അഭിനയം കൊണ്ട് മലയാളിയെ എക്കാലത്തും അമ്പരപ്പിച്ച നടനാണ് ഭരത് മുരളി. മലയാള സിനിമയിൽ മുരളിയുടെ സംഭാവനകൾ എണ്ണിയാലൊടുങ്ങാത്തവയാണ്. സ്വാഭാവികമായ അഭിനയ ശൈലി കൊണ്ട് മലയാള സിനിമയെ വിസ്മയിപ്പിച്ച നടൻ ഓർമയായിട്ട് ഇന്ന് 11 വർഷം തികഞ്ഞ പശ്ചാത്തലത്തിൽ പ്രിയപ്പെട്ട മുരളിച്ചേട്ടന്റെ ഓർമ്മകൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് പ്രശസ്ത സംവിധായകൻ ഷാജി കൈലാസ്.
മുരളിച്ചേട്ടനുമായുള്ള ബന്ധം തുടങ്ങുന്നത് സിനിമയിലൂടെയല്ല അദ്ദേഹം യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്യുമ്പോൾ തന്നെ നരേന്ദ്രപ്രസാദ് സാറും ഞാനും മുരളി ചേട്ടനും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. ജഗതി കണ്ണേറ്റുമുക്കിലുള്ള ഒരു ലോഡ്ജിൽ ആണ് ഞങ്ങൾ സ്ഥിരം കൂടിയിരുന്നത്. അവിടെ ഊട്ടി ഉറപ്പിച്ച ബന്ധമാണ് ഞങ്ങൾ തമ്മിൽ. മിക്ക വൈകുന്നേരങ്ങളിലും ഞങ്ങൾ അവിടെ കൂടും. 1984 കാലഘട്ടത്തിൽ ആയിരുന്നു അത്. സിനിമയും സംഗീതവും രാഷ്ട്രീയവും നാടകവും എന്നുവേണ്ട ആകാശത്തിനു കീഴിലുള്ള എല്ലാം ചർച്ചാവിഷയമാകും. അഭിനേതാക്കൾ എന്നതിലുപരി കേരളത്തിന്റെ രാഷ്ട്രീയ സാംസ്കാരിക തലങ്ങളെക്കുറിച്ചെല്ലാം വ്യക്തമായ ധാരണയുള്ള രണ്ടുപേരായിരുന്നു അവർ. അവരുടെ സംസാരം കേൾക്കാനായി മാത്രം ഞങ്ങൾ കുറേപേർ അവിടെ ഒത്തുചേരും. ഞാൻ ഓരോന്ന് പറഞ്ഞു മുരളിച്ചേട്ടനെ പ്രകോപിപ്പിച്ചുകൊണ്ടിരിക്കും അപ്പോഴാണ് അദ്ദേഹത്തിന്റെ ഉള്ളിൽ ഉള്ളത് മുഴുവൻ പുറത്തുവരിക. അദ്ദേഹത്തിന്റെ സംസാരം കേട്ടിരിക്കാൻ എനിക്ക് വളരെ ഇഷ്ടമായിരുന്നു. കുറേക്കാലം അങ്ങനെ പോയി അതിനു ശേഷം മുരളിച്ചേട്ടൻ സിനിമയിലെത്തി, പിന്നാലെ പ്രസാദ് സാറും. അങ്ങനെ സിനിമയിൽ വീണ്ടും ഞങ്ങൾ ഒന്നിച്ചു.
മലയാളികൾക്ക് എന്നെന്നും ഓർത്തിരിക്കാൻ ഒട്ടനവധി അവിസ്മരണീയ കഥാപാത്രങ്ങൾ അവർ സമ്മാനിച്ചു. മുരളിച്ചേട്ടനുമായി ഏറ്റവും കൂടുതൽ തർക്കിച്ചിട്ടുള്ളത് ഞാൻ ആണ്. പുള്ളി സപ്പോർട്ട് ചെയ്തു പറയുന്നതിന് ഞാൻ എതിര് പറയും. അപ്പോഴാണ് പുള്ളിയുടെ യഥാർത്ഥ രൂപം കാണാൻ കഴിയുന്നത്. അടി ഉണ്ടാക്കുന്ന ഘട്ടത്തിൽ വരെ എത്തിയിട്ടുണ്ട് അതൊക്കെ ഒരു തമാശ ആയിരുന്നു, ഞാൻ ആ സൗഹൃദം ആസ്വദിച്ചിരുന്നു. എന്റെ വീട്ടിൽ ഇടയ്ക്കിടെ വരുമായിരുന്നു. അദ്ദേഹത്തോട് എത്ര സംസാരിച്ചിരുന്നാലും മതിയാകില്ല. പെട്ടെന്നാണ് ഇവരൊക്കെ പോയത്. ഇങ്ങനെയുള്ള പ്രതിഭകളൊക്കെ അപ്രത്യക്ഷമാകുമ്പോ വല്ലാത്ത ശൂന്യതയാണ് അനുഭവപ്പെടുന്നത്. ഒരു കഥാപാത്രം ഇവരുടെയൊക്കെ കൈയിൽ ഏൽപ്പിച്ചാൽ അത് ഭദ്രമാണ്. അവർ ആ കഥാപാത്രം എങ്ങനെക്കൊണ്ടുപോകും എന്ന് നമുക്കറിയാം. രണ്ടുപേരും തട്ടിൽ നിന്നും വന്നവരാണ്. കാവാലം സാറിന്റെ കൂടെ പ്രവർത്തിച്ചവരാണ്. നാടകം എഴുതുകയും ഒരുപാട് നാടകങ്ങൾ അഭിയനയിച്ച് പാകം വന്നു സിനിമയിലേക്ക് വന്നവരാണ്. ആ ശൂന്യത നികത്താൻ പിന്നെ ആർക്കും സാധിച്ചിട്ടില്ല.
അടുത്ത സുഹൃത്തായ പ്രസാദ് സാറിന്റെ മരണം മുരളി ചേട്ടനെ വല്ലാതെ ഉലച്ചിരുന്നു. ആദവൻ എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നും വന്നതിനു ശേഷമാണ് അസുഖം അധികരിച്ചത്. ആശുപത്രിയിലാകുന്നതിനു മുൻപേ എന്നെ വിളിച്ചിരുന്നു. ആശുപത്രിയിൽ എത്തിയപ്പോഴേക്കും അസുഖം വളരെയധികം മൂർച്ഛിച്ചിരുന്നു. ആരോഗ്യസ്ഥിതി ഒന്നും പുറത്തുപറയാതെ കൊണ്ട് നടന്നു. ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഇപ്പോഴും ആ സത്യമൊന്നും ഉൾക്കൊള്ളാൻ എനിക്ക് കഴിഞ്ഞിട്ടില്ല. മലയാള സിനിമയിലെ ഒരു വന്മരമായിരുന്നു വീണുപോയത്. മലയാളത്തിലെ തന്റേടിയായ നായകൻ. അതിനു മുൻപും അത്തരമൊരു വ്യക്തിത്വം ഉണ്ടായിട്ടില്ല, സിനിമയുടെ വസന്തകാലമായിരുന്നു അത്. ഇനിയും അത്തരം വ്യക്തിപ്രഭാവമുള്ള അഭിനേതാക്കളെ പ്രതീക്ഷിക്കുകയാണ്. അകാലത്തിൽ പൊലിഞ്ഞ പ്രതിഭയായിരുന്നു മുരളി ചേട്ടൻ, അതികഠിനമായ വിഷമത്തോടെയല്ലാതെ മുരളിച്ചേട്ടൻ മറഞ്ഞുപോയത് എനിക്ക് ഓർക്കാൻ കഴിയില്ല