കൊല്ം ജില്ലയിലെ ശൂരനാട് നിന്നും ഒരു പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച് മിനിസ്‌ക്രീന്‍ ഹാസ്യ താരമായി മാറിയ നടനാണ് നെല്‍സണ്‍ ശൂരനാട്. ഏഷ്യാനെറ്റിലെ വോഡഫോണ്‍ കോമഡി സ്റ്റാര്‍സ് എന്ന പരിപാടിയില്‍ തുടങ്ങി നിരവധി സിനിമകളിലും വേഷമിട്ട നടന്‍ സ്റ്റേജുകള്‍ തോറും പറന്നു നടക്കവേ സംഭവിച്ചത് തികച്ചും അപ്രതീക്ഷിത ഒരപകടമാണ്. വീട്ടില്‍ വച്ച് സംഭവിച്ച അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ വേദന സഹിക്കാന്‍ കഴിയാതെ ഞെളിപിരി കൊള്ളുന്ന നടന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സുഹൃത്തുക്കള്‍ പങ്കുവച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ആറ്റിങ്ങലില്‍ ഒരു പ്രോഗ്രാം നടനും സംഘത്തിനും ഉണ്ടായിരുന്നു. അതുകഴിഞ്ഞ് രാത്രിയോടെയാണ് അദ്ദേഹം വീട്ടിലേക്കെത്തിയത്. തുടര്‍ന്ന് ഭാര്യയ്ക്കും മകനും ഒപ്പം കഞ്ഞി ഉണ്ടാക്കുകയും ശേഷം ആ കഞ്ഞിവെള്ളം പുറത്ത് മുറ്റത്ത് കുത്തിയ കുഴിയിലേക്ക് കളയാന്‍ വീടിന് പുറത്തേക്ക് ഇറങ്ങുകയും ആയിരുന്നു. അപ്പോഴാണ് മുറ്റത്ത് നിന്നും തികച്ചും അപ്രതീക്ഷിതമായ ഈ അപകടം സംഭവിച്ചത്.
കഴിഞ്ഞ ദിവസം വീട്ടിലെ വാഷ്ബേസിന്റെ സിങ്ക് പൊട്ടിയിരുന്നു. അതു കളയാന്‍ ഒരു സൈഡില്‍ വച്ചിരുന്നു. എന്നാല്‍ രാത്രി പുറത്തേക്കിറങ്ങിയ നെല്‍സണ്‍ ഈ സിങ്ക് അവിടെ ഇരിക്കുന്ന കാര്യമോര്‍ക്കാതെ മുന്നോട്ടു നടക്കുകയായിരുന്നു. അപ്പോഴാണ് അതിന്റെ കൂര്‍ത്ത ഭാഗം കാലിന്റെ ഉപ്പൂറ്റിയ്ക്ക് മുകളിലായി ആഴത്തില്‍ കയറി ഉരഞ്ഞത്. രക്തം ചീറ്റിത്തെറിച്ചതോടെ എത്രയും പെട്ടെന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഞരമ്പ് വരെ മുറിഞ്ഞ അപകടത്തില്‍ പന്ത്രണ്ട് സ്റ്റിച്ചോളമാണ് നടന്റെ കാലില്‍ ഇട്ടിരിക്കുന്നത്. തുടര്‍ന്ന് കാല്‍ അനക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതിനാല്‍ പ്ലാസ്റ്ററും ഇട്ടിരിക്കുകയാണ്.
മുറിവിന്റെ വേദന സഹിക്കാനാകുന്നില്ലെന്നാണ് നടന്‍ പറയുന്നത്. മാത്രമല്ല, ഇതു പഴുക്കുമോ എന്നാണ് തന്റെ പേടിയെന്നും നടന്‍ പറയുന്നു. കാരണം, അദ്ദേഹം ഒരു ഷുഗര്‍ പേഷ്യന്റ് കൂടിയാണ്. മാത്രമല്ല, ഇങ്ങനെയൊരു വീഡിയോ എടുക്കാനുണ്ടായ സാഹചര്യവും നടന്‍ വീഡിയോയില്‍ വെളിപ്പെടുത്തുന്നുണ്ട്.
നിരവധി പ്രോഗ്രാമുകളാണ് ഈ ദിവസങ്ങളില്‍ ചെയ്യാമെന്നേറ്റിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായുണ്ടായ ഈ അപകടം കാരണം, ആ പ്രോഗ്രാമുകള്‍ക്കൊന്നും എത്താന്‍ സാധിക്കാത്ത വിധത്തിലേക്കാണ് എത്തിയിരിക്കുന്നത്. ഒരു വീല്‍ച്ചെയറിലാണെങ്കില്‍ പോലും എത്താമെന്ന് നെല്‍സണ്‍ പറയുമ്പോള്‍ പൂര്‍ണ വിശ്രമം വേണമെന്നും ഷുഗര്‍ പേഷ്യന്റ് ആയതിനാല്‍ എത്രയും പെട്ടെന്ന് മുറിവ് ഉണങ്ങുന്ന അവസ്ഥയിലേക്ക് എത്തിയില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനാല്‍ വിശ്രമത്തില്‍ കഴിയുവാനേ ഇപ്പോള്‍ സാധിക്കൂ എന്നാണ് നെല്‍സണും കൂട്ടുകാരും അറിയിച്ചിരിക്കുന്നത്. പരിപാടിയില്‍ എത്താന്‍ സാധിക്കാത്ത അവസ്ഥ എല്ലാവരും അറിയണമെന്നും മനസിലാക്കണമെന്നും നടന്‍ വീഡിയോയില്‍ പറയുന്നു.
വോഡഫോണ്‍ കോമഡി സ്റ്റാര്‍സ് എന്ന പരിപാടിയിലൂടെയാണ് സിനിമാ രംഗത്തേക്ക് കടന്നുവന്ന നെല്‍സണ്‍ സ്‌മോള്‍ ഫാമിലി എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ അഭിനയിച്ചു. ദിലീപ് നായകനായി എത്തിയ സ്പാനിഷ് മസാല എന്ന ചിത്രത്തില്‍ നെല്‍സണ്‍ അവതരിപ്പിച്ച കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. റോമന്‍സ്, കൂട്ടീം കോലും, ബ്ലാക്ക് ബട്ടര്‍ഫ്‌ളൈസ്, ഉത്സാഹകമ്മിറ്റി, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി, രാജാധി രാജ, ആട് ഒരു ഭീകരജീവിയാണ് എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.