മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയുടെ ജീവിതം സിനിമ ആകുന്നു. 'മെയിന്‍ റഹൂന്‍യാ നാ രഹൂന്‍, യേ ദേശ് രഹ്ന ചാഹിയേ-അടല്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഉല്ലേഖ് എന്‍പിയുടെ 'ദ അണ്‍ടോള്‍ഡ് വാജ്പേയി: പൊളിറ്റീഷ്യന്‍ ആന്‍ഡ് പാരഡോക്സ്' എന്ന പുസ്തകത്തിന്റെ ആവിഷ്‌കാരമാണ്. ചിത്രത്തിന്റെ പ്രഖ്യാപനത്തോടൊപ്പം തന്നെ ടീസറും ചൊവ്വാഴ്ച പുറത്തിറങ്ങി.
2023 ആദ്യം മുതല്‍ ചിത്രീകരണം ആരംഭിക്കാനും അടുത്ത വര്‍ഷം ക്രിസ്മസിന് ചിത്രം റിലീസ് ചെയ്യാനുമാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്. എന്നാല്‍ ചിത്രത്തിന്റെ സംവിധായകനെയും അഭിനേതാക്കളെയും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അടല്‍ ബിഹാരി വാജ്‌പേയിയുടെ 99-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് ചിത്രം റീലീസ് ചെയ്യുന്നത്. വിനോദ് ഭാനുശാലിയും സന്ദീപ് സിംഗും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
എന്റെ ജീവിതകാലം മുഴുവന്‍ അടല്‍ജിയുടെ വലിയ ആരാധകനായിരുന്നു ഞാന്‍. നമ്മുടെ രാഷ്ട്രനിര്‍മ്മാണത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ സമാനതകളില്ലാത്തതാണ്, അദ്ദേഹത്തിന്റെ പാരമ്പര്യം വെള്ളിത്തിരയിലേക്ക് കൊണ്ടുവരുന്നത് ഞങ്ങള്‍ക്ക് വലിയ ബഹുമതിയാണ് - പ്രൊജക്റ്റിനെക്കുറിച്ച് സംസാരിച്ച നിര്‍മ്മാതാവ് വിനോദ് ഭാനുശാലി പറഞ്ഞു.
ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ച രാഷ്ട്രീയ പ്രവര്‍ത്തകനും നയതന്ത്രജ്ഞനുമാണ് അടല്‍ ബിഹാരി വാജ്പേയ് എന്ന എ.ബി. വാജ്പേയ്. 1996ല്‍ 13 ദിവസവും, 1998ല്‍ 13 മാസവും 1999 മുതല്‍ 2004 വരെ അഞ്ച് വര്‍ഷക്കാലം പ്രധാനമന്ത്രി ആയിട്ടുണ്ട്. അഞ്ച് ദശബ്ദക്കാലത്തോളം രാഷ്ട്രീയത്തില്‍ സജീവമായിരുന്ന അദ്ദേഹം നിരവധി തവണ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2009 ല്‍ രാഷ്ട്രീയ ജീവിതത്തില്‍ നിന്നം വിരമിച്ചു. എഴുത്ത് മേഖലയിലും അഗ്രഗണ്യനായിരുന്നു.അദ്ദേഹത്തിന്റെ ജന്മദിനം ഗവര്‍ണന്‍സ് ദിനമായാണ് ആചരിക്കുന്നത്. 2014 ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം എടുത്ത ആദ്യ തീരുമാനമായിരുന്നു ഇത്.