ഉലകനായകന് കമല്‍ ഹാസന്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കു
ന്ന 'ഇന്ത്യന്‍ 2' വില്‍ നടന്‍ നെടുമുടി വേണുവിന് പകരക്കാരനായി മറ്റൊരു മലയാളി താരമെത്തുന്നു. മലയാളിയായ നന്ദു പൊതുവാളാണ് നെടുമുടിക്ക് പകരക്കാരനായി സിനിമയില്‍ േേവഷമിടുന്നത്. ട്രേഡ് അനലിസ്റ്റ് ശ്രീധരന്‍ പിള്ളയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.
മലയാള സിനിമയില്‍ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് നന്ദു. നെടുമുടി വേണുവുമായി രൂപസാദൃശ്യമുള്ള നന്ദു ചിത്രത്തിലെ നടന്റെ കഥാപാത്രത്തിന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കുമെന്നാണ് ട്വീറ്റില്‍ പറയുന്നത്. ചിത്രത്തിലെ കുറച്ച് ഭാഗങ്ങള്‍ നെടുമുടി വേണു അഭിനയിച്ചിരുന്നു. ഇതിനിടെയായിരുന്നു വിയോഗം.
എസ് ശങ്കര്‍ സംവിധാനം ചെയ്ത ഇന്ത്യനില്‍ കൃഷ്ണസ്വാമി എന്ന കഥാപാത്രത്തെയാണ് നെടുമുടി വേണു അവതരിപ്പിച്ചത്. നടന്‍ നാസറായിരുന്നു അദ്ദേഹത്തിന് ചിത്രത്തില്‍ ശബ്ദം നല്‍കിയത്. 1996ല്‍ പുറത്തിറങ്ങിയ ചിത്രം വമ്പന്‍ വിജയമായിരുന്നു. നിരവധി സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടുകയും ചെയ്തു. 1996ലെ ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്നു ഇന്ത്യന്‍. ചിത്രത്തിലെ അഭിനയത്തിന് കമലഹാസന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം, സംസ്ഥാന പുരസ്‌കാരം, ഫിലിംഫെയര്‍ പുരസ്‌കാരം എന്നിവ ലഭിച്ചു. സുകന്യ, മനീഷ കൊയ്രാള, ഊര്‍മിള മഡ്നോദ്കര്‍, കസ്തൂരി, ഗൗണ്ടമണി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
2018ലാണ് ഇന്ത്യന്‍ 2വിന്റെ ചിത്രീകരണം ആദ്യമായി പ്രഖ്യാപിച്ചത്. പിന്നാലെ 2019ലും 2020ലും ചിത്രീകരണം ആരംഭിച്ചെങ്കിലും പല കാരണങ്ങളാല്‍ മുടങ്ങി. സെപ്തംബര്‍ 13ന് ചിത്രീകരണം പുനരാരംഭിക്കുമെന്നാണ് വിവരം. സുകന്യ, കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കര്‍, ഗുരുസോമസുന്ദരം, ബോബി സിന്‍ഹ, ഡല്‍ഹി ഗണേഷ് എന്നിവരാണ് രണ്ടാം ഭാഗത്തിലെ പ്രധാന താരങ്ങള്‍.