Latest News

കള്ളക്കടത്ത് മാഫിയയെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ല; നിയമവിരുദ്ധമായി കടത്തിക്കൊണ്ടുവന്ന വാഹനങ്ങളാണെന്ന് അറിയാതെയാണ് എല്ലാം വാങ്ങി കൂട്ടിയത്; 'ഓപ്പറേഷന്‍ നുംഖോര്‍': താന്‍ ചതിക്കപ്പെട്ടതെന്ന് ദുല്‍ഖര്‍; വീണ്ടും ചോദ്യം ചെയ്തേക്കും; മമ്മൂട്ടിയുടെ മകന്‍ കേസിലെ സാക്ഷിയായേക്കും 

Malayalilife
 കള്ളക്കടത്ത് മാഫിയയെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ല; നിയമവിരുദ്ധമായി കടത്തിക്കൊണ്ടുവന്ന വാഹനങ്ങളാണെന്ന് അറിയാതെയാണ് എല്ലാം വാങ്ങി കൂട്ടിയത്; 'ഓപ്പറേഷന്‍ നുംഖോര്‍': താന്‍ ചതിക്കപ്പെട്ടതെന്ന് ദുല്‍ഖര്‍; വീണ്ടും ചോദ്യം ചെയ്തേക്കും; മമ്മൂട്ടിയുടെ മകന്‍ കേസിലെ സാക്ഷിയായേക്കും 

ഭൂട്ടാനില്‍ നിന്നുള്ള ആഡംബര വാഹനക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് നടത്തിയ മാരത്തോണ്‍ ചോദ്യം ചെയ്യലില്‍, താന്‍ ചതിക്കപ്പെടുകയായിരുന്നുവെന്ന വാദവുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറിലധികം നീണ്ടുനിന്ന ചോദ്യം ചെയ്യലിലാണ് താരം കള്ളക്കടത്ത് മാഫിയയെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്ന നിലപാട് വ്യക്തമാക്കിയത്. നിയമവിരുദ്ധമായി കടത്തിക്കൊണ്ടുവന്ന വാഹനങ്ങളാണെന്ന് അറിയാതെയാണ് ഇവ വാങ്ങിയതെന്നും ദുല്‍ഖര്‍ മൊഴി നല്‍കി. 

 തുടര്‍ച്ചയായ ചോദ്യം ചെയ്യലിലും മാഫിയാ ബന്ധങ്ങളെക്കുറിച്ചുള്ള ആരോപണങ്ങള്‍ ദുല്‍ഖര്‍ പൂര്‍ണ്ണമായും നിഷേധിച്ചു. എന്നാല്‍ താരത്തിന്റെ ഈ വാദങ്ങള്‍ പൂര്‍ണ്ണമായി വിശ്വസിക്കാന്‍ അന്വേഷണസംഘം തയ്യാറായിട്ടില്ലെന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എങ്കിലും, ദുല്‍ഖറിന് ആരാണ് ഈ ആഡംബര കാറുകള്‍ എത്തിച്ചു നല്‍കിയത് എന്നതുള്‍പ്പെടെയുള്ള നിര്‍ണ്ണായക വിവരങ്ങളും സൂചനകളും കസ്റ്റംസിന് ലഭിച്ചതായാണ് വിവരം. 

ചോദ്യം ചെയ്യലില്‍ പല നിര്‍ണ്ണായക ചോദ്യങ്ങള്‍ക്കും വ്യക്തമായ ഉത്തരം നല്‍കാന്‍ ദുല്‍ഖറിന് കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കള്ളക്കടത്ത് സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ, ഈ ആഡംബര കാറുകള്‍ ഒളിപ്പിച്ചു വെക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മുന്നില്‍ താരം പരസ്പരവിരുദ്ധമായ മറുപടികളാണ് നല്‍കിയത്. കാറുകള്‍ ഒളിപ്പിച്ചതില്‍ ദുല്‍ഖറിന് കൃത്യമായ പങ്കുണ്ടോ എന്ന കാര്യത്തിലും കസ്റ്റംസിന് സംശയങ്ങളുണ്ട്. 

 ദുല്‍ഖര്‍ സല്‍മാന്‍ നല്‍കിയ വിശദമായ മൊഴികള്‍ കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നിലവില്‍ വിലയിരുത്തിവരികയാണ്. പിടിച്ചെടുത്ത രേഖകളും ഡിജിറ്റല്‍ തെളിവുകളും ഈ മൊഴികളുമായി ഒത്തുനോക്കും. മൊഴികളില്‍ പറയുന്ന കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി, ആവശ്യമെങ്കില്‍ നടനെ വരും ദിവസങ്ങളില്‍ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. 

നിലവിലെ സാഹചര്യത്തില്‍ ഈ ആഡംബര വാഹനക്കടത്ത് കേസില്‍ ദുല്‍ഖര്‍ സല്‍മാനെ പ്രതിയാക്കുന്നതിനേക്കാള്‍, കേസിലെ പ്രധാന സാക്ഷിയാക്കാനാണ് കസ്റ്റംസ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ കള്ളക്കടത്ത് മാഫിയയെ കുടുക്കാന്‍ ദുല്‍ഖറിന്റെ മൊഴികള്‍ വഴിത്തിരിവാകുമെന്നാണ് കസ്റ്റംസ് കരുതുന്നത്. വാഹനങ്ങള്‍ വിറ്റ ഇടനിലക്കാരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ ഇതോടെ സാധിക്കും. 

ഭൂട്ടാന്‍ വഴി നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് ആഡംബര കാറുകള്‍ കടത്തുന്ന വലിയൊരു മാഫിയയെ തകര്‍ക്കാന്‍ കസ്റ്റംസ് നടത്തുന്ന 'ഓപ്പറേഷന്‍ നുംഖോര്‍' എന്ന നടപടിയുടെ ഭാഗമായാണ് താരത്തെ വിളിപ്പിച്ചത്. ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലേക്ക് കാറുകള്‍ എത്തിക്കുന്നതിലൂടെ കോടികളുടെ നികുതി വെട്ടിപ്പ് നടക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കേന്ദ്ര ഏജന്‍സി അന്വേഷണം ശക്തമാക്കിയത്. 

 കേസുമായി ബന്ധപ്പെട്ട് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള നാല് ആഡംബര കാറുകള്‍ കസ്റ്റംസ് നേരത്തെ പിടിച്ചെടുത്തിരുന്നു. ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍, നിസാന്‍ പെട്രോള്‍ എന്നീ വാഹനങ്ങള്‍ക്ക് പുറമെ ദുല്‍ഖര്‍ നായകനായ 'ലക്കി ഭാസ്‌കര്‍' എന്ന തെലുങ്ക് സിനിമയില്‍ ഉപയോഗിച്ച നിസാന്‍ കാറുമാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. 

നിലവില്‍ കോടതി ഇടപെടലിനെ തുടര്‍ന്ന് വന്‍ തുകയുടെ ബാങ്ക് ഗ്യാരന്റി കെട്ടിവെച്ചാണ് താരത്തിന് ഈ വാഹനങ്ങള്‍ വിട്ടുകിട്ടിയിട്ടുള്ളത്. എന്നാല്‍ ഈ വാഹനങ്ങള്‍ പൂര്‍ണ്ണമായി ദുല്‍ഖറിന്റെ ഉടമസ്ഥതയില്‍ വിട്ടുനല്‍കിയിട്ടില്ല. അന്വേഷണസംഘം ആവശ്യപ്പെടുമ്പോള്‍ ഏതു സമയത്തും വാഹനങ്ങള്‍ ഹാജരാക്കണമെന്നും കോടതിയുടെ അനുമതിയില്ലാതെ ഇവ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകരുതെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്. നിയമപരമായ രീതിയിലാണ് താന്‍ കാറുകള്‍ വാങ്ങിയതെന്നും ഇവ കള്ളക്കടത്തിലൂടെ എത്തിയതാണെന്ന് തനിക്ക് അറിയില്ലെന്നുമാണ് ദുല്‍ഖര്‍ സല്‍മാന്‍ കസ്റ്റംസിന് നല്‍കിയിട്ടുള്ള മൊഴിയെന്നാണ് വിവരം. വാഹന പ്രേമിയായ താരം പല ഇടനിലക്കാര്‍ വഴിയാണ് കാറുകള്‍ സ്വന്തമാക്കിയത്. ഇതില്‍ ഭൂട്ടാന്‍ രജിസ്ട്രേഷനിലുള്ള കാറുകളും ഉള്‍പ്പെട്ടിരുന്നു. 

 ഇത്തരത്തില്‍ ഭൂട്ടാന്‍ വഴി കേരളത്തിലേക്ക് നിയമവിരുദ്ധമായി ആഡംബര വാഹനങ്ങള്‍ എത്തിച്ച പ്രമുഖരില്‍ ഒരാളാണ് ദുല്‍ഖര്‍ സല്‍മാനെന്ന നിഗമനത്തിലാണ് കസ്റ്റംസ്. പിടിച്ചെടുത്ത വാഹനങ്ങളുടെ ഒറിജിനല്‍ രേഖകള്‍ സംബന്ധിച്ചും, ഇവ ഏതു സാഹചര്യത്തിലാണ് ഭൂട്ടാനില്‍ നിന്നും കേരളത്തിലേക്ക് എത്തിച്ചതെന്ന കാര്യത്തിലും വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കുമെന്നാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നല്‍കുന്ന സൂചന.

dulquer salmaan again in bhutan car

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES