Latest News

 മലയാള സിനിമയിലെ ആദ്യകാല നിര്‍മാണ-വിതരണ സ്ഥാപനങ്ങളിലൊന്നായ ജിയോ പിക്‌ചേഴ്‌സിന്റെ അമരക്കാരന്‍; ഐ.വി. ശശി ചിത്രങ്ങളുടെ നിര്‍മ്മാതാവ്; മുതിര്‍ന്ന ചലച്ചിത്ര നിര്‍മ്മാതാവ് എന്‍.ജി. ജോണ്‍ വിട പറയുമ്പോള്‍

Malayalilife
  മലയാള സിനിമയിലെ ആദ്യകാല നിര്‍മാണ-വിതരണ സ്ഥാപനങ്ങളിലൊന്നായ ജിയോ പിക്‌ചേഴ്‌സിന്റെ അമരക്കാരന്‍; ഐ.വി. ശശി ചിത്രങ്ങളുടെ നിര്‍മ്മാതാവ്; മുതിര്‍ന്ന ചലച്ചിത്ര നിര്‍മ്മാതാവ് എന്‍.ജി. ജോണ്‍ വിട പറയുമ്പോള്‍

ചലച്ചിത്ര നിര്‍മാതാവും വിതരണ രംഗത്തെ പ്രമുഖനുമായ ജിയോ കുട്ടപ്പന്‍ എന്ന എന്‍.ജി. ജോണ്‍ (90) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. മലയാള സിനിമയിലെ ആദ്യകാല നിര്‍മാണ-വിതരണ സ്ഥാപനങ്ങളിലൊന്നായ ജിയോ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ജിയോ കുട്ടപ്പന്‍ നിരവധി ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. മലയാള സിനിമയിലെ വിതരണ രംഗത്തെ ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു അദ്ദേഹം.

ജിയോ കുട്ടപ്പന്‍ നിര്‍മിച്ച ഭൂരിഭാഗം ചിത്രങ്ങളും സംവിധായകന്‍ ഐ.വി. ശശിക്കൊപ്പമായിരുന്നു. ഇനിയും പുഴയൊഴുകും, ഏഴാം കടലിനക്കരെ, മീന്‍, ഇന്നലെങ്കില്‍ നാളെ, ഈനാട്, ഇനിയെങ്കിലും, ഇത്തിരി കാലം തുടങ്ങിയവയാണ് ഐ.വി. ശശിക്കൊപ്പം അദ്ദേഹം നിര്‍മിച്ച പ്രധാന ചിത്രങ്ങള്‍.

ജെ. ശശികുമാര്‍ സംവിധാനം ചെയ്ത മിനിമോള്‍, എം. കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത രാജനേഗന്ധി, ഭദ്രന്‍ സംവിധാനം ചെയ്ത ആറ്റുവഞ്ചി ഉലഞ്ഞപ്പോള്‍ എന്നിവയും ജിയോ കുട്ടപ്പന്റെ നിര്‍മാണത്തിലൊരുങ്ങിയ ചിത്രങ്ങളാണ്.

മോഹന്‍ലാലും സുകുമാരനും പ്രധാന വേഷങ്ങളിലെത്തിയ 'ഉണരൂ' എന്ന ചിത്രവും അദ്ദേഹം നിര്‍മിച്ചു. മണിരത്‌നം സംവിധാനം ചെയ്ത ഈ ചിത്രം മലയാള സിനിമയിലെ ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നാണ്.

മലയാള സിനിമാ ചരിത്രത്തിലെ ആദ്യകാല വിതരണക്കാരില്‍ ഒരാളായ എന്‍. എക്‌സ്. ജോര്‍ജിന്റെ മകനാണ് ജിയോ കുട്ടപ്പന്‍ എന്ന എന്‍. ജി. ജോണ്‍. 1980കളുടെ അവസാനത്തോടെ ജിയോ പിക്‌ചേഴ്‌സ് സാമ്പത്തിക പ്രതിസന്ധിയിലായി. ഇതോടെ ചലച്ചിത്ര നിര്‍മാണ-വിതരണ രംഗത്തുനിന്ന് പൂര്‍ണമായും പിന്മാറിയ അദ്ദേഹം കൊച്ചിയില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

മലയാള സിനിമയുടെ നിര്‍മാണ-വിതരണ രംഗത്തെ ഏഴു പതിറ്റാണ്ടിന്റെ അനുഭവങ്ങള്‍ ക്രോഡീകരിച്ചാണ് എന്‍. ജി. ജോണ്‍ 'സിനിമയും ഞാനും - 70 വര്‍ഷങ്ങള്‍' എന്ന പുസ്തകം രചിച്ചത്. ആറു വര്‍ഷം ഫിലിം ചേംബര്‍ പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

geo kuttappan n g johnpasses away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES