Latest News

സീരിയല്‍ താരം ശരത്തിന് ഇന്ന് പിറന്നാള്‍; ശ്രീജിത്ത് പണിക്കര്‍ ഇദ്ദേഹത്തിന്റെ ആരെന്ന് അറിയുമോ..? ശരത്തിനെ കുറിച്ച് പണിക്കരുടെ വാക്കുകള്‍

Malayalilife
  സീരിയല്‍ താരം ശരത്തിന് ഇന്ന് പിറന്നാള്‍; ശ്രീജിത്ത് പണിക്കര്‍ ഇദ്ദേഹത്തിന്റെ ആരെന്ന് അറിയുമോ..? ശരത്തിനെ കുറിച്ച് പണിക്കരുടെ വാക്കുകള്‍

ലയാളത്തിന്റെ പ്രിയ നടനും ഡബ്ബിങ് ആർട്ടിസ്റ്റുമാണ് ശരത് ദാസ്. ഇരുപത്തി അഞ്ച് വർഷക്കാലമായി  മലയാള  സിനിമ സീരിയൽ മേഖലയിൽ സജീവമാണ് അദ്ദേഹം. മഹാഭാരതത്തിലൂടെ ശ്രീകൃഷ്ണനായി എത്തിയ താരം പ്രേക്ഷക ഹൃദയം കീഴടക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഇന്ന്  ശരത്തിന്റെ  പിറന്നാൾ ദിനം കൂടിയാണ്. ഈ അവസരത്തിൽ 2 0 കൊല്ലത്തെ കാത്തിരിപ്പിന്റെയും ഒരു നല്ല സൗഹൃദത്തിന്റെയും കഥ തുറന്ന് പറയുകയാണ് ശ്രീജിത്ത് പണിക്കർ. 

മലയാളം ടെലിവിഷനിലെ ആദ്യ ഹൊറർ സീരിയൽ ആയിരുന്നു 1999-ൽ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ഷാജിയെമ്മിന്റെ "നിഴലുകൾ". പ്രൈം ടൈമിൽ ഒരു ഹൊറർ സീരിയൽ അവതരിപ്പിക്കുക എന്നത് അക്കാലത്ത് ഏഷ്യാനെറ്റ് കാട്ടിയ ധൈര്യം തന്നെയായിരുന്നു. രണ്ടു വർഷം റേറ്റിങ്ങിൽ ഒന്നാമതു നിന്ന, നിരവധി അവാർഡുകൾ നേടിയ സീരിയൽ. ബാലചന്ദ്ര മേനോൻ, ശ്രീനാഥ്, രവി വള്ളത്തോൾ, ശരത്, ഊർമ്മിള ഉണ്ണി, മിനി നായർ, പൂർണ്ണിമ മോഹൻ അങ്ങനെ ഒരു വലിയ താരനിര തന്നെ ഉണ്ടായിരുന്നു "നിഴലുകളി”ൽ. ഇന്നത്തെ സംവിധായകൻ രഞ്ജിത് ശങ്കറിന്റേതായിരുന്നു തിരക്കഥ.

വളരെ താല്പര്യത്തോടെ രണ്ടു വർഷം കണ്ട സീരിയലിന്റെ അവസാന എപ്പിസോഡ് തുടങ്ങിയപ്പോൾ ഒരു ചെറിയ കാറ്റ് വന്നു വിളിച്ചു. കൂടെ കറന്റ് ഇറങ്ങിപ്പോയി. ശുഭം. അന്നുണ്ടായ നിരാശയും കെഎസ്ഇബിക്കാരെ വിളിച്ച ചീത്തയും മറന്നിട്ടില്ല. അവസാനഭാഗം പുനഃസംപ്രേഷണം ചെയ്യുമോയെന്ന് ചോദിച്ച് ഏഷ്യാനെറ്റിനു കത്തയച്ചു. ഫലമുണ്ടായില്ല. അവസാനഭാഗം എങ്ങനെയായിക്കും എന്ന് ഊഹിച്ചു. ഒരാളോടും കഥ ചോദിക്കാൻ തോന്നിയില്ല. എന്നെങ്കിലും അത് കാണാൻ കഴിയും എന്നുള്ള പ്രതീക്ഷയായിരുന്നു; എങ്ങനെ എന്ന് അറിയില്ലെങ്കിലും.
പത്തു വർഷം കഴിഞ്ഞു. "നിഴലുകളു”ടെ വിഡിയോയോ തിരക്കഥയോ കിട്ടുമോയെന്ന് രഞ്ജിത് ശങ്കറിനോടു ചോദിച്ചു. പക്ഷെ രണ്ടും അദ്ദേഹത്തിന്റെ പക്കൽ ഉണ്ടായിരുന്നില്ല. വീണ്ടും നിരാശ. വർഷം 10 കഴിഞ്ഞിട്ടും അതിന്റെ കഥ മനസ്സിൽ അതേപോലെ ഉണ്ടായിരുന്നു.

വീണ്ടും പത്തു വർഷം കഴിഞ്ഞു. ലോക്ഡൗണിനു തൊട്ടുമുൻപ് ഒരു രാത്രിയിൽ യാദൃശ്ചികമായി ഒരു കടയുടെ ക്യാഷ് കൗണ്ടറിൽ വെച്ച് രണ്ടുപേർ തമ്മിൽ കണ്ടുമുട്ടി. ശ്രീജിത്തല്ലേ എന്നും ശരത്തല്ലേ എന്നുമുള്ള ചോദ്യങ്ങൾ. ശരത് എന്നോട് സംസാരിക്കുമ്പോഴും എന്റെ മനസ്സിൽ “നിഴലുകളു"ടെ അവസാന ഭാഗം എങ്ങനെ ഒപ്പിക്കാം എന്ന ചിന്ത മാത്രമായിരുന്നു. ചോദിക്കാൻ ഒരു ചെറിയ ചമ്മലും.

ആ രാത്രി തന്നെ ശരത്തിനു മെസേജ് അയച്ചു. എനിക്ക് ആ സീരിയലിന്റെ അവസാനഭാഗം എങ്ങനെയെങ്കിലും ഒപ്പിച്ചു തരണമെന്ന്. ഭാഗ്യത്തിന് പണ്ട് വിഎച്ച്എസ് ടേപ്പിൽ റെക്കോർഡ് ചെയ്ത ചില സീരിയലുകൾ ശരത്തിന്റെ അമ്മ ഡിവിഡി ആക്കി സൂക്ഷിച്ചിരുന്നു. അതിൽ “നിഴലുകൾ" ഉണ്ടോ എന്ന സംശയം മാത്രം. എന്റെ ആഗ്രഹം സഫലമാക്കാൻ ശരത് തന്റെ കയ്യിലെ ഡിവിഡി ശേഖരം കുത്തിപ്പൊക്കാൻ തീരുമാനിച്ചു. അങ്ങനെ ദീർഘനാളത്തെ കുത്തിപ്പൊക്കൽ പ്രയത്നം കഴിഞ്ഞ ദിവസം സഫലമായി. ഡിവിഡി അയയ്ക്കാനുള്ള സൗകര്യം കൊറോണ നശിപ്പിച്ചതിനാൽ അദ്ദേഹം സീരിയലിന്റെ അവസാനഭാഗം എനിക്ക് വാട്സാപ്പ് ചെയ്തു തന്നു. അങ്ങനെ ഏതാണ്ട് 20 കൊല്ലം മുൻപ് കാറ്റും കെഎസ്ഇബിയും കൂടി തല്ലിക്കൊഴിച്ച ഒരാഗ്രഹം ശരത് പൂവണിയിച്ചു. 

"നിഴലുകൾ" ആസ്വാദനത്തിൽ ഉണ്ടാക്കിയ സ്വാധീനം വലുതാണ്. ആ സീരിയലോടെ ഞാൻ പ്രേതക്കഥകൾക്ക് അടിമയായി. പിന്നീട് പല ഭാഷകളിൽ നൂറു കണക്കിന് ഹൊറർ സിനിമകൾ കണ്ടെങ്കിലും ടീനേജിൽ “നിഴലുകൾ” സമ്മാനിച്ച ഭീതി അതിൽ നിന്നൊക്കെ വ്യത്യസ്തമായിരുന്നു. ഒരു ഗ്ലാസ് വെള്ളമെടുക്കാൻ രാത്രി അടുക്കളയിലേക്ക് പോകാൻ സാധിക്കാത്ത പേടി. ഒരു വല്യമ്മ എപ്പോഴും പിന്നാലെയുണ്ടെന്ന പേടി. ഉറങ്ങാൻ കിടക്കുമ്പോൾ മുഖമില്ലാത്ത ആ വല്യമ്മ എവിടെ നിന്നോ പാഞ്ഞുവന്ന് കട്ടിലിനരികിൽ നിൽക്കുമെന്നും കണ്ണു തുറന്നാൽ അവരെ കാണേണ്ടി വരുമെന്നുമുള്ള പേടി. എന്തിനേറെ, സീരിയലിന്റെ അവസാനഭാഗം കഴിഞ്ഞ രാത്രി മൊബൈലിൽ കാണുമ്പോൾ പണ്ട് വീട്ടിൽ ഉണ്ടായിരുന്ന ഫർണിച്ചർ, ടിവി സ്റ്റാൻഡ്, വലിയ ക്ലോക്ക്, റെഡ് ഓക്സൈഡ് ഫ്ലോറിങ് തുടങ്ങി അക്കാലത്തെ പലതും ഓർമ്മയിൽ വന്നു. പേടി തോന്നുമ്പോൾ അങ്ങോട്ടൊക്കെ നോട്ടം മാറ്റിയിരുന്നതു കൊണ്ടാവാം അതൊക്കെ കൃത്യമായി ഇപ്പോഴും ഓർക്കുന്നത്!

എന്തായാലും അമർ എന്ന “പ്രേതത്തിന്റെ” കയ്യിൽ നിന്നും ആ പ്രേതസീരിയലിന്റെ അവസാന ഭാഗം കാണാൻ കഴിഞ്ഞത് കൗതുകമായി. ആഗ്രഹം പൂർത്തിയായെങ്കിലും വീണ്ടും ശരത്തിനെ ഊറ്റാൻ തന്നെയാണ് തീരുമാനം. അടുത്തതായി ചോദിച്ചിരിക്കുന്നത് ശരത്തിന്റെ അച്ഛൻ ശ്രീ വെണ്മണി ഹരിദാസിന്റെ കഥകളിപ്പദങ്ങൾ ആണ്. ഓഡിയോ സിഡി ഒക്കെ ആശാൻ വീട്ടിലിരുന്ന് കോപ്പി ചെയ്യട്ടെ. ലോക്ഡൗൺ അല്ലേ, എന്തെങ്കിലും ഒരു കായികാധ്വാനം ഒക്കെ വേണ്ടേ?  
20 വർഷങ്ങൾക്കിപ്പുറവും ആ ചുള്ളന് മാറ്റമൊന്നും ഇല്ല. അടുത്ത വീട്ടിലെ പയ്യൻസ് തന്നെ. കുന്നോളം സ്നേഹം, ശരത് ദാസ്! പിറന്നാൾ ആശംസകൾ! 

Sreejith panicker words about sarath

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES