മലയാളത്തിന്റെ എക്കാലത്തെയും പ്രിയനായികയാണ് സീമ. ഡാന്‍സര്‍ ആയി എത്തി നായികയായി തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങാനും താരത്തിന് സാധിച്ചു. എന്നാൽ ഇപ്പോൾ തന്റെ ഹിറ്റ് ചിത്രമായ അവളുടെ രാവുകളെക്കുറിച്ചു മനസ്സ് തുറക്കുകയാണ് സീമ. തന്നെ നായിക ആക്കാനുള്ള ധൈര്യം സ്വന്തം കഴിവില്‍ വിശ്വാസമുണ്ടായിരുന്നത് കൊണ്ട് മാത്രമാണ് സംവിധായകന്‍ ഐ.വി ശശിക്ക് ഉണ്ടായതെന്നു സീമ പറയുകയാണ് ഇപ്പോൾ.
' 1977 ഒക്ടോബര്‍ അഞ്ചിനാണ് അവളുടെ രാവുകളുടെ ഷൂട്ട് നിശ്ചയിച്ചിരുന്നത്. ട്രയല്‍ ഷോട്ടായെടുത്തത് ചുവരില്‍ തൂക്കിയിട്ടിരിക്കുന്ന ഫോട്ടോയില്‍ നോക്കി രവികുമാറിനോട് ഇത് നിങ്ങളുടെ അച്ഛനും അമ്മയുമാണോ എന്നു ചോദിക്കുന്ന രംഗമാണ്. എന്റെ സീന്‍ മാത്രമേ എടുത്തുള്ളൂ. അത് പെര്‍ഫെക്‌ട് ആണെങ്കില്‍ അഭിനയിക്കാം. ഇനി നായിക ആയില്ലെങ്കില്‍ തുടര്‍ന്നും ഡാന്‍സിന് തന്നെ പോകേണ്ടിവരും. മണിക്കൂറുകളോളം നീണ്ട ആശങ്ക. വൈകിട്ട് ഷൂട്ട് തുടങ്ങാന്‍ പോകുകയാണ് എന്ന കാര്യം ശശിയേട്ടന്‍ തന്നെയാണ് പറഞ്ഞത്. അപ്പോഴും നായികയാണെന്ന കാര്യം ഞാന്‍ അറിഞ്ഞില്ല. ഒടുവില്‍ ഞാന്‍ തന്നെയാണ് നായികയെന്ന് ഒപ്പം അഭിനയിച്ച രവികുമാറാണ് പറഞ്ഞത്'.
'ശശിയേട്ടന്റെ പുതിയ പടത്തിലെ നായികയാണെന്ന കാര്യം താന്‍ ആരോടും പറഞ്ഞില്ല. ഇനി അഥവാ ഷൂട്ടിങ്ങ് വഴിക്കുവെച്ച് നിര്‍ത്തിവെച്ചാലോ. അപ്പോഴും ഞാന്‍ ഡാന്‍സറായി തന്നെ തുടരേണ്ടി വരില്ലേ. നായികയായി എന്നെ തീരുമാനിച്ചപ്പോള്‍ തന്നെ ചില വലിയ സിനിമാ നിര്‍മാതാക്കള്‍ ശശിയേട്ടനെകുറിച്ച് പലതും പറയാന്‍ തുടങ്ങി. ഇവനെന്താ വട്ടുണ്ടോ ഒരു ഡാന്‍സര്‍ പെണ്ണിനെ കൊണ്ടുവന്ന് നായികയാക്കാന്‍. ഈ ചരക്ക് ചന്തയില്‍ വിറ്റ് പോകുമോ ശശി? എന്നുവരെ ചോദിച്ചവരുണ്ട്.' സീമ പറയുന്നു. മുരളീ മൂവീസിന്റെ രാമചന്ദ്രന്റെ ഉറപ്പിലാണ് അവളുടെ രാവുകള്‍ തന്നെ വച്ച് ആരംഭിച്ചതെന്നും ഒരു മാധയമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്.