച്ച് സംവിധായകന്‍ ലാല്‍ ജോസ്. ഒരു ചടങ്ങിനിടെ നടന്ന അപ്രതീക്ഷിതമായി സംഭവത്തെകുറിച്ചാണ് അദ്ദേഹം യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയത്. 2023-ല്‍ കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അകാലത്തില്‍ പൊലിഞ്ഞ സുബിയെ മലയാളികള്‍ ഇന്നും വേദനയോടെ ഓര്‍ക്കുന്നു. സ്റ്റേജില്‍ പൊട്ടിച്ചിരികള്‍ സൃഷ്ടിച്ചിരുന്ന, പ്രൊഫഷണലായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു കലാകാരിയെ ഒരിക്കലും മറക്കാന്‍ സാധിക്കില്ലെന്ന് ലാല്‍ ജോസ് എടുത്തുപറഞ്ഞു.
സംഭവം നടന്നത് 'മീശമാധവന്‍' എന്ന ചിത്രത്തിന്റെ 202-ാം ദിവസത്തെ വിജയാഘോഷവും ലാല്‍ ജോസ് സംവിധാനം ചെയ്ത 'പട്ടാളം' എന്ന സിനിമയുടെ ഓഡിയോ ലോഞ്ചും ഒരേ ദിവസം കൊച്ചിയില്‍ നടന്ന വലിയൊരു പരിപാടിയിലാണ്. മെഗാ സ്റ്റാറുകളായ മമ്മൂട്ടി, ദിലീപ്, കാവ്യ മാധവന്‍ തുടങ്ങിയ പ്രമുഖര്‍ വേദിയില്‍ അണിനിരന്ന ഈ ചടങ്ങില്‍ ചില അപാകതകള്‍ സംഭവിച്ചിരുന്നതായും ലാല്‍ ജോസ് ഓര്‍മ്മിച്ചു.
പരിപാടികള്‍ക്ക് ആളുകളെ സ്വാഗതം ചെയ്ത ശേഷം, ലാല്‍ ജോസ് സ്റ്റേജിന്റെ ഒരു വശത്തുള്ള ഗ്രീന്‍ റൂമിനടുത്തിരുന്ന് ചില കുറിപ്പുകള്‍ എഴുതുകയായിരുന്നു. അതേസമയം, സുബിയും ടിനിയും ചേര്‍ന്ന് ഒരു സ്‌കിറ്റ് അവതരിപ്പിക്കുകയായിരുന്നു. അടുത്ത രംഗത്തിനായി വേഷം മാറുന്നതിന് സുബി ധൃതിയില്‍ ഗ്രീന്‍ റൂമിലേക്ക് ഓടിയെത്തി. താന്‍ അവിടെ ഇരിക്കുന്നത് സുബി കണ്ടിരുന്നില്ലെന്ന് ലാല്‍ ജോസ് പറയുന്നു. വന്നയുടന്‍ അവള്‍ ധരിച്ചിരുന്ന നൈറ്റി ഊരിമാറ്റിയപ്പോഴാണ് തന്നെ കാണുന്നത്.
ഒരൊറ്റ നിമിഷം എന്തു ചെയ്യണമെന്നറിയാതെ താനും സുബിയും ഞെട്ടിപ്പോയെന്ന് ലാല്‍ ജോസ് വിവരിച്ചു. അന്ന് സുബി ഒരു ചെറിയ പെണ്‍കുട്ടിയായിരുന്നുവെന്നും തനിക്ക് പെട്ടെന്ന് അവിടെ നിന്ന് മാറിപ്പോകാന്‍ സാധിക്കുമായിരുന്നില്ലെന്നും അദ്ദേഹം ഓര്‍മ്മിച്ചു. എന്നാല്‍, കൂടുതല്‍ ഒന്നും ചിന്തിക്കാതെ, അടുത്ത കോസ്റ്റ്യൂം എടുത്ത് സുബി വേദിയിലേക്ക് മടങ്ങിയെന്ന് ലാല്‍ ജോസ് പറഞ്ഞു. ഒരു പെണ്‍കുട്ടിക്ക്, അന്യപുരുഷന്റെ മുന്നില്‍ വെച്ച് അപ്രതീക്ഷിതമായി വസ്ത്രം മാറേണ്ടി വരുന്ന സാഹചര്യം വളരെ വിഷമം പിടിച്ച ഒന്നാണെങ്കിലും, സുബി ആ നിമിഷം പ്രൊഫഷണലായും കൈകാര്യം ചെയ്‌തെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങള്‍ക്കിപ്പുറം 'എല്‍സമ്മ എന്ന ആണ്‍കുട്ടി' എന്ന സിനിമയില്‍ അഭിനയിക്കാന്‍ താന്‍ സുബിയെ ക്ഷണിക്കുന്നതിന് ഈ സംഭവം നിമിത്തമായിരുന്നില്ലെന്നും ലാല്‍ ജോസ് വെളിപ്പെടുത്തി.