മലയാള സിനിമയ്ക്ക് ഒരു കാലത്ത് ഒഴിച്ചുകൂടാനാവാത്ത നടന്‍. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം വില്ലന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരം. അതായിരുന്നു നടന്‍ ദേവന്‍. ഇപ്പോള്‍ ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചതോടെ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് അദ്ദേഹം. ഇന്നത്തെ ജെന്‍സി തലമുറയ്ക്ക് ഒരുപക്ഷേ ആരായിരുന്നു നടന്‍ ദേവന്‍ മലയാള സിനിമയ്ക്കെന്ന് ചിന്തിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. ട്രോളുകളിലൂടെയും, രാഷ്ട്രീയ പ്രസ്താവനകളിലൂടെയും പൊതുരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന ദേവനെ മാത്രമേ അവര്‍ക്ക് അറിയുകയുള്ളു.
എന്നാല്‍ ലുക്കും ശബ്ദ ഗാംഭീര്യവും കൊണ്ട് 90-കളിലെയും 2000-കളിലെയും സിനിമകളില്‍ സ്റ്റൈലിഷ് വില്ലന്‍ വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത വ്യക്തിയായിരുന്ന ദേവന്‍. മലയാള സിനിമയിലെ സുന്ദരവില്ലന്‍ എന്നൊരു വിശേഷണം ദേവനുണ്ടായിരുന്നു. ആക്ഷന്‍ സിനിമകളില്‍ മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്ക് കൃത്യമായ എതിരാളിയായി നില്‍ക്കാന്‍ ദേവനയല്ലാതെ മറ്റാരെയും സങ്കല്‍പ്പിക്കാന്‍ അക്കാലത്തെ സംവിധായകര്‍ക്കും കഴിയുമായിരുന്നില്ല. ക്രൂരനായ കഥാപാത്രങ്ങളായിരുന്നു അദ്ദേഹം അഭിനയച്ചിരുന്നതെങ്കിലും ജീവിതത്തില്‍ അദ്ദേഹം വളരെ സൗമ്യനായ മനുഷ്യനായിരുന്നു.
ഐപിഎസുകാരനാക്കാന്‍ ആഗ്രഹിച്ച പിതാവ്
പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ശ്രീനിവാസന്റെയും ഡോക്ടറുമായിരുന്ന ലളിതയുടെയും മകനായി 1952 ജനുവരി 8 ന് തൃശ്ശൂരിലാണ് ദേവന്റെ ജനനം. ശോഭ, ഷീല, സുരേഷ്ബാബു എന്നീ മൂന്ന് സഹോദരങ്ങള്‍ അദ്ദേഹത്തിനുണ്ട്. ദേവന്റെ സഹോദരപുത്രനാണ് സംഗീത സംവിധായകനായ ഗോപി സുന്ദര്‍. പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകന്‍ രാമു കാര്യാട്ട് അദ്ദേഹത്തിന്റെ അമ്മാവനായിരുന്നു. തൃശ്ശൂര്‍ ഗവണ്മെന്റ് മോഡല്‍ സ്‌കൂളിലായിരുന്നു ദേവന്റെ സ്‌കൂള്‍ വിദ്യാഭ്യാസം. തുടര്‍ന്ന് തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ നിന്ന് അദ്ദേഹം ബി.എസ്.സി. ബിരുദം നേടി.
കോളേജ് പഠനകാലത്ത് കേരള സ്റ്റുഡന്റ്സ് യൂണിയന്റെ പ്രവര്‍ത്തകനായിരുന്ന അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അനുഭാവമുള്ളവരായിരുന്നു. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ബിസിനസ്സ് രംഗത്താണ് അദ്ദേഹം ആദ്യം ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാല്‍, കലയോടുള്ള കടുത്ത അഭിനിവേശം അദ്ദേഹത്തെ തൃശൂരില്‍ നിന്ന് സിനിമയുടെ തലസ്ഥാനമായ മദ്രാസിലേക്ക് എത്തിച്ചു.
മകന്‍ ഒരു ഐ.പി.എസ്. ഓഫീസറാകണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം, എന്നാല്‍ സൈന്യത്തില്‍ ചേരാനാണ് ദേവന്‍ ആഗ്രഹിച്ചത്. ബിരുദപഠനത്തിനു ശേഷം നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ പ്രവേശനത്തിന് ശ്രമിച്ചെങ്കിലും തെരഞ്ഞെടുക്കപ്പെട്ടില്ല. തുടര്‍ന്ന് ജോലി തേടി മദ്രാസിലേക്ക് (ഇപ്പോഴത്തെ ചെന്നൈ) പോയ അദ്ദേഹം പിന്നീട് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടി. സിനിമയിലെത്തുന്നതിന് മുമ്പ് വിവിധ ബിസിനസ് സംരംഭങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു.
ഇക്കാലത്തെ പല സിനിമാ താരങ്ങളും സിനിമയിലെത്തിയതിന് ശേഷമാണ് നിര്‍മ്മാണ രംഗത്തേക്ക് കടക്കുന്നതെങ്കില്‍ ദേവന്‍ അക്കാര്യത്തില്‍ വ്യത്യസ്തനായിരുന്നു. സിനിമാ നിര്‍മ്മാതാവായി എത്തി പിന്നീട് സിനിമാ ലോകത്തേക്ക് അദ്ദേഹം ചുവുടുവെക്കുകയായിരുന്നു. കോളേജ് പഠനകാലത്ത് അദ്ദേഹം ധാരാളം പുസ്തകങ്ങള്‍ വായിക്കാറുണ്ടായിരുന്നു. എന്‍. എന്‍. പിഷാരടിയുടെ 'വെള്ളം' എന്ന നോവലില്‍ ഒരു സിനിമയ്ക്കുള്ള സാധ്യത കണ്ട അദ്ദേഹം സംവിധായകന്‍ ഹരിഹരനെ സമീപിക്കുകയും, ഹരിഹരന്‍ അത് അംഗീകരിക്കുകയും ചെയ്തു. എം. ടി. വാസുദേവന്‍ നായരാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയത്; സ്വന്തം കഥയെ അടിസ്ഥാനമാക്കാതെ അദ്ദേഹം തിരക്കഥയൊരുക്കിയ ആദ്യത്തെയും അവസാനത്തെയും ചിത്രമായിരുന്നു അത്.
തുടക്കം തന്നെ കൈപൊള്ളി, പാതിവഴിയില്‍ ഷൂട്ടിംഗ് മുടങ്ങി
1985 ലാണ് വെള്ളം എന്ന സിനിമ പുറത്തിറങ്ങുന്നത്. എന്നാല്‍ തുടക്കത്തില്‍ തന്നെ അദ്ദേഹത്തിന് കൈപൊള്ളി. അക്കാലത്തെ വന്‍താരനിര അണിനിരന്ന് ചിത്രം സാമ്പത്തികമായി വലിയ നേട്ടമായിരുന്നില്ല. മാത്രമല്ല ചിത്രീകരണ വേളയില്‍ നിരവധി പ്രതിസന്ധികളെ ദേവന് അഭിമുഖീകരിക്കേണ്ടി വന്നു. നിര്‍മ്മാണം പകുതിവഴിയെത്തിയപ്പോള്‍ തന്നെ വന്‍ സാമ്പത്തിക പ്രതിസന്ധിയിലായി. പണത്തിന് ബുദ്ധിമുട്ട് നേരിട്ടതോടെ സിനിമയുടെ ഷൂട്ടിംഗ് പകുതിവഴിയില്‍ പൂര്‍ണ്ണമായി നിര്‍ത്തിവെക്കേണ്ടി വന്നു.പിന്നീട് വളരെയധികം ഇത്രയധികം കഷ്ടപ്പാടുകള്‍ക്കും സാമ്പത്തിക നഷ്ടങ്ങള്‍ക്കും ഒടുവില്‍ ചിത്രം തിയേറ്ററുകളില്‍ എത്തിയെങ്കിലും പ്രതീക്ഷിച്ച വിജയം നേടിയില്ല. വലിയ സാമ്പത്തിക തിരിച്ചടിയാണ് ഇത് അദ്ദേഹത്തിന് ഉണ്ടാക്കിയത്. അമ്പിളി സംവിധാനം ചെയ്ത 'അഷ്ടപദി' എന്ന ചിത്രത്തിലൂടെയാണ് ദേവന്‍ അഭിനയരംഗത്തേക്ക് കടന്നുവന്നത്.
താന്‍ നിര്‍മ്മിച്ച 'വെള്ളം' എന്ന ചിത്രത്തിന്റെ നിര്‍മ്മാണം സാമ്പത്തിക പ്രതിസന്ധി മൂലം പകുതിയില്‍ മുടങ്ങിയപ്പോള്‍, അതിനുള്ള പണം കണ്ടെത്താനാണ് ദേവന്‍ അഷ്ടപദിയില്‍ അഭിനയിക്കാന്‍ തയ്യാറായത്.
കൈയും തലയും പുറത്തിടരുത്, ഊഴം, ആരണ്യകം, സൈമണ്‍ പീറ്റര്‍ നിനക്കു വേണ്ടി, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങള്‍ അദ്ദേഹത്തിന് പ്രേക്ഷകസ്വീകാര്യത നല്‍കി. പിന്നീട് പ്രതിനായകനായും സ്വഭാവനടനായും ചലച്ചിത്ര രംഗത്ത് സജീവമായി. മലയാളത്തിനുപുറമെ തെലുങ്ക്, തമിഴ് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.
മമ്മൂട്ടിയുടെ തിരിച്ചുവരവും ദേവന്റെ വില്ലന്‍ തിളക്കവും
നടന്‍ ദേവന്‍ ആദ്യമായി വില്ലന്‍ വേഷത്തില്‍ അഭിനയിച്ച ചിത്രം 1987-ല്‍ പുറത്തിറങ്ങിയ ജോഷി സംവിധാനം ചെയ്ത് 'ന്യൂ ഡല്‍ഹി' ആണ്. മമ്മൂട്ടിയുടെ മടങ്ങിവരവിന് കാരണമായ ഈ ചിത്രം അന്ന് വലിയ വിജയമായിരുന്നു. ഈ ചിത്രത്തിലെ പ്രകടനത്തിലൂടെ ദേവന്‍ കൂടുതല്‍ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. പിന്നീട് അങ്ങോട്ട് പ്രേക്ഷകര്‍ എന്നെന്നും ഓര്‍ത്തുവെക്കുന്ന ഒരുപിടി വില്ലന്‍ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. ഏകലവ്യന്‍, കമ്മീഷണര്‍, തലസ്ഥാനം, ഇന്ദ്രപ്രസ്ഥം, ബാഷ തുടങ്ങിയ സിനിമകളിലെ വില്ലന്‍ കഥാപാത്രങ്ങള്‍ എന്നെന്നും പ്രേക്ഷകര്‍ ഓര്‍ത്തുവെക്കുന്നവയാണ്. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 200-ലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
തകര്‍ന്ന ആദ്യ പ്രണയം; മുടക്കാന്‍ നോക്കിയ വിവാഹം
സിനിമാ ജീവിതം മാറ്റിനിര്‍ത്തിയാല്‍ തികഞ്ഞ കുടുംബസ്ഥനാണ് അദ്ദേഹം. പ്രശസ്ത സംവിധായകന്‍ രാമു കാര്യാട്ടിന്റെ മകള്‍ സുമയെയാണ് ദേവന്‍ വിവാഹം ചെയ്തത്. ലക്ഷ്മിയാണ് ഇവരുടെ ഏക മകള്‍. എന്നാല്‍ 2019 ല്‍ എച്ച്1എന്‍1 ബാധിച്ച് ചികിത്സയില്‍ കഴിയവേ സുമ മരണമടഞ്ഞു. ഒരേ ക്യാംപസില്‍ തന്നെ ആയിരുന്നു ദേവനും സുമയും പഠിച്ചിരുന്നതെങ്കിലും പ്രണയവിവാഹമായിരുന്നില്ല ഇരുവരുടേതും. 2023 ല്‍ ദേവന്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ ദേവന്‍ ഭാര്യയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
തന്റെ ആദ്യ പ്രണയം പൊട്ടി പൊളിഞ്ഞു പാളീസായ സമയത്താണ് തനിക്ക് വിവാഹ ആലോചനകള്‍ നടക്കുന്നത്. സുമയുടെ ആലോചനയും അപ്പോഴാണ് വരുന്നത്. ആ വിവാഹം നടക്കാതെ ഇരിക്കാന്‍ താന്‍ ഒരുപാട് പെടാപാട് ചെയ്തു. പ്രേമിച്ചു കല്യാണം കഴിച്ചത് അല്ലെങ്കിലും വലിയ ഒരു ബന്ധം ആയിരുന്നു ഭാര്യയുമായി ഉണ്ടായിരുന്നത്. 2019 ല്‍ ആണ് ഭാര്യ മരിക്കുന്നത്. ഭാര്യയോട് പ്രണയം എന്നതിനേക്കാളും ഒരു വലിയ സ്നേഹ ബന്ധം ആയിരുന്നു ഞങ്ങള്‍ക്കിടയില്‍. ഞങ്ങള്‍ തമ്മില്‍ അത്രയും അടുത്തു. ഒരുപാട് നല്ല ഓര്‍മ്മകള്‍ ആണ് സുമയെക്കുറിച്ച് എന്റെ മനസ്സില്‍.
വളരെ പെട്ടെന്നായിരുന്നു ഭാര്യയുടെ മരണം. അത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഘാതം ആയിരുന്നു. എന്റെ ഭാര്യ ഒരു നിഷ്‌കളങ്ക ആയിരുന്നു, എന്നെ ഏറ്റവും കൂടുതല്‍ ആകഷര്‍ഷിച്ചത് തന്നെയാണ്. സാമ്പത്തികമായും അല്ലെങ്കിലും ആളുകളെ എല്ലാം ഞാന്‍ സഹായിക്കുന്ന ആളാണ്. അതിനെ ഒക്കെ സപ്പോര്‍ട്ട് ചെയ്തിരുന്നത് ഭാര്യ ആണ്. അവള്‍ എല്ലാത്തിനും ഒപ്പം നില്‍ക്കുന്നത് തന്നെ ആയിരുന്നു എന്റെ ഏറ്റവും വലിയ ബലം. എല്ലാ ദിവസവും വിരുന്നുകാര്‍ ഉണ്ടാകും, അവര്‍ക്കെല്ലാം ഭക്ഷണം ഉണ്ടാക്കുന്നത് അവളാണ്.
എപ്പോഴൊക്കെ സുമയെ കുറിച്ച് ചിന്തിക്കുന്നോ അപ്പോഴൊക്ക വേദനയാണ്. പേര് അറിയാത്ത ഒരു അസ്വസ്ഥത എപ്പോഴും എന്റെ മനസ്സില്‍ ഉണ്ട്. ഒരു ദിവസം പത്തു പതിനഞ്ചു കോളുകള്‍ എങ്കിലും ഞങ്ങള്‍ തമ്മില്‍ ഉണ്ടാകാറുണ്ട്. അതെല്ലാം അസ്തമിച്ചു. ഫോണ്‍ എടുക്കാറുണ്ട് ഇടക്ക് ഇപ്പോളും വിളിക്കാന്‍ അപ്പോള്‍ ആണ് അവള്‍ ഇല്ലെന്ന ഓര്‍മ്മ മനസ്സില്‍ വരുന്നത്. ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍
പ്രചോദനമായത് വി.എം സുധീരന്‍
നടന്‍ ദേവന് രാഷ്ട്രീയത്തില്‍ പ്രചോദനമായത് കോണ്‍ ഗ്രസ് നേതാവ് വി.എം സുധീരനായിരുന്നു. വിദ്യാര്‍ത്ഥിയായിരുന്നു കാലത്തായിരുന്നു അത്. അക്കാലത്ത് അദ്ദേഹം കെഎസ്.യു പ്രവര്‍ത്തകനുമായിരുന്നു. വിദ്യാര്‍ത്ഥി സമര കാലത്ത് മറ്റ് വിദ്യാര്‍ത്ഥികളെ പൊലീസിന് മുന്നില്‍ എറിഞ്ഞു കൊടുക്കാതെ പൊലീസിന്റെ മര്‍ദ്ദനമേറ്റുവാങ്ങിയ സുധീരന്റെ ശൈലിയായിരുന്നു അദ്ദേഹത്തെ ആകര്‍ഷിച്ചത്. പിന്നീട് രാഷ്ട്രീയത്തില്‍ വേറിട്ട വഴി തെരഞ്ഞെടുക്കുകയായിരുന്നു അദ്ദേഹം. 2004-ല്‍ അദ്ദേഹം 'കേരള പീപ്പിള്‍സ് പാര്‍ട്ടി' എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കികൊണ്ടായിരുന്നു ആ ചുവടുവെയ്പ്പ്. അതേവര്‍ഷം വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് 2006-ല്‍ തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തില്‍ നിന്നും സ്വതന്ത്രനായി മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. 2020-ല്‍ അദ്ദേഹം 'നവകേരള പീപ്പിള്‍സ് പാര്‍ട്ടി' എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു. 2021-ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ ഈ പാര്‍ട്ടി ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ലയിച്ചു. തുടര്‍ന്ന് 2023-ല്‍ ദേവനെ ബി.ജെ.പി. കേരള സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിച്ചു. ശേഷം ഇക്കഴിഞ്ഞ ദിവസം അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് രാജി വെക്കുകയാണുണ്ടായത്.
സൗന്ദര്യം വില്ലനായി; ട്രോളന്മാര്‍ ഏറ്റെടുത്ത വെളിപ്പെടുത്തലുകള്‍
പൊതുവേ വിവാദങ്ങളില്‍ ചെന്ന് ചാടാതെ മാറി നടന്ന വ്യക്തിയാണ് ദേവനെങ്കിലും അദ്ദേഹത്തിന്റെ ചില വാക്കുകളും വെളിപ്പെടുത്തലുകളുമൊക്കെ ട്രോളുകള്‍ക്ക് കാരണമായിട്ടുണ്ട്. ഒരു കാലത്ത് തന്റെ സൗന്ദര്യം തനിക്ക് തന്നെ വിനയായി മാറിയെന്ന് ദേവന്‍ വെളിപ്പെടുത്തിയിരുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.നായകനേക്കാള്‍ സുന്ദരനായ വില്ലനെ വേണ്ട എന്ന സിനിമാക്കാരുടെ ചിന്ത തനിക്ക് പ്രതികൂലായി ഭവിച്ചു എന്നും ദേവന്‍ പറയുന്നു.
ദേവന്റെ വാക്കുകള്‍ ഇങ്ങനെ,...
'നായകന്‍ എന്നുള്ളത് ഒരു സമയത്ത് ഞാന്‍ മറന്നു. കിട്ടാന്‍ ബുദ്ധിമുട്ടാണ് എന്ന് മനസ്സിലായി. പിന്നെ വില്ലനായി അത് കഴിഞ്ഞു പവര്‍ഫുള്‍ വില്ലനായി. വില്ലനായി വന്നതിന് ശേഷവും ഞാന്‍ ചെയ്ത കഥാപാത്രങ്ങളെ വില്ലന്‍ കഥാപാത്രങ്ങളെ എന്റെ എതിരാളിയായി നില്‍ക്കുന്ന നായകന്മാര്‍ക്ക് ഇഷ്ടമല്ല. അവര്‍ ചിന്തിക്കുന്നത് എന്തെന്നാല്‍ ഇയാള്‍ എന്നെ ഓവര്‍ ടേക്ക് ചെയ്യുമോ എന്നാണ് അല്ലെങ്കില്‍ ഇത് എന്റെ ഇമേജിനെ എന്റെ ആരാധകര്‍ക്ക് അതൃപ്തി ഉണ്ടാക്കുമോ എന്ന ഭയം അവരില്‍ ഉണ്ടായി അത് എന്നെ ബാധിച്ചു. കാരണം ഒരു പെര്‍ഫോമര്‍ എന്ന നിലയില്‍ ഒരു റോള്‍ കിട്ടിയാല്‍ ഞാന്‍ അതിന്റെ മാക്സിമം പവര്‍ ഉപയോഗിക്കുമല്ലോ!. ഒരു നടന്‍ പറഞ്ഞത് ഇന്നും എനിക്ക് ഓര്‍മ്മയുണ്ട് ഞാന്‍ ദേവനിലെ വ്യക്തിയെ ഇഷ്ടപ്പെടുന്നു പക്ഷെ അയാളിലെ നടനെ ഇഷ്ടപ്പെടില്ല എന്നാണ്. ദേവന്‍ പറഞ്ഞിരുന്നു. ഇത് ട്രോളന്മാര്‍ ഏറ്റെടുത്തിരുന്നു. മറ്റൊന്ന് ഒരു സിനിമ ഡയലോഗായിരുന്നു 'എനിക്ക് തന്നോട് വളരെ അത്യാവശ്യമായ ഒരു കാര്യം പറയാനുണ്ട്, പക്ഷേ ഇപ്പോള്‍ ഞാന്‍ അത് പറയില്ല...'ഈ സംഭാഷണം ട്രോളന്മാര്‍ ഇന്നും ട്രോളുകളില്‍ ഉപയോ ഗിക്കുന്നുണ്ട്.
ബിജെപിയില്‍ നിന്നുള്ള രാജി
ഏറ്റവുമൊടുവില്‍, ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് ദേവന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരിക്കുകയാണ്. കണിച്ചുകുളങ്ങരയില്‍ വെച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സാന്നിധ്യത്തിലാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. താന്‍ മുമ്പ് രൂപീകരിക്കുകയും പിന്നീട് ബി.ജെ.പിയില്‍ ലയിപ്പിക്കുകയും ചെയ്ത കേരള പീപ്പിള്‍സ് പാര്‍ട്ടി' പുനരുജ്ജീവിപ്പിച്ച് ഇനി ഒരു മുന്നണിയുടെയും ഭാഗമാകാതെ സ്വതന്ത്രമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പിയില്‍ ചേരുമ്പോള്‍ വാഗ്ദാനം ചെയ്ത ചുമതലകളോ പദവികളോ നല്‍കാന്‍ നേതൃത്വം തയ്യാറായില്ലെന്ന് ദേവന്‍ ആരോപിച്ചു. 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ പത്മജ വേണുഗോപാലിനായി വഴിമാറാന്‍ പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ആവശ്യപ്പെടുകയും, തുടര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ച പുതുക്കാട് മണ്ഡലത്തില്‍ നിന്നും തന്നെ ഒഴിവാക്കുകയുമായിരുന്നു. കഴിഞ്ഞ ആറുമാസമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ശ്രമിച്ചിട്ടും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കാന്‍ കൂട്ടാക്കിയില്ലെന്നും, അര്‍ഹമായ പരിഗണന ലഭിക്കാതായതോടെയാണ് പാര്‍ട്ടി വിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.