തിരുവനന്തപുരം: നർത്തകി എന്ന നിലയിലും ശ്രദ്ധേയയാണ് മഞ്ജുവാര്യർ.നൃത്തത്തെ സ്‌നേഹിക്കുന്ന കുടുംബത്തിൽ മഞ്ജുവാര്യർക്ക് മുന്നെ നൃത്തം പഠിച്ചിരുന്നത് താനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മധു വാര്യർ. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മധു തന്റെ ഓർമ്മകൾ പങ്കുവെച്ചത്.
മഞ്ജു വാര്യർക്കും മുൻപേ നൃത്തം പഠിക്കാൻ ആരംഭിച്ചത് താൻ ആയിരുന്നെന്നും പിന്നീട് മഞ്ജു നൃത്തം പഠിക്കാൻ തുടങ്ങിയതോടെ ടീച്ചർ തന്നെ പഠിപ്പിക്കുന്നത് നിർത്തി എന്നും മധു അഭിമുഖത്തിൽ പറയുന്നു.'ശരിക്കും മഞ്ജുവിനേക്കാൾ മുന്നേ നൃത്തം പഠിക്കാൻ തുടങ്ങിയത് ഞാനാണ്. എന്നെ ഡാൻസ് പഠിപ്പിക്കാനാണ് ടീച്ചർ വന്നത്. എന്നെ പഠിപ്പിക്കുന്നത് കണ്ട് അന്ന് ചെറിയ കുട്ടിയായിരുന്ന മഞ്ജുവും കൂടെ കളിക്കാൻ തുടങ്ങി.അത് കണ്ടതോടെ ടീച്ചർ പറഞ്ഞു, ഇവൾ മിടുക്കിയാണല്ലോ, എന്ന്. അങ്ങനെ എന്റെ നൃത്തപഠനം നിർത്തി മഞ്ജുവിനെ പഠിപ്പിച്ചു തുടങ്ങുകയായിരുന്നു,'' മധു പറഞ്ഞു.
നടനും നിർമ്മാതാവും എന്ന ലേബിലിൽ നിന്ന് മാറി സംവിധായകന്റെ കുപ്പായം കൂടി അണിയുകയാണ് ഇപ്പോൾ മധുവാര്യർ.മധു വാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലളിതം സുന്ദരം'. മഞ്ജു വാര്യർ, ബിജു മേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് മഞ്ജു വാര്യർ തന്നെയാണ്.ഇരുപത് വർഷത്തിന് ശേഷം മഞ്ജു വാര്യരും ബിജു മേനോനും ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ലളിതം സുന്ദരത്തിനുണ്ട്. കണ്ണെഴുതി പൊട്ടും തൊട്ട്, പത്രം എന്നീ ചിത്രങ്ങളിലായിരുന്നു ഇരുവരും അവസാനം ഒരുമിച്ചഭിനയിച്ചത്.
കഴിഞ്ഞ ഓണത്തിന് ലളിതം സുന്ദരം എന്ന ചിത്രം റിലീസ് ചെയ്യാനായിരുന്നു ഉദ്ദേശിച്ചിരുന്നതെന്നും എന്നാൽ കോവിഡ് കാരണം രണ്ട് ഷെഡ്യൂളുകളായി ചിത്രീകരിച്ചതിനാൽ റിലീസ് നീണ്ട് പോകുകയായിരുന്നു എന്നും മധു വാര്യർ അഭിമുഖത്തിൽ പറഞ്ഞു. കാമ്പസ് ആയിരുന്നു മധു വാര്യർ അഭിനയിച്ച ആദ്യ ചിത്രം. അമ്പതോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം സ്വ.ലേ, മായാമോഹിനി എന്നീ ചിത്രങ്ങളുടെ നിർമ്മാതാവ് കൂടിയാണ്.