'ധുരന്ധര്‍ 2' വിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകനും തിരക്കഥാകൃത്തുമായ ദേവദത്ത് ഷാജി. ചിത്രത്തിന്റെ പേര് പങ്കുവയ്ക്കാതെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു ദേവദത്തിന്റെ വിമര്‍ശനം. 'തെറ്റായ ഒരാശയത്തെ സാധൂകരിക്കാന്‍ ഒരു സിനിമ ഉയര്‍ന്ന നിലവാരമുള്ള മേക്കിങ് ശൈലി ഉപയോഗിക്കുകയാണെങ്കില്‍ സാങ്കേതികവിദ്യ കൃത്രിമത്വത്തിനുള്ള ഒരു ഉപകരണമായി മാറുന്നു'.- എന്നാണ് ദേവദത്ത് കുറിച്ചത്.
റിലീസിന് പിന്നാലെ ധുരന്ധര്‍ ഒരു പ്രൊപ്പഗാണ്ട സിനിമയാണെന്ന തരത്തില്‍ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ധുരന്ധര്‍ ആദ്യ ഭാഗത്തിലെ ഒരു ഗാനം പശ്ചാത്തലമായി ഉപയോഗിച്ചിരിക്കുന്നതിനാല്‍ ധുരന്ധര്‍ 2 വിനെയാണ് ദേവദത്ത് ഉദ്ദേശിച്ചിരിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.
എന്നാല്‍ ദേവദത്തിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. സിനിമയെ സിനിമയായി കണ്ടാല്‍ പോരെയെന്നും ചിത്രം രാജ്യ സ്‌നേഹത്തെക്കുറിച്ചാണ് പറയുന്നതെന്നുമൊക്കെയാണ് പലരും കുറിക്കുന്നത്. ഹംസ അലി മസാരി എന്ന ഐഡന്റിറ്റിയില്‍ പാകിസ്ഥാനിലെത്തുന്ന ഇന്ത്യന്‍ ചാരനായ ജസ്‌കിരത് സിങ് രംഗിയുടെ കഥയാണ് ചിത്രം പറയുന്നത്.
പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളെയും അധോലോകത്തെ കുറിച്ചുമൊക്കെ ചിത്രം പറയുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥ സംഭവങ്ങളെ വളച്ചൊടിച്ച് രാഷ്ട്രീയ അജണ്ടകള്‍ നടപ്പിലാക്കാനാണ് ചിത്രം ശ്രമിക്കുന്നതെന്നാണ് വിമര്‍ശകരുടെ പക്ഷം.
വമ്പന്‍ മേക്കിങ് ക്വാളിറ്റി ഉപയോഗിച്ച് പ്രേക്ഷകരെ സ്വാധീനിക്കാനാണ് ഇത്തരം സിനിമകള്‍ ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്. ആദിത്യ ധര്‍ ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യ ദിനം തന്നെ ലോകമെമ്പാടുമായി 240 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.