മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ യുവനടനാണ് പൃത്വി രാജ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ ഇപ്പോൾ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്ക്കാരങ്ങള്ക്കെതിരായി വലിയ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ നടൻ പൃഥ്വിരാജ് പങ്കുവച്ച ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണ് ലക്ഷദ്വീപെന്നും അതിലും മനോഹരമായ ആളുകളാണ് അവിടെ താമസിക്കുന്നതെന്നും പൃഥ്വിരാജ് സോഷ്യൽ മീഡിയയിലൂടെ തുറന്ന് പറയുന്നു. ലക്ഷദ്വീപിലെ ജനങ്ങളുടെ ശബ്ദം നമ്മള് കേള്‍ക്കേണ്ടതുണ്ടെന്നും അവരുടെ ദേശത്തിന് ഏറ്റവും നല്ലത് എന്താണെന്ന് അറിയുന്ന, അവിടുത്തുകാര്‍ പറയുന്നതാണ് നമ്മള് വിശ്വസിക്കേണ്ടതെന്നും പൃഥ്വിരാജ് ഫേസ്ബുക്കിലൂടെ കുറിച്ചു.
ലക്ഷദ്വീപ്, മനോഹരമായ ഈ ദ്വീപ് സമൂഹത്തെ കുറിച്ചുള്ള എന്റെ ആദ്യകാല ഓര്‍മ്മകള്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ പോയ വിനോദയാത്രയില്‍ നിന്നുമുള്ളതാണ്. അവിടുത്തെ കാഴ്ചകള്‍ എന്നെ അമ്പരപ്പിക്കുന്നതായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ദ്വീപുകളില്‍ സിനിമാ ചിത്രീകരണത്തെ തിരികെ കൊണ്ടു വന്ന സച്ചിയുടെ അനാര്‍ക്കലിയുടെ ഭാഗമായിരുന്നു ഞാന്‍. രണ്ട് മാസങ്ങള്‍ ഞാന്‍ കവരത്തിയില്‍ ചെലവിട്ടു. നല്ല സുഹൃത്തുക്കളേയും എന്നന്നേക്കുമായുള്ള ഓര്‍മ്മകളേയും നേടി. രണ്ട് വര്‍ഷം മുമ്പ്, ഞാന്‍ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിലെ ഒരു സുപ്രധാന രംഗം ചിത്രീകരിക്കാനായി ഞാനവിടേക്ക് വീണ്ടും പോയി.
ലക്ഷദ്വീപിലെ ഊഷ്മള ഹൃദയരായ ജനങ്ങളില്ലായിരുന്നുവെങ്കില്‍ ഇതൊന്നും സാധ്യമാകുമായിരുന്നില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദ്വീപുകളില്‍ നിന്നുമുള്ള എനിക്ക് അറിയുന്നതും അറിയാത്തതുമായ ആളുകളില്‍ നിന്നുമുള്ള സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. അവിടെ നടക്കുന്നത് പൊതുജന ശ്രദ്ധയില്‍ കൊണ്ടുവരാന്‍ എന്നാല്‍ സാധിക്കുന്നത് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചിലപ്പോഴൊക്കെ അപേക്ഷിക്കുകയും ചെയ്യുകയാണ് അവര്‍. പുതിയ അഡ്മിനിസ്ട്രേറ്ററുടെ പരിഷ്കാരങ്ങള്‍ എന്തുകൊണ്ട് അസാധാരണമാണെന്നൊന്നും ഞാന്‍ എഴുതാന്‍ പോകുന്നില്ല. വായിക്കേണ്ടവര്‍ക്ക് എല്ലാം ഓണ്‍ലൈനില്‍ ലഭ്യമാണ്.
എനിക്ക് ഉറപ്പായും അറിയുന്ന കാര്യം, എനിക്ക് അറിയുന്നവരോ എന്നോട് സംസാരിച്ചവരോ ആയ ദ്വീപുകാര്‍ ആരും തന്നെ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളില്‍ സന്തുഷ്ടരല്ല എന്നതാണ്. ഞാന്‍ ഉറച്ച് വിശ്വസിക്കുന്ന കാര്യം എന്തെന്നാല്‍, ഏതൊരു നിയമവും പരിഷ്കരണവും ഭേദഗതിയും ഭൂമിയ്ക്ക് വേണ്ടിയല്ല ഭൂമിയിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് എന്നതാണ്.
ഭൂമിശാസ്ത്രപരമായതോ രാഷ്ട്രീയപരമായതോ ആയ അതിരുകളല്ല മറിച്ച് അവിടെ ജീവിക്കുന്ന ജനങ്ങളാണ് ഒരു രാജ്യത്തേയും സംസ്ഥാനത്തേയും യൂണിയന് ടെറിറ്ററിയേയും രൂപീകരിക്കുന്നത്. എങ്ങനെയാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമാധാനപരമായൊരു പ്രദേശത്തിന്റെ ജീവിതരീതിയെ തകര്‍ക്കുന്നത് പുരോഗമനമാകുന്നത്? അന്തരഫലങ്ങളെ പരിഗണിക്കാതെ അതിലോലമായ ദ്വീപ് ആവാസവ്യവ്സ്ഥയുടെ സന്തുലിതാവസ്ഥയെ തകര്‍ക്കുന്നത് എങ്ങനെയാണ് സുസ്ഥിര വികസനമാവുക?
എനിക്ക് നമ്മുടെ സംവിധാനത്തില്‍ വിശ്വാസമുണ്ട്. അതിലും വിശ്വാസം നമ്മുടെ ജനങ്ങളിലുണ്ട്. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടൊരു അതോറിറ്റിയുടെ തീരുമാനങ്ങളില്‍ ഒരു സമൂഹം മൊത്തം അതൃപ്തി അറിയിക്കുമ്പോള്‍, അവരുടെ നിയമനത്തില്‍ ജനങ്ങള്‍ക്ക് യാതൊരു അഭിപ്രായ പ്രകടനത്തിനും അവസരമില്ലായിരുന്നു, ലോകത്തിന്റേയും സര്‍ക്കാരിന്റേയും ശ്രദ്ധയിലേക്ക് അത് കൊണ്ടു വരുമ്പോള്‍ പ്രതികരിക്കുകയല്ലാതെ മറ്റൊരു വഴിയില്ല. അതിനാല്‍ ലക്ഷദ്വീപിലെ ജനങ്ങളുടെ ശബ്ദം കേള്‍ക്കുക, അവരുടെ മണ്ണിന് നല്ലത് എന്താണെന്ന് നല്ലതെന്ന് അറിയാന്‍ അവരെ വിശ്വസിക്കുക. ലോകത്തിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നാണത്. അതിലും മനോഹരമായ ജനങ്ങള്‍ അവിടെ ജീവിക്കുന്നുമുണ്ട്.