മലയാള സിനിമ പ്രേമികളുടെ പ്രിയ ഗായകനും നടനും സംവിധായകനുമാണ് വിനീത് ശ്രീനിവാസൻ. ഇന്ന് താരത്തിന്റെ ഇളയ മകള്‍ ഷനായയുടെ ഒന്നാം ജന്‍മദിനമാണ്. ഈ അവസരത്തിൽ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ച് എത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍. മകള്‍ ജനിച്ചത് വലിയ പോരാട്ടം നടത്തിയാണ്, അതിനാല്‍ തന്നെ ജന്‍മനാ തന്നെ യോദ്ധാവാണ് അവള്‍ എന്നാണ് വിനീത് തന്റെ കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
വിനീത് ശ്രീനിവാസന്റെ കുറിപ്പിലൂടെ
ഒരു വര്‍ഷം മുമ്പ് ഒരു ബുധനാഴ്ച രാത്രി ഹൃദയം എന്ന ചിത്രത്തിനായി ഒരു ഗാനം ചിട്ടപ്പെടുത്തിയ ശേഷം ഞാന്‍ വൈറ്റിലയിലെ വാടക അപ്പാര്‍ട്‌മെന്റിലെത്തി. പ്രസവത്തീയ്യതി ഒരു ദിവസം വൈകിയിരുന്നതിനാല്‍ പ്രതീക്ഷിച്ചത് പോലെ തന്നെ ചില അസ്വസ്ഥകള്‍ ഉണ്ടന്ന് ദിവ്യ പറഞ്ഞിരുന്നു. കനത്ത മഴയുള്ള രാത്രിയായിരുന്നു, പുലര്‍ച്ചെ മൂന്ന് മണിയോടെ ദിവ്യ റെസ്റ്റ് റൂമിലേക്ക് പോകുന്നത് കണ്ടു. പാതിമയക്കത്തില്‍ ആയിരുന്നതിനാല്‍ എന്താണെന്ന് വ്യക്തതയുണ്ടായില്ല.
മൂന്നരയോടെ ദിവ്യ തോളില്‍ തട്ടി കുഞ്ഞ് വരാറായെന്ന് തോന്നുന്നു എന്ന് പറഞ്ഞു. പിന്നീട് പതിനാലര മണിക്കൂര്‍ നീണ്ട പ്രസവവേദന. ഈ സമയം മുഴുവന്‍ ഞാന്‍ അവള്‍ക്കൊപ്പമായിരുന്നു. ഞാനിതുവരെ കണ്ടതില്‍ വച്ചേറ്റവും വലിയ പോരാട്ടം പോലെയാണ് അനുഭവപ്പെട്ടത്. വൈകിട്ട് അഞ്ചരയോടെ പ്രിയങ്കയുടെയും ബര്‍ത്ത് വില്ലേജിലെ വയറ്റാട്ടികളുടെയും സഹായത്തോടെ ഞങ്ങളുടെ കുഞ്ഞു മകള്‍ പുറത്തെത്തി. ഈ ലോകത്തിലേക്കെത്താന്‍ വലിയൊരു പോരാട്ടം തന്നെ അവള്‍ നടത്തി.