കുരുക്ഷേത്ര എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടനാണ് റോണി വര്‍ഗീസ്. ആനന്ദം എന്ന സിനിമയിലെ ചാക്കോ സാറാണ് റോണിക്ക് സിനിമയില്‍ ബ്രേക്ക് നല്‍കിയത്. ഒരു നടന്‍ എന്നതിലുപരി ഡോക്ടര്‍ കൂടിയാണ് റോണി. അഭിനയം തുടങ്ങും മുമ്പ് കിംസില്‍ ഫിസിഷ്യനായിരുന്നു അദ്ദേഹം. സിനിമകളില്‍ പലര്‍ക്കും രക്ഷകവേഷം ചെയ്തിട്ടുള്ള ഡോ റോണി ഇപ്പോള്‍ ഒരു തമിഴ്‌നാട് സ്വദേശിയായ പൂര്‍ണ ഗര്‍ഭിണിക്കും, ഭര്‍ത്താവിനും രക്ഷകനായി അവതരിച്ചിരിക്കയാണ്.
കൊച്ചി തമ്മനത്ത് കോവിഡ് ആരോപിച്ച് തമിഴ്‌നാട് സ്വദേശിയായ പൂര്‍ണ ഗര്‍ഭിണിയേയും, ഭര്‍ത്താവിനേയും ഫഌറ്റില്‍ നിന്ന് ഇറക്കി വിടാനുള്ള ശ്രമത്തിലാണ് റോണിയുടെ സമയോചിത ഇടപെടല്‍ ഇവരെ രക്ഷിച്ചത്. കോവിഡ് വൈറസ് ബാധയില്ലെന്ന പരിശോധന ഫലം നല്‍കിയിട്ടും ഫഌറ്റൊഴിയണമെന്ന നിലപാടിലായിരുന്നു ഭാരവാഹികള്‍.
രണ്ട് ദിവസത്തിനുള്ളില്‍ പ്രസവം നടക്കാനിരിക്കുന്ന പൂര്‍ണ ഗര്‍ഭിണിയെയാണ് കൊറോണ ആരോപിച്ച് ഫഌറ്റ് ഒഴിയാന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടത്. ഇവര്‍ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തില്‍ ചികിത്സയ്ക്ക് എത്തിയതാതായിരുന്നു പ്രധാന പ്രശ്‌നം. കോവിഡ് നെഗറ്റീവാണെന്നും വൈറസ് ഇല്ലെന്നുമുള്ള തമിഴ്‌നാട് സര്‍ക്കാറിന്റേയും സംസ്ഥാന സര്‍ക്കാറിന്റേയും പരിശോധന ഫലം ദമ്പതികള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് നല്‍കി.
എന്നാല്‍ ഭാരവാഹികള്‍ വിട്ട് വീഴ്ചയ്ക്ക് തയാറായില്ല. ഇതോടെ ദമ്പതികള്‍ക്ക് സംരക്ഷണം നല്‍കിയിരുന്ന ഡോക്ടറും സിനിമ നടനുമായ റോണി ഡേവിഡ് രംഗത്തെത്തി. സംഭവം മാധ്യമങ്ങളില്‍ അറിയിക്കുകയും എംഎല്‍എ, കലക്ടര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ ഈ വിഷയത്തില്‍ ഇടപെടുകയുമായിരുന്നു. ഇത്തരം സംഭവങ്ങള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും അന്വേഷിച്ച് കേസെടുക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു.ഇതുപോലുള്ള പെരുമാറ്റങ്ങള്‍ നാടിന് അപമാനമെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് വ്യക്തമാക്കി. അതേ സമയം കൊറോണയാണെന്ന് തെറ്റ് ധരിച്ചാണ് ഫുഡ് വേയ്‌സ്റ്റെടുക്കാന്‍ ജോലിക്കാര്‍ പോകാതിരുന്നതെന്നും ദമ്പതികളോട് ഫഌറ്റൊഴിയാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ആണ് അസോസിയേഷന്‍ ഭാരവാഹികളുടെ വിശദീകരണം.