കോവിഡ് താണ്ടവത്തില്‍ പല പ്രശസ്തരെയും ലോകത്തിന് നഷ്ടമായിക്കഴിഞ്ഞു. ഇന്ത്യയില്‍ പ്രമുഖ ഗായകനായ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെയും വിയോഗത്തിന് കാരണം കോവിഡായിരുന്നു. പല പ്രശസ്തരും രോഗമുക്തിയും നേടിയ വാര്‍ത്തകള്‍ എത്തുന്നുണ്ട്. തമിഴ് താരം വിജയകാന്തിനുംം നടി തമ്മന്നയ്ക്കും കോവിഡ് ബാധിച്ചത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ പ്രശസ്തനായ ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജിക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന വാര്‍ത്തയാണ് ആരാധകരെ സങ്കടപെടുത്തുന്നത്. ചൊവ്വാഴ്ചയാണ് 85കാരനായ ചാറ്റര്‍ജിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ചാറ്റര്‍ജിയുടെ ആരോഗ്യനിലയെ കുറിച്ച് വിളിച്ച് അന്വേഷിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസുഖബാധിതനായിരുന്ന സൗമിത്ര ചാറ്റര്‍ജിയെ ഇന്നലെയാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയത്. ഇന്ന് ഫലം ലഭിച്ചപ്പോള്‍ പോസിറ്റീവ് ആയതായി കുടുംബാംഗങ്ങള്‍ അറിയിച്ചു. ചാറ്റര്‍ജിക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് അദ്ദേഹത്തിന് പ്രാര്‍ഥനയുമായി രംഗത്തെത്തുന്നത്.
വിഖ്യാത സംവിധായകന്‍ സത്യജിത് റേയുടെ പ്രധാന നടന്‍മാരിലൊരാളാണ് സൗമിത്ര ചാറ്റര്‍ജി. സത്യജിത് റേയുടെ അപുര്‍ സന്‍സാറിലൂടെയാണ് സൗമിത്ര ചലച്ചിത്ര രംഗത്തേക്ക് പ്രവേശിക്കുന്നത്. റേയുടെ ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ച സൗമിത്ര ബംഗാളിലെ മറ്റ് പ്രമുഖ സംവിധായകരായ മൃണാള്‍ സെന്‍, തപന്‍ സിന്‍ഹ എന്നിവരുടെ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. സൗമിത്ര ചാറ്റര്‍ജിയെ പത്മഭൂഷന്‍ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. മികച്ച നടനുള്ള ദേശീയ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ചലച്ചിത്രമേഖലയിലെ സമഗ്ര സംഭാവനയ്ക്ക് സൗമിത്ര ചാറ്റര്‍ജിക്ക് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ തിരിച്ചുവരവിനായുള്ള പ്രാര്‍ഥനയിലാണ് ആരാധകര്‍