ബോളിവുഡ് താരവും സംവിധായനും നിര്‍മ്മാതാവുമായ രാകേഷ് റോഷന് ക്യാന്‍സറാണെന്ന് സ്ഥിരീകരിച്ച് മകനും ബോളിവുഡ് സൂപ്പര്‍താരവുമായ ഹൃത്വിക്ക് റോഷന്‍. ഇന്‍സ്റ്റാഗ്രാമിലൂടെ താരം പങ്കുവെച്ച കുറിപ്പ് കണ്ട് ആരാധകരും ഞെട്ടിയിരിക്കുകയാണ്. തൊണ്ടയിലാണ് ക്യാന്‍സര്‍ കണ്ടെത്തിയിരിക്കുന്നതെന്നും രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിലാണെന്നും താരം കുറിപ്പിലൂടെ വ്യക്തമാക്കുന്നു. അച്ഛനുമായി നില്‍ക്കുന്ന ചിത്രം സഹിതമാണ് ഹൃത്വിക്കിന്റെ പോസ്റ്റ്.
ഹൃത്വിക്കിന്റെ കുറിപ്പിങ്ങനെ
'അച്ഛനോട് ഞാന്‍ ഇന്ന് രാവിലെ ഒരുമിച്ചൊരു ചിത്രം ചോദിച്ചു. ശസ്ത്രക്രിയ ദിവസവും അദ്ദേഹം തന്റെ ജിം മുടക്കില്ല എന്നെനിക്ക് അറിയാമായിരുന്നു. എനിക്കറിയാവുന്നതില്‍ വച്ചേറ്റവും കരുത്തനായ വ്യക്തിയാണ് അദ്ദേഹം. കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പാണ് അച്ഛന് തൊണ്ടയില്‍ ക്യാന്‍സര്‍ ആണെന്ന് കണ്ടെത്തിയത്. പ്രാരംഭഘട്ടത്തിലാണ്.'
'പക്ഷെ ഇന്ന് അദ്ദേഹം വലിയ ഉന്മേഷത്തിലാണ്, ക്യാന്‍സറിനെതിരെ പോരാടാനുള്ള ഉറച്ച തീരുമാനത്തിലാണ്. ഒരു കുടുംബമെന്ന നിലയ്ക്ക് അദ്ദേഹത്തെ പോലൊരാള്‍ ഞങ്ങളെ നയിക്കാന്‍ മുന്നിലുള്ളതില്‍ ഞങ്ങള്‍ ഭാഗ്യം ചെയ്തവരും അനുഗ്രഹീതരുമാണ്.' ഹൃതിക് കുറിപ്പില്‍ പറയുന്നു.