വിജയ്-അജിത്ത് ആരാധകര്‍ ഏറെ ആഘോഷിച്ച ദിവസമായിരുന്നു സെപ്റ്റംബര്‍ 12. യുകെയിലെ സില്‍വര്‍സ്റ്റോണില്‍ നടന്ന മിഷെലിന്‍ ലെ മാന്‍സ് കപ്പ് റേസില്‍ അജിത്ത് മത്സരിക്കാനെത്തിയപ്പോള്‍ വിജയ് അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ നേരിട്ടെത്തുകയായിരുന്നു. റേസിന് മുന്നോടിയായി വിജയ് ചടങ്ങില്‍ പച്ചക്കൊടി വീശുകയും ചെയ്തു. ഇരുവരും കണ്ടുമുട്ടിയതിന്റെയും സൗഹൃദത്തോടെ ആലിംഗനം ചെയ്തതിന്റെയും ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി
എന്നാല്‍ വിജയ്-അജിത്ത് കൂടിക്കാഴ്ചയുടെ ആഘോഷത്തിനിടെ അജിത്തിനെതിരെ വിമര്‍ശനമുയര്‍ത്തുന്ന മറ്റൊരു വിഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ആരാധകനോട് താരം പ്രതികരിച്ച രീതിയാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്.
അജിത്ത് നടന്നുപോകുന്നതിനിടെ ഒരു ആരാധകന്‍ മുന്നിലെത്തി സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതാണ് വിഡിയോയില്‍ കാണുന്നത്. ആരാധകന്‍ വഴി തടഞ്ഞതോടെ അജിത്ത് അസ്വസ്ഥത പ്രകടിപ്പിക്കുകയും കൈ അരയില്‍വെച്ച് രൂക്ഷമായി നോക്കുകയും ചെയ്യുന്നു. പിന്നാലെ ബോഡിഗാര്‍ഡ് ഇടപെട്ട് ആരാധകനെ മാറ്റി വഴി തുറന്നുകൊടുത്തു. എന്നാല്‍ അതിനുശേഷവും ഏതാനും നിമിഷങ്ങള്‍ അജിത്ത് ആരാധകനെ രൂക്ഷമായി നോക്കുന്നതായി വിഡിയോയില്‍ കാണാം.
ഈ പെരുമാറ്റമാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ആരാധകരെ ചൊടിപ്പിച്ചത്. ആരാധകരില്ലെങ്കില്‍ അജിത്തിന്റെ താരമൂല്യത്തിന് അര്‍ഥമില്ലെന്ന തരത്തിലുള്ള കമന്റുകളാണ് ചിലര്‍ പങ്കുവച്ചത്. ആരാധകരോട് കുറച്ചുകൂടി സൗഹാര്‍ദപരമായി പെരുമാറാമായിരുന്നുവെന്നും ചിലര്‍ അഭിപ്രായപ്പെട്ടു
ഇത്രയും ആറ്റിറ്റിയൂഡ് എന്തിനാണ്?' എന്ന ചോദ്യവുമായി മറ്റൊരാള്‍ രംഗത്തെത്തി. ആരാധകരില്ലായിരുന്നെങ്കില്‍ അജിത്തിനും കുടുംബത്തിനും ഈ താരപദവി ലഭിക്കുമായിരുന്നില്ലെന്നും, ഒരു പുഞ്ചിരിക്ക് വലിയ വിലയൊന്നുമില്ലെന്നും മറ്റൊരു കമന്റില്‍ വിമര്‍ശനമുണ്ട്. റേസിങ് മത്സരങ്ങളില്‍ ആരാധകരെ നേരിടുന്ന മറ്റ് ആഗോള താരങ്ങളെ പരാമര്‍ശിച്ചുകൊണ്ടുള്ള താരതമ്യങ്ങളും കമന്റുകളിലുണ്ട്.
അതേസമയം, സില്‍വര്‍സ്റ്റോണിലെത്തിയ വിജയ് അജിത്തിന്റെ സുഹൃത്ത് എന്ന നിലയില്‍ മാത്രമല്ല, തമിഴ്‌നാട് മുഖ്യമന്ത്രിയെന്ന നിലയിലും ചടങ്ങില്‍ പങ്കെടുത്തു. റേസിന് തുടക്കം കുറിക്കുന്നതിനുള്ള ഔദ്യോഗിക പച്ചക്കൊടി വീശിയത് വിജയ് ആയിരുന്നു. മത്സരത്തിന് മുമ്പ് അജിത്ത് വിജയിയെയും സംഘത്തെയും സ്വീകരിക്കുകയും ഇരുവരും ആലിംഗനം ചെയ്യുകയും ചെയ്തു.
ആരാധകരെ അഭിവാദ്യം ചെയ്ത ഇരുവരും പിന്നീട് ഫോട്ടോഗ്രാഫര്‍മാര്‍ക്കായി ഒരുമിച്ച് പോസ് ചെയ്യുകയും ചെയ്തു. ഒരവസരത്തില്‍ അജിത്തിന് വേണ്ടി ആരാധകരോട് കൈയടിക്കാനും വിജയ് ആവശ്യപ്പെട്ടു. മത്സരത്തില്‍ അജിത്തിന്റെ റെഡ്ആന്റ് ബൈ വിരാജ് ടീം 38-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.