പോപ്പ് സംഗീതത്തിന്റെ ഇന്ദ്രജാലം കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച മൈക്കിള്‍ ജാക്‌സണ് ഇന്ന് 61-ാം
ജന്മദിനം. പ്രശസ്തിയുടെ കൊടുമുടി കയറിയപ്പോഴും വിവാദങ്ങളുടെ തോഴനായിരുന്ന ജാക്‌സണ്‍ന്റെ ഓര്‍മകളെ നെഞ്ചോട് ചേര്‍ക്കുകയാണ് ലോകമെമ്പാടുമുള്ള സംഗീത പ്രേമികള്‍.
അമേരിക്കന്‍ പോപ്പ് ഗായകന്‍, ഡാന്‍സര്‍, സംഗീത സംവിധായകന്‍, ഗാനരചയിതാവ് തുടങ്ങി തന്റെ ജീവിത സപര്യയില്‍ നേടിയെടുത്ത നേട്ടങ്ങള്‍ അനശ്വരമാണ്. ലോകത്ത് ഏറ്റവും കൂടുതലാളുകളെ വിനോദിപ്പിച്ച വ്യക്തി എന്ന പേരില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയിട്ടുണ്ട്.
ജാക്സണ്‍ കുടുംബത്തിലെ എട്ടാമനായാണ് മൈക്കലിന്റെ ജനനം. സഹോദരങ്ങളോടൊപ്പം 1960കളുടെ പകുതിയില്‍ 'ദ ജാക്സണ്‍ 5' എന്ന ബാന്റുമായാണ് സംഗീത ജീവിതത്തിന് തുടക്കമിടുന്നത്. 1971 മുതല്‍ ഒറ്റക്ക് പാടുവാന്‍ തുടങ്ങി. 70-കളുടെ അവസാനത്തോടെ ജാക്സണ്‍ ജനപ്രിയ സംഗീത രംഗത്തെ പ്രധാനിയായി മാറി. വര്‍ണ, വര്‍ഗ, ജാതി വിവേചനങ്ങള്‍ക്കതീതനായി ജാക്സണ്‍ പോപ് സംഗീതത്തിന്റെ കിരീടം ചൂടി.
എന്നാല്‍ ഇദ്ദേഹത്തിന്റെ സ്വകാര്യ ജീവിതം പലപ്പോഴും വിവാദങ്ങള്‍ക്കിടയാക്കി. ബാലപീഡകന്‍, സ്വവര്‍ഗാനുരാഗി, മയക്കുമരുന്ന് ഉപയോഗിക്കുന്നവന്‍ എന്നിങ്ങനെ ആരോപണങ്ങള്‍. ഇതിനിടെ സൗന്ദര്യ വര്‍ദ്ധനയ്ക്കായി ചെയ്ത ശസ്ത്രക്രിയകളുടെ പേരില്‍ ദുരന്തത്തില്‍ കലാശിച്ച രണ്ടു വിവാഹങ്ങളും.
2009 ജൂണ്‍ 25- ന് ലോകമെങ്ങും ഉള്ള ആരാധകരുടെ മനസ്സില്‍ ഒരിടം മാറ്റിവെച്ച് മൈക്കല്‍ ജാക്സണ്‍ വിട പറഞ്ഞു. എക്കാലത്തെയും മികച്ച പോപ്പ് താരമായ ജാക്സന്റെ 75 കോടി റെക്കോഡുകളാണു വിറ്റഴിഞ്ഞത്. മരണാനന്തരം ഏറ്റവും കൂടുതല്‍ പണം സമ്പാദിക്കുന്ന കലാകാരന്‍ എന്ന പേരും മൈക്കല്‍ ജാക്സണ് തന്നെ സ്വന്തം.