Latest News

ചെന്നൈയില്‍ നടന്ന പുരസ്‌കാര വേദിയില്‍ ഭാര്യയോട് ഹിന്ദിയില്‍ സംസാരിക്കാതെ തമിഴില്‍ സംസാരിക്കാന്‍ പറഞ്ഞ എ ആര്‍ റഹ്‌മാന് നേരെ വിമര്‍ശനം;   പണവും പ്രശസ്തിയും നേടിയത് ഹിന്ദിയില്‍ നിന്നെന്ന് വിമര്‍ശകര്‍; താരത്തിന്റെ വീഡിയോ വൈറലാകുമ്പോള്‍

Malayalilife
ചെന്നൈയില്‍ നടന്ന പുരസ്‌കാര വേദിയില്‍ ഭാര്യയോട് ഹിന്ദിയില്‍ സംസാരിക്കാതെ തമിഴില്‍ സംസാരിക്കാന്‍ പറഞ്ഞ എ ആര്‍ റഹ്‌മാന് നേരെ വിമര്‍ശനം;   പണവും പ്രശസ്തിയും നേടിയത് ഹിന്ദിയില്‍ നിന്നെന്ന് വിമര്‍ശകര്‍; താരത്തിന്റെ വീഡിയോ വൈറലാകുമ്പോള്‍

സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്‍ തമിഴ് ഭാഷയോടുള്ള തന്റെ ഇഷ്ടം പലതവണ പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്.  അടുത്തിടെ, ചെന്നൈയില്‍ നടന്ന ഒരു അവാര്‍ഡ് ഷോയില്‍, തന്റെ ഭാര്യ സൈറ ബാനുവിനോട് ഹിന്ദിയില്‍ സംസാരിക്കാതെ തമിഴില്‍ സംസാരിക്കാന്‍ റഹ്‌മാന്‍ പറഞ്ഞതാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. ഈ വീഡിയോ ക്ലിപ്പ് ഇപ്പോള്‍ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വൈറലായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഒരുവിഭാഗം ഇതിനെതിരെ വിമര്‍ശനവും ഉന്നയിക്കുന്നുണ്ട്.

ചെന്നൈയില്‍ നടന്ന ആനന്ദ വികടന്‍ സിനിമാ അവാര്‍ഡ് ചടങ്ങിലാണ് എ ആര്‍ റഹ്‌മാന്‍ ഭാര്യ സൈറ ബാനുവിനോട് തമിഴില്‍ സംസാരിക്കാന്‍ പറഞ്ഞത്.മികച്ച പിന്നണി ഗായകന്‍, മികച്ച സംഗീത സംവിധായകന്‍ എന്നീ പുരസ്‌കാരങ്ങള്‍ എ ആര്‍ റഹ്‌മാനാണ് സ്വന്തമാക്കിയത്. മികച്ച ഗായകനുള്ള അവാര്‍ഡ് റഹ്‌മാന്‍ തന്റെ ഭാര്യയ്ക്ക് സമര്‍പ്പിക്കുകയും വേദിയിലേയ്ക്ക് വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. 

തന്റെ ശബ്ദത്തിന്റെ ഏറ്റവും ആദ്യത്തെ ഫാന്‍ തന്റെ ഭാര്യയാണെന്നും വേദിയില്‍ റഹ്‌മാന്‍ പങ്കുവച്ചു. തന്റെ ശബ്ദം നല്ലതാണെന്ന് ആദ്യമായി പറഞ്ഞത് ഭാര്യയാണ്. ഈ ധൈര്യത്തിലാണ് താന്‍ പാട്ടുപാടാന്‍ തുടങ്ങിയത്. ഇപ്പോഴും തന്റെ പാട്ടുകള്‍ മാത്രമല്ല, താന്‍ അഭിമുഖങ്ങളില്‍ സംസാരിക്കുന്നതും ഭാര്യ കേട്ടിരിക്കാറുണ്ടെന്ന് അദ്ദേഹം വേദിയില്‍ സൈറ ബാനു ഒപ്പം നില്‍ക്കെ വ്യക്തമാക്കി.

തുടര്‍ന്ന് മൈക്ക് കൈമാറുന്നതിന് മുന്‍പ് ദയവായി ഹിന്ദിയില്‍ സംസാരിക്കാതെ തമിഴില്‍ സംസാരിക്കൂവെന്ന് റഹ്‌മാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതുകേട്ട് സൈറ ഞെട്ടിക്കൊണ്ട് ദൈവമേയെന്ന് പറഞ്ഞത് കാണികള്‍ ഏറ്റെടുത്തു. തുടര്‍ന്ന് തനിക്ക് നന്നായി തമിഴ് സംസാരിക്കാന്‍ അറിയില്ലെന്നും തന്നോട് ക്ഷമിക്കണമെന്നും സൈറ ബാനു ഇംഗ്‌ളീഷില്‍ വ്യക്തമാക്കി. എ ആര്‍ റഹ്‌മാന്റെ ശബ്ദം തനിക്ക് പ്രിയപ്പെട്ടതാണെന്നും അദ്ദേഹത്തിന്റെ ശബ്ദത്തോട് താന്‍ പ്രണയത്തിലായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഗുജറാത്തിലെ കച്ച് സ്വദേശിയാണ് എ ആര്‍ റഹ്‌മാന്റെ ഭാര്യ സൈറ ബാനു.

അതേസമയം, എ ആര്‍ റഹ്‌മാന്‍ പുരസ്‌കാര വേദിയില്‍ ഭാര്യയോട് ഹിന്ദിയിലല്ല തമിഴില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടതില്‍ ഏറെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഹിന്ദി പാട്ടുകള്‍ നിര്‍മിച്ചാണ് റഹ്‌മാന്‍ പണവും പ്രശസ്തിയും നേടിയതെന്നും എന്നിട്ട് ഹിന്ദി ഭാഷയോട് അവജ്ഞ കാട്ടുകയാണെന്നും നന്ദിയില്ലാത്തയാളെന്നും വിമര്‍ശകര്‍ ആരോപിക്കുന്നു.

പൊന്നിയിന്‍ സെല്‍വന്‍: ഭാഗം 2 അടക്കമുള്ള ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ  എആര്‍ റഹ്‌മാന്‍ ബാക്ക് ടു ബാക്ക് ഹിറ്റുകള്‍ നേടി. ഈ വര്‍ഷം ശിവകാര്‍ത്തികേയന്റെ അയാളനും, ഉദയനിധി സ്റ്റാലിന്റെ മാമന്നനും റിലീസ് ചെയ്യും . മൈതാനം, പിപ്പ, ആടുജീവിതം, ലാല്‍ സലാം, ഗാന്ധി ടോക്സ് എന്നിവയാണ് അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചില ചിത്രങ്ങള്‍.

 

AR Rahman quips to wife to speak in Tami

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES