ബോളിവുഡിലെ താരരാജാവായ ഷാരുഖാന്റെ മകളായതിനാല്‍ തന്നെ സിനിമയിലേക്ക് ചേക്കേറുന്നതിന് മുന്‍പ് തന്നെ പ്രശസ്തിയിലെത്തിയ താരപുത്രിയാണ് സുഹാന ഷാന്‍. ഇതിനകം തന്നെ മറ്റ് താരപുത്രിമാര്‍ക്ക് ലഭിക്കുന്നതിനെക്കാളും ജനപ്രീതി നേടാന്‍ താരപുത്രിയ്ക്ക് സാധിച്ചിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം സിനിമ തന്നെയാണ് സുഹാന ഇപ്പോൾ ലക്ഷ്യം വയ്ക്കുന്നത്. എന്നാൽ ഇപ്പോൾ ഇന്‍സ്റ്റാഗ്രാമിലൂടെ സുഹാന പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
'ഇപ്പോള്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ട്. അതില്‍ പരിഹരിക്കപ്പെടേണ്ട വിഷയങ്ങളിലൊന്നാണിത്. ഇത് എന്നെ കുറിച്ച് മാത്രമല്ല. വളര്‍ന്ന് വരുന്ന എല്ലാ ചെറിയ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും യാതൊരു കാരണവുമില്ലാതെ തരംതാഴ്ത്തുന്ന പ്രവണതയാണ്. എന്റെ രൂപത്തെ കുറിച്ച് വന്ന ചില കമന്റുകള്‍ ഇതാ... എന്റെ തൊലിയുടെ നിറം ഇരുണ്ടതായതിനാല്‍ ഞാന്‍ വൃത്തികെട്ടവളാണെന്ന് എനിക്ക് പന്ത്രണ്ട് വയസുള്ളപ്പോള്‍ തന്നെ പ്രായമായ ചില സ്ത്രീകളും പുരുഷന്മാരുമൊക്കെ എന്നോട് പറഞ്ഞിട്ടുണ്ട്.
ഇവര്‍ ശരിക്കും മുതിര്‍ന്നവരാണെന്നത് മാത്രമല്ല ഇന്ത്യക്കാരായ നമുക്കെല്ലാവര്‍ക്കും ഇരുണ്ട നിറമുള്ളത് സ്വാഭാവികമാണെന്ന് മറന്ന് പോകുന്നു എന്നതും സങ്കടകരമാണ്. അതേ നമ്മളെല്ലാവരും വ്യത്യസ്തമായ രൂപങ്ങളിലാണ് ജനിക്കുന്നത്. മെലാനില്‍ നിന്ന് എത്ര അകലാന്‍ നോക്കിയാലും അതിന് നമുക്ക് കഴിയില്ല. നമ്മുടെ പ്രിയപ്പെട്ടവര്‍ തന്നെ വെറുപ്പ് കാണിക്കുമ്പോള്‍ അത്രത്തോളം വേദന നിറഞ്ഞതും സുരക്ഷിതമല്ലാത്തതുമായ അവസ്ഥയാണ്.
ഇന്ത്യയിലുള്ളവരും അല്ലെങ്കില്‍ നമ്മുടെയൊക്കെ സ്വന്തം കുടുംബങ്ങളില്‍ തന്നെയുള്ളവരും 5'7 പൊക്കത്തില്‍ വെളുത്ത് ഇരിക്കുന്നവര്‍ മാത്രമാണ് സൗന്ദര്യമുള്ളവരെന്ന് നമ്മളെ ബോധ്യപ്പെടുത്തിയിട്ടുണ്ടെങ്കില്‍ സമൂഹ മാധ്യമങ്ങളോട് ഞാന്‍ ക്ഷമ ചോദിക്കുകയാണ്. ഞാന്‍ 5'3 ഉം ഇരുണ്ട നിറമുളള ആളാണ്. അതില്‍ എനിക്ക് സന്തോഷം മാത്രമേ ഉള്ളു. നിങ്ങള്‍ക്കും അങ്ങനെ ആയിരിക്കുമെന്ന് അറിയാന്‍ ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. (#endcolourism) എന്ന ഹാഷ് ടാഗിലാണ് താരപുത്രി ഇത്രയു കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.
തന്നെ കുറിച്ച് വളരെ മോശമായ രീതിയിൽ കമൻ്റുകൾ ഇട്ടവരുടെ പ്രതികരണവും പുതിയ പോസ്റ്റിനൊപ്പം സുഹാന പങ്കുവെച്ചിരിക്കുകയാണ്. അതുപോലെ മനോഹരമായൊരു ഫോട്ടോയും താരപുത്രി പുറത്ത് വിട്ടിട്ടുണ്ട്. വളരെ കുറഞ്ഞ സമയം കൊണ്ട് വൈറലായ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് താരപുത്രിയെ പിന്തുണച്ച് കൊണ്ട് എത്തിയിരിക്കുന്നത്.