അടുത്തിടെയായിരുന്നു ഇന്ത്യൻ ഗാനാസ്വാദകർക്ക് ഏറെ ഗാനങ്ങ സമ്മാനിച്ച എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ മരണം നടന്നിരുന്നത്. ഇപ്പോഴും താരത്തിന്റെ മരണം ഉൾക്കൊള്ളാനാകാതെ ചിലർ കഴിയുകയാണ്. എന്നാൽ ഇപ്പോൾ എസ്പിബിയെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ മകന്‍ എസ് പി ചരണ്‍ പറഞ്ഞ വാക്കുകള്‍ ആണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്.
എസ്പി ചരണിന്റെ വാക്കുകളിലൂടെ
,'അപ്പയുടെ വേര്‍പാട് ഒരിക്കലും നികത്താന്‍ കഴിയാത്ത നഷ്ടമാണ്. ആ ദു:ഖത്തില്‍ നിന്നും കരകയറാന്‍ ഞങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് കുറച്ചധികം സമയം വേണം. കൂടുതല്‍ കരയുന്തോറും നമ്മുടെ മനസ്സ് കൂടുതല്‍ ശക്തമാകുമെന്ന് അപ്പയുടെ വേര്‍പാടിലൂടെ ഞാന്‍ മനസ്സിലാക്കി. ഞങ്ങള്‍ക്ക് ഈ സങ്കടങ്ങളെ അതിജീവിച്ചേ മതിയാകൂ. അതിനു വേണ്ടിയാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.അപ്പയെക്കുറിച്ച് ഒരുപാട് ഓര്‍മകള്‍ ഉണ്ട് എനിക്ക്. അപ്പ എപ്പോഴും സന്തോഷവാനായിരിക്കാനാണ് ആഗ്രഹിച്ചത്. ഒപ്പം കൂടെയുള്ളവരെ സന്തോഷത്തോടെയിരുത്താനും പരമാവധി ശ്രമിക്കുമായിരുന്നു. ഞങ്ങള്‍ മക്കള്‍ ചെറുതായിരുന്നപ്പോള്‍ ഞങ്ങള്‍ക്കൊപ്പം വീട്ടില്‍ ചിലവഴിക്കാന്‍ അപ്പയ്ക്ക് സമയം കിട്ടിയിട്ടേയില്ല. എന്നാല്‍ മുതിര്‍ന്നപ്പോള്‍ അദ്ദേഹത്തിനൊപ്പം ഒരുപാട് വേദികള്‍ ഞാന്‍ പങ്കിട്ടു. വീട്ടിലായിരിക്കുന്നതിനേക്കാള്‍ അദ്ദേഹം സന്തോഷിച്ചത് വേദികളിലായിരിക്കുമ്ബോഴാണ്. അപ്പയ്‌ക്കൊപ്പമുള്ള സ്റ്റേജ് അനുഭവങ്ങള്‍ എനിക്ക് ഒരിക്കലും മറക്കാനാകില്ല. അപ്പ വേദികളില്‍ പാടുമ്ബോള്‍ അത് കണ്ട് ഞാനും ഏറെ സന്തോഷിച്ചിരുന്നു.
അതുപോലെ അപ്പയ്ക്ക് ഒരുപാട് നല്ല സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. പ്രായഭേദമില്ലാതെ അദ്ദേഹം എല്ലാവരോടും സൗഹൃദം സ്ഥാപിക്കുമായിരുന്നു. എന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ഒരു ഫോട്ടോ എടുക്കാമോ എന്ന് അപ്പയോടു ചോദിക്കാന്‍ പലപ്പോഴും ഞാന്‍ മടിച്ചു നിന്നിട്ടുണ്ട്. അപ്പോഴൊക്കെ എന്റെ സുഹൃത്തുക്കളെ ചേര്‍ത്തു നിര്‍ത്തി വാടാ ഫോട്ടോ എടുക്കാം എന്ന് അദ്ദേഹം തന്നെ പറയുമായിരുന്നു. ഞാന്‍ എന്റെ അപ്പയ്‌ക്കൊപ്പം സന്തോഷവാനായിരിക്കുന്നതു പോലെ എന്റെ സുഹൃത്തുക്കളും ആ സന്തോഷം അനുഭവിച്ചിരുന്നു. അതുപോലെ ഞങ്ങള്‍ മക്കളെയും കൊച്ചുമക്കളെയും കുടുംബാംഗങ്ങളെയുമൊക്കെ അപ്പ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. അതൊന്നും ഒരുകാലത്തും മറക്കാനാകില്ല. അപ്പയുടെ വേര്‍പാട് ഏല്‍പിച്ച ആഘാതത്തില്‍ നിന്നും മുക്തി നേടാന്‍ ഞങ്ങള്‍ ശ്രമിക്കുകയാണ്. ഒപ്പം നിന്ന് ഞങ്ങളെ ചേര്‍ത്തു പിടിക്കുന്ന എല്ലാവരോടും ഈ അവസരത്തില്‍ പ്രത്യേകമായി നന്ദി അറിയിക്കുന്നു'.