ലഹരിമരുന്ന് കൈവശം വച്ചെന്ന കേസില്‍ ഷാര്‍ജയില്‍ അറസ്റ്റിലായ ബോളിവുഡ് നടി ക്രിസാന്‍ പെരേര ജയില്‍ മോചിതയായി. നടിയുടെ സഹോദരനാണ് ക്രിസാന്‍ ജയില്‍ മോചിതയായ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
സഹോദരനായ കെവിന്‍ പെരേര ഇന്‍സ്റ്റാഗ്രാമില്‍ ക്രിസാന്‍ പെരേരയുമായുള്ള വീഡിയോ കാള്‍ സംഭാഷണം പങ്കുവെച്ചുകൊണ്ടായിരുന്നു ഇക്കാര്യം പറഞ്ഞത്. നടി വെള്ളിയാഴ്ചയോടെ ഇന്ത്യയില്‍ തിരിച്ചെത്തുമെന്നും വ്യക്തമാക്കി.തുടര്‍ന്ന് വീഡിയോ കോളിലൂടെ കുടുംബാംഗങ്ങളെ കണ്ടു.
മകള്‍ ജയില്‍ മോചിതയായ വിവരമറിഞ്ഞ് തുള്ളിച്ചാടുന്ന അമ്മയുടെ വീഡിയോ ക്രിസാന്‍ പെരേരയുടെ സഹോദരന്‍ കെവിന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. 'ക്രിസാന്‍ ജയില്‍ മോചിതയായി! നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ ഇന്ത്യയിലെത്തും.'- എന്ന അടിക്കുറിപ്പോടെയാണ് കെവിന്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഈ മാസം ഒന്നിനായിരുന്നു 27-കാരിയായ ക്രിസാന്‍ പെരേര മയക്കുമരുന്ന് കേസില്‍ പിടിയിലാവുന്നത്. ഷാര്‍ജയില്‍ നിന്ന് കണ്ടെത്തിയ അവാര്‍ഡ് ട്രോഫിക്കുള്ളില്‍ മയക്കുമരുന്ന് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ പിന്നീട് സംഭവത്തില്‍ മുബൈ സ്വദേശികളായ പ്രതികള്‍ അറസ്റ്റിലാവുകയും കുറ്റം സമ്മതിക്കുകയും ചെയ്തു . കൂടാതെ നിരപരാധിയാണെന്നും ക്രിസാനെ മോചിപ്പിക്കുന്നതിനായി പ്രധാനമന്ത്രിയും എംഇഎയും വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടിയുടെ കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു. ഏപ്രില്‍ ഒന്നു മുതല്‍ ക്രിസാന്‍ പെരേര ഷാര്‍ജ ജയിലില്‍ കഴിയുകയായിരുന്നു.
നിലവില്‍ ബേക്കറി ഉടമയായ ആന്റണി പോള്‍ (35) ഇയാളുടെ സുഹൃത്ത് ബാങ്കര്‍ രവി എന്ന രാജേഷ് ബുഭാതെ (34) എന്നിവരെ കേസില്‍ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിക്ക് പെരേര കുടുംബത്തോടുള്ള പൂര്‍വവൈരാഗ്യമാണ് നടിയെ കുടുക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഒരു ഗ്ലോബല്‍ വെബ്‌സീരീസിന്റെ ഓഡിഷനായി ഷാര്‍ജയിലേക്കു പോകണമെന്നാവശ്യപ്പെട്ടാണ് ആന്റണി പോളിന്റെ കൂട്ടാളിയായ രാജേഷ് നടിയെ സമീപിച്ചത്. തുടര്‍ന്ന് ദുബായിലേക്ക് പോകുന്നതിന് മുന്‍പ് കയ്യില്‍ ട്രോഫി കൂടി കരുതണം എന്ന് ആവശ്യപ്പെടുകയും അതില്‍ മയക്കുമെന്ന് ഒളിപ്പിച്ച് നല്‍കുകയും ആയിരുന്നു. തുടര്‍ന്ന് നടി വിമാനത്താവളത്തിലിറങ്ങിയതിനു പിന്നാലെ പ്രതികള്‍ ഷാര്‍ജ പൊലീസില്‍ ലഹരി മരുന്നിനെ കുറിച്ച് വിവരം നല്‍കുകയായിരുന്നു.
അതേസമയം ഗ്ലോബല്‍ വെബ് സീരീസുകളില്‍ റോളുകള്‍ നല്‍കാമെന്ന് ഉറപ്പുനല്‍കിക്കൊണ്ട് പോള്‍ മറ്റ് ചില അഭിനേതാക്കളെയും ഇതേ രീതിയില്‍ കുടുക്കാന്‍ ശ്രമിച്ചതായി മുംബൈ പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ പ്രതിയായ ആന്റണി പോള്‍ ക്രിസാനിന്റെ അമ്മ പ്രമീളയുമായും സഹോദരന്‍ കെവിനുമായും നേരത്തെ പലവട്ടം വഴക്കിട്ടുണ്ട്. ഇതിനെ തുടര്‍ന്നുണ്ടായ പ്രതികാരമാണ് പ്രതിയെ ഈ കൃത്യത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ നിഗമനം. ബോളിവുഡ് ചിത്രങ്ങളായ സഡക്-2, ബട്ല ഹൗസ്, വെബ് സീരീസായ തിങ്കിസ്ഥാന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയയായ താരമാണ് ക്രിസാന്‍ പെരേര