സൂപ്പര്‍താരങ്ങളുടെ പിന്‍ബലമില്ലാതെ പലപ്പോഴും പുതുമുഖങ്ങളുടെ സാന്നിധ്യം കൊണ്ട് ഹിറ്റുകള്‍ തീര്‍ത്ത നവോദയ ഫിലിംസിന്റെ ഏറ്റവും വലിയ പരീക്ഷണമായിരുന്നു മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ത്രീ ഡി സിനിമ. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ എന്നും മലയാളിക്ക് അഭിമാനത്തോടെ പറയാന്‍ കഴിയുന്ന വിസ്മയമായിരുന്നു ആ സിനിമ.അത്ഭുതങ്ങളുടെ മാന്ത്രികക്കാഴ്ചകളും ത്രീഡി സാങ്കേതിക വിദ്യയുടെ വിസ്മയങ്ങളും ഒന്നുചേര്‍ന്ന കുട്ടിച്ചാത്തന്‍ കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും പ്രായമായവര്‍ക്കും വരെ ഏറെ പ്രിയപ്പെട്ടതായി. സിനിമ കാണാന്‍ അന്നേ വരെ തിയറ്ററില്‍ പോകാത്തവര്‍ വരെ ഈ വിസ്മയക്കാഴ്ച കാണാന്‍ തിയറ്ററിലെത്തി.
മാസ്റ്റര്‍ അരവിന്ദാണ് കുട്ടിച്ചാത്തനായി അഭിനയിച്ചത്. സോണിയ, മാസ്റ്റര്‍ സുരേഷ്, മാസ്റ്റര്‍ മുകേഷ് എന്നിവര്‍ ബാലതാരങ്ങളായി വേഷമിട്ടു. പേടിതോന്നും വിധത്തില്‍ ദുര്‍മന്ത്രവാദിയെ അവതരിപ്പിച്ചതുകൊട്ടാക്കര ശ്രീധരന്‍ നായര്‍ എന്ന അഭിനയ പ്രതിഭയായിരുന്നു.ദലിപ് താഹില്‍, ആലുമ്മൂടന്‍, ജഗദീഷ്, കൊല്ലം ജി.കെ.പിള്ള, ലത്തീഫ്, അരൂര്‍ സത്യന്‍, സൈനുദ്ദീന്‍, രാജന്‍ പി ദേവ് തുടങ്ങിയവരും അഭിനയിച്ചു.
എല്ലാവരേയും ചിരിപ്പിച്ച് ഒടുവില്‍ മനസില്‍ ഒരു നൊമ്പരം ബാക്കിയാക്കിയ കുട്ടിച്ചാത്തന്‍ എന്ന കഥാപാത്രത്തെ മറക്കാന്‍ ആര്‍ക്കും കഴിയില്ല.മാസ്റ്റര്‍ അരവിന്ദ് അഥവാ എം ഡി രാമനാഥന്‍ എന്നാണു കുട്ടിച്ചാത്തനെ ജനപ്രിയനാക്കിയ ആ ബാല താരത്തിന്റെ പേര്. എന്നാല്‍ പീന്നീട് എം ഡി രാമനാഥനെ സിനിമയില്‍ കണ്ടതേയില്ല.
എം ടി. വാസുദേവന്‍ നായര്‍ എഴുതി കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത ഓപ്പോളിലൂടെയായിരുന്നു രാമനാഥന്റെ സിനിമപ്രവേശം. ആ ചിത്രത്തിലൂടെ ഏറ്റവും മികച്ച ബാലതാരത്തിനുള്ള അവാര്‍ഡും ലഭിച്ചിരുന്നു. പിന്നീട് മൈഡിയര്‍ കുട്ടിച്ചാത്തനിലൂടെ വീണ്ടും ഏറ്റവും മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് രാമനാഥനെ തേടിയെത്തി. എന്നാല്‍ രണ്ടു ദേശീയ അവാര്‍ഡുകള്‍ നേടിയിട്ടും രാമനാഥന്‍ സിനിമയില്‍ സജീവമായില്ല. സിനിമയില്‍ നിന്ന് അകന്നു പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ചെന്നൈ ലയോള കോളേജില്‍ നിന്നു നിയമത്തില്‍ ബിരുദം നേടി. ഇന്ന് എറണാകുളം ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ് അഡ്വ എം ഡി രാമനാഥന്‍