വലിയ പ്രതീക്ഷകളോടെ ബിഗ് ബജറ്റിലൊരുക്കിയ ആമിര്‍ ഖാന്‍ ചിത്രം ലാല്‍ സിംഗ് ഛദ്ദ ബോക്സ് ഓഫീസില്‍ വന്‍ പരാജയമായി മാറിയിരിക്കുകയാണ്. ഏകദേശം നാല് വര്‍ഷത്തിന് ശേഷം ബിഗ് സ്‌ക്രീനിലേയ്ക്ക് തിരിച്ചെത്തിയ ആമിര്‍ ഖാന്റെ കരിയറിലെ വലിയ പരാജയമായി ഛദ്ദ മാറിയിരിക്കുകയാണ്.ആഭ്യന്തര ബോക്സ് ഓഫീസില്‍ 60 കോടി രൂപ നേടിയെടുക്കാന്‍ പോലും ആമിര്‍ ചിത്രത്തിന് കഴിഞ്ഞില്ല.
ചിത്രം പരാജയമായതോടെ തന്റെ പ്രതിഫലം ഉപേക്ഷിച്ച് ചിത്രത്തിന്റെ നഷ്ടം ഉള്‍ക്കൊള്ളാന്‍ ആമിര്‍ തീരുമാനിച്ചു എന്നാണ് പുതിയ റിപ്പോര്‍ട്ട്.ശാരീരിക മാറ്റങ്ങള്‍ക്ക് ഉള്‍പ്പടെ ചിത്രത്തിനായി നാല് വര്‍ഷങ്ങളാണ് ആമിര്‍ നല്‍കിയത്. ആ കാലയളവില്‍ താരം മറ്റെവിടെ നിന്നും നിന്ന് പണം സമ്പാദിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ചിത്രത്തിന്റെ ട്രെയ്ലര്‍ ഇറങ്ങിയതിന് പിന്നാലെ ആമിര്‍ സിഖ് സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തിയെന്ന് ചിലര്‍ക്ക് തോന്നി. എന്നാല്‍, മറ്റു ചിലര്‍ക്ക് സിനിമയില്‍ ഇന്ത്യന്‍ സൈന്യത്തോട് അനാദരവ് കാണിക്കുന്നതായാണ് തോന്നിയത്. ഇവയെല്ലാം ചിത്രത്തിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചു. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിട്ടപ്പോള്‍ രാജ്യത്തെ എല്ലാ തിയേറ്ററുകളിലും നിന്നായി ചിത്രത്തിന് 49 കോടി രൂപ മാത്രമാണ് നേടാനായത്.
ചിത്രത്തിന്റെ പരാജയത്തിന്റെ ആഘാതം കുറയ്ക്കാന്‍ ഒടുവില്‍ നിര്‍ണ്ണായക പ്രഖ്യാപനവുമായി നായകന്‍ അമീര്‍ഖാന്‍ തന്നെ രംഗത്തെത്തിയിരുന്നു. ചിത്രം തിയേറ്ററില്‍ നിന്നുതന്നെ കാണണമെന്നാണ് അമീര്‍ഖാന്‍ ആവശ്യപ്പെട്ടത്. ചിത്രം ആറ് മാസത്തേക്ക് ഒടിടിയില്‍ വരില്ലെന്നാണ് താരം അറിയിച്ചത്. ഒടിടി പ്ലാറ്റ്ഫോമുകള്‍ സിനിമയ്ക്ക് ഒരു വെല്ലുവിളിയല്ല. എന്നാല്‍, ബോളിവുഡിന് അത് ഒരു വെല്ലുവിളിയാണ്. ആളുകള്‍ക്ക് തിയേറ്ററുകളില്‍ പോകാനുള്ള ജിജ്ഞാസ കുറഞ്ഞുവെന്നും സിനിമകള്‍ തിയേറ്ററുകളില്‍ വന്നതിന് ശേഷം പെട്ടെന്ന് ഒ.ടി.ടിയില്‍ വരുന്നുവെന്നും ആമിര്‍ ഖാന്‍ പറഞ്ഞിരുന്നു.
എന്നാല്‍ ചിത്രത്തിന്റെ ബോക്സ് ഓഫീസിലെ വിധി നിര്‍മ്മാതാക്കളെ ആ തീരുമാനം പുനഃപരിശോധിക്കാന്‍ പ്രേരിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. റിലീസ് ചെയ്ത് എട്ട് ആഴ്ചയ്ക്കുള്ളില്‍ ലാല്‍ സിംഗ് ഛദ്ദയും OTT-യില്‍ റിലീസ് ചെയ്യും എന്നാണു ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്.
അതുല്‍ കുല്‍ക്കര്‍ണി എഴുതി അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്ത ലാല്‍ സിംഗ് ഛദ്ദയില്‍ ആമിറിനെ കൂടാതെ കരീന കപൂര്‍, നാഗ ചൈതന്യ, മോന സിംഗ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. അക്ഷയ് കുമാറിന്റെ രക്ഷാ ബന്ധനാപ്പം റിലീസ് ചെയ്ത ചിത്രത്തിന് ആദ്യ ദിനം ബോക്സ് ഓഫീസില്‍ 11.70 കോടി രൂപ മാത്രമാണ് നേടാനായത്. തുടര്‍ന്നുള്ള ആഴ്ചയില്‍ ബോക്സ് ഓഫീസ് കളക്ഷന്‍ 50.98 കോടിയായി ഉയര്‍ന്നെങ്കിലും, ഇത് പ്രതീക്ഷിച്ചതിലും വളരെ കുറവാണ്.