റേസിങ് ട്രാക്കിലെ വിനയം ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാകുന്നു. ഒരു റേസിങ് മത്സരശേഷം നീണ്ടനിരയിലുള്ള ആരാധകര്‍ക്കൊപ്പം ക്ഷമയോടെ ചിത്രങ്ങളെടുത്ത തമിഴ് സൂപ്പര്‍താരം അജിത്ത് കുമാറിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. സിനിമയ്ക്ക് അപ്പുറം റേസിങ്ങിനോടും യാത്രകളോടും വലിയ താല്‍പ്പര്യം പ്രകടിപ്പിക്കുന്ന താരമാണ് അജിത്ത്. സ്വന്തമായി ഒരു റേസിങ് ടീം പ്രഖ്യാപിച്ചതിന് പിന്നാലെ റേസിങ് ട്രാക്കുകളില്‍ താരം സജീവമാണ്.
റേസിങ്ങിന് ശേഷമുള്ള ക്ഷീണമൊന്നും പ്രകടിപ്പിക്കാതെ, നൂറുകണക്കിന് ആരാധകര്‍ക്ക് മുന്നില്‍ ശാന്തനായി നില്‍ക്കുന്ന അജിത്തിനെയാണ് കാണാനാകുന്നത്. ഓരോ ആരാധകന്റെയും അരികിലെത്തി പുഞ്ചിരിയോടെ അദ്ദേഹം ഫോട്ടോകള്‍ക്ക് പോസ് ചെയ്യുന്നത് സമൂഹമാധ്യമങ്ങളില്‍ ആരാധകരെ അത്ഭുതപ്പെടുത്തി. അജിത്തിന്റെ ഈ ലളിതമായ ഇടപെഴകല്‍ താരത്തോടുള്ള ബഹുമാനം വര്‍ദ്ധിപ്പിച്ചതായി നിരവധി പേര്‍ കുറിച്ചു. നേരത്തെ, സ്‌പെയിനിലെ സര്‍ക്യൂട്ട് ഡി ബാര്‍സലോണയില്‍ നടന്ന റേസിങ്ങിനിടെ തന്നെ കാണാനെത്തിയ ഒരു ആരാധകന് അജിത്ത് താക്കീത് നല്‍കിയത് വാര്‍ത്തയായിരുന്നു.
ഈ വര്‍ഷം 'വിടാമുയര്‍ച്ചി', 'ഗുഡ് ബാഡ് അഗ്ലി' എന്നീ ചിത്രങ്ങളിലൂടെ അജിത്ത് പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. ഈ രണ്ട് സിനിമകളിലും നായികയായി എത്തിയത് തൃഷയായിരുന്നു. അടുത്തിടെ പാലക്കാട്ടെ കുടുംബ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനെത്തിയ അജിത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വലിയ തരംഗമായിരുന്നു.