ഇന്ത്യന്‍ സിനിമ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം 'രാജാ സാബ്' ജനുവരി 9-ന് തിയേറ്ററുകളിലേക്ക്. റിലീസിന് മുന്നോടിയായി പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ഒരു കാലഘട്ടത്തില്‍ തരംഗമായിരുന്ന 'ഡിസ്‌കോ ഡാന്‍സറി'ലെ 'ഔവ്വ ഔവ്വ നാച്ചെ നാച്ചെ' എന്ന ഹിറ്റ് ഗാനത്തിന്റെ റീമിക്‌സ് പതിപ്പാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്.
ബപ്പി ലാഹിരി - ഉഷ ഉതുപ്പ് കൂട്ടുകെട്ടില്‍ പിറന്ന വിഖ്യാത ഗാനത്തിന് പുതിയ ഭാവം നല്‍കിയിരിക്കുന്നത് സംഗീത സംവിധായകന്‍ തമന്‍. എസ് ആണ്. പ്രഭാസിനൊപ്പം മൂന്ന് സുന്ദരികള്‍ ചടുലമായ ചുവടുകളുമായെത്തുന്ന ഈ ഗാനം ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. തമന്‍, നകാഷ് അസിസ്, ബൃന്ദ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.മുമ്പ് കണ്ടിട്ടില്ലാത്ത വേറിട്ട ലുക്കിലും സ്വാഗിലും പ്രഭാസ് ഇരട്ടവേഷത്തില്‍ എത്തുന്നു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ സവിശേഷത.ഐതിഹ്യങ്ങളും മിത്തുകളും കോര്‍ത്തിണക്കിയുള്ള ഈ ചിത്രം ഒരു കംപ്ലീറ്റ് മാസ് എന്റര്‍ടൈനറായിരിക്കും.
സഞ്ജയ് ദത്ത്, ബൊമന്‍ ഇറാനി, സെറീന വഹാബ് എന്നിവര്‍ക്കൊപ്പം മാളവിക മോഹനന്‍, നിധി അഗര്‍വാള്‍, റിദ്ധി കുമാര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.വമ്പന്‍ റിലീസായെത്തുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം പ്രമുഖ നിര്‍മ്മാണ കമ്പനിയായ ഗോകുലം മൂവീസ് ആണ് സ്വന്തമാക്കിയിരിക്കുന്നത്.'ബാഹുബലി' ഫെയിം ആര്‍.സി. കമല്‍ കണ്ണന്‍ ഒരുക്കുന്ന വിഎഫ്എക്‌സ് ദൃശ്യങ്ങള്‍ ചിത്രത്തിന് വലിയൊരു ദൃശ്യവിരുന്നായിരിക്കുമെന്ന് ട്രെയിലര്‍ 2.0 ഉറപ്പുനല്‍കുന്നു. മാരുതി സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി.ജി. വിശ്വപ്രസാദാണ് നിര്‍മ്മിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാന്‍ ഇന്ത്യന്‍ റിലീസായാണ് 'രാജാ സാബ്' എത്തുന്നത്.ജനുവരി 9 മുതല്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ രാജാ സാബിന്റെ സംഹാര താണ്ഡവം ആരംഭിക്കും.