ഒരു കാലത്ത് തെന്നിന്ത്യന്‍ നായകമാരില്‍ മിന്നും താരമായിരുന്നു സില്‍ക്ക് സ്മിത. വിജയലക്ഷ്മി എന്ന് യഥാര്‍ത്ഥ പേരുള്ള സില്‍ക്ക് സ്മിതയുടെ ജീവിതം അധികം ആര്‍ക്കും അറിയാത്ത കഥയാണ്. ആന്ധ്രയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന് വിജയലക്ഷ്മി പിന്നിട് തെന്നിന്ത്യ കീഴടക്കിയ മാദക നടി സില്‍ക്ക് സ്മിതയായി മാറിയ കഥ അറിയാം.
യൗവ്വനത്തിന്റെ ലഹരി ആസ്വദിക്കുന്ന വേളയിലാണ് തന്റെ 36ാം വയസില്‍ ജീവിതം അവസാനിപ്പിച്ച് സില്‍ക്ക് സ്മിത യാത്രയാകുന്നത്. തെന്നിന്ത്യന്‍ സിനിമയ്ക്ക് മാത്രമല്ല ഇന്ത്യന്‍ സിനിമ തന്നെ ഞെട്ടലോടെയായിരുന്നു ആ വാര്‍ത്ത കേട്ടത്. 1996 സെപ്തംബര്‍ 23 ന് ആയിരുന്നു സില്‍ക്ക് സ്മിതയെ ചെന്നൈയിലെ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സില്‍ക്കിന് ആത്മഹചത്യ ചെയ്യാനുണ്ടായ സാഹചര്യം എന്തായിരുന്നെന്നും ഇനിയും കണ്ടെത്തിയിട്ടില്ല. ആന്ധ്രാപ്രദേശില്‍ ഏളൂര്‍ എന്ന ഗ്രാമത്തില്‍ ഒരു പാവപ്പെട്ട കുടുംബത്തില്‍ 1960 ഡിസംബര്‍ 2നാണ് സില്‍ക്ക് സ്മിത ജനിക്കുന്നത്.
വിജയലക്ഷ്മി എന്നായിരുന്നു സില്‍ക്കിന്റെ ആദ്യ നാമം. ചെറുപ്പത്തിലേതന്നെ സ്മിത എന്ന് പേര്‍ തിരുത്തുകയാണുണ്ടായത്. തമിഴിലെ ആദ്യ ചിത്രമായ വണ്ടിച്ചക്രത്തില്‍ സില്‍ക്ക് എന്ന ഒരു ബാര്‍ ഡാന്‍സറുടെ വേഷമായിരുന്നു സ്മിതയ്ക്ക്. അതിനുശേഷമാണ് സ്മിത, സില്‍ക്ക് സ്മിത എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. സിനിമയിലെ അഭിനയവും കൂടിയായപ്പോള്‍ സ്മിതയ്ക്ക് സില്‍ക്ക് എന്ന പേരു ഉറച്ചു.
ഇരുന്നൂറിലധികം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകള്‍ കൂടാതെ ചില ബോളിവുഡ് സിനിമകളിലും വേഷമിട്ടു.ഇണയെത്തേടി എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കും മലയാളീ പ്രേക്ഷകന്റെ നെഞ്ചിലേക്കും സ്മിത വശ്യമായ ചിരിയോടെ കാലുകള്‍ ഉയര്‍ത്തിവെച്ചു. തുമ്പോളി കടപ്പുറം, അഥര്‍വം, സ്ഫടികം, നാടോടി, തുടങ്ങിയ ജനപ്രിയചിത്രങ്ങളില്‍ അവര്‍ ചെറിയതും ശ്രദ്ധേയവുമായി വേഷങ്ങള്‍ ചെയ്തു. സ്ഫടികം, തച്ചോളി വര്‍ഗീസ്, നാടോടി തുടങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളിലാണ് സില്‍ക്ക് മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്.ലയനം പോലുള്ള ലൈംഗികാതിപ്രസരമുള്ള ചിത്രങ്ങളിലും അവര്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചു. അഭിനയത്തില്‍ ടൈപ്പ് ചെയ്യപ്പെട്ട, ആ അര്‍ത്ഥത്തില്‍ ഒരു പ്രത്യേക ചുറ്റുവട്ടത്തിലേക്ക് അവര്‍ ഒതുങ്ങിപ്പോകുകയും ചെയ്തു.
നാലാം ക്ലാസ്സില്‍ പഠിത്തം നിര്‍ത്തി അന്ന് ഒന്‍പത് വയസ്സുണ്ടായിരുന്ന സ്മിത, സിനിമയില്‍ അഭിനയിക്കുക എന്ന ലക്ഷ്യവുമായി സ്വന്തം അമ്മായിയുടെ കൂടെ തെന്നിന്ത്യന്‍ സിനിമയുടെ ഈറ്റില്ലമായ ചെന്നെയിലേക്ക് താമസം മാറ്റുകയായിരുന്നു. മൂന്നാം പിറ എന്ന സിനിമയിലെ ധീരമായ വേഷവും, നൃത്തവും സില്‍ക്കിനെ പ്രശസ്തിയിലേക്കുയര്‍ത്തി. തുടര്‍ന്നുള്ള പതിനഞ്ച് വര്‍ഷത്തോളം സില്‍ക്ക്, തെന്നിന്ത്യന്‍ മസാല പടങ്ങളില്‍ അഭിനയിച്ചു. പിന്നീട് അഡല്‍സ് ഒണ്‍ളി പടങ്ങളിലെ അഭിനയത്തിലൂടെ സില്‍ക്ക് മലയാളികള്‍ക്ക് പ്രിയങ്കരിയാകുകയും ചെയ്തു. അക്കാലത്ത് സില്‍ക്കിന്റെ അത്ര പ്രശസ്തിയുള്ള മറ്റൊരു മാദക നടിയും ദക്ഷിണേന്ത്യയില്‍ ഉണ്ടായിരുന്നില്ല. ഒരു കാലത്തു സല്‍ക് സ്മിത കടിച്ച ആപ്പിള്‍ ലേലത്തില്‍ വാങ്ങുവാന്‍ വരെ ആളുകള്‍ തിടുക്കം കാട്ടിയിരുന്നു. അവളണിഞ്ഞ വസ്ത്രങ്ങള്‍ സ്വന്തമാക്കുവാനായി പലരും കാത്തു നിന്നു. എന്നാല്‍ ഈ തിടുക്കത്തിനും പരാക്രമത്തിനുമൊക്കെ അല്‍പ്പായുസ്സേയുണ്ടായിരുന്നുള്ളൂ. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പോലും അധികമാരും അവരുടെ ഇരുപത്തിമൂന്നാം ചരമവാര്‍ഷികത്തില്‍ അവരെ കുറിച്ചു അധികം എഴുതി കണ്ടില്ല. അവര്‍ മരിച്ചു കിടന്ന ആശുപത്രിയില്‍ പോലും അധികമാരും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.
ചാരുശ്രീ എന്ന അവരുടെ അയല്‍വാസി എഴുതിയ ബ്ലോഗില്‍ സ്മിതയെ കുറിച്ച് പറഞ്ഞിരുന്നത് ശ്രദ്ധേയമാണ്. ഇവരുടെ വീട് കഴിഞ്ഞു വേണമത്രെ സ്മിതയുടെ വീട്ടിലേയ്ക്ക് പോകുവാന്‍. ആ വഴി വരുന്ന ചിലര്‍ അവരോട് പലപ്പോഴും സ്മിതയുടെ വീട്ടിലേയ്ക്കുള്ള വഴി ചോദിക്കുമായിരുന്നത്രെ. ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ മുതല്‍ നാട്ടിലെ പലരും അവരെ സഹായത്തിന് വേണ്ടി കാണാന്‍ വന്നിരുന്നു. അവര്‍ ഉദാരമായി സഹായങ്ങള്‍ നല്‍കിയിരുന്നു. ഒരിക്കല്‍ ആന്ധ്രയില്‍ നിന്ന് നാട്ടില്‍ നിന്ന് രക്ഷപ്പെട്ട് ഓടി വന്നൊരു പെണ്കുട്ടിക്ക് അവര്‍ സ്‌നേഹവും പണവും സഹായവും നല്‍കിയത് അവര്‍ പരാമര്‍ശിക്കുന്നു. സ്ഥിരമായി അമ്പലത്തില്‍ പോവുകയും ചെയ്തിരുന്നതായി അവര്‍ ഓര്‍ക്കുന്നു. സില്‍ക്കിന്റെ അടുത്ത സുഹൃത്തും പിന്‍ഗാമിയുമായിരുന്നു അനുരാധ. മരിക്കുന്നതിന്റെ തലേദിവസം സില്‍ക് അനുരാധയെ വിളിച്ചിരുന്നു. മനസ്സിനെ അലട്ടുന്ന ഒരുപാട് പ്രശ്‌നങ്ങളുണ്ട്. ഒന്നു കാണണം സംസാരിച്ചിരിക്കണം അതായിരുന്നു സില്‍ക്ക് ആവശ്യപ്പെട്ടത്. ചില വ്യക്തിപരമായ കാരണങ്ങളാല്‍ അനുരാധയ്ക്ക് അന്ന് പുറത്ത് പോകാന്‍ കഴിയില്ലായിരുന്നു. 'നമുക്ക് രാവിലെ കാണാം അതുവരെ സമാധാനമായിരിക്കൂ' സില്‍ക്കിനെ ആശ്വസിപ്പിച്ച അനുരാധ ഫോണ്‍ വച്ച് വീട്ടിലെ തിരക്കുകളിലേക്ക് കടന്നു. എന്നാല്‍ പിറ്റേ ദിവസം അവരെ കാത്തിരുന്നത് തന്റെ അടുത്ത സുഹൃത്തിന്റെ മരണവാര്‍ത്തയായിരുന്നു. അന്നു രാത്രി സില്‍ക് വിളിച്ചപ്പോള്‍ പോയിരുനനുവെങ്കില്‍ അവള്‍ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും അനുരാധ പറഞ്ഞിരുന്നു. തെന്നിന്ത്യയിലെ കൗമാരത്തിനും യൗവനത്തിനും ഒരുകാലത്ത് സില്‍ക്ക് സ്മിത ഒരു ലഹരി തന്നെയായിരുന്നു. ലഹരികള്‍ക്ക് വീര്യം കൂടുമെങ്കിലും അവ പെട്ടെന്ന് തന്നെ തിരിച്ചിറങ്ങുമെന്നതാണ് ഈ വിയോഗങ്ങളുടെ മറ്റൊരു അനുഭവപാഠം.