Latest News

തോറ്റുപോയവരെ ചേര്‍ത്തുപിടിക്കുന്ന ചിത്രം; ചിരിക്കൊപ്പം കുട്ടികളുടേയും കുടുംബങ്ങളുടേയും മനസ്സറിഞ്ഞ് 'തോല്‍വി എഫ്‌സി; റിവ്യൂ വായിക്കാം

Malayalilife
 തോറ്റുപോയവരെ ചേര്‍ത്തുപിടിക്കുന്ന ചിത്രം; ചിരിക്കൊപ്പം കുട്ടികളുടേയും കുടുംബങ്ങളുടേയും മനസ്സറിഞ്ഞ് 'തോല്‍വി എഫ്‌സി; റിവ്യൂ വായിക്കാം

ന്തൊക്കെ ജീവിതത്തില്‍ ചെയ്താലും ഒരിടത്തും ക്ലച്ചുപിടിക്കാതെ പോകുന്ന ചിലരില്ലേ. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് മാറി മാറി ഓരോന്ന് പരീക്ഷിച്ചാലും തോല്‍വിയായിരിക്കും അവര്‍ക്ക് ജീവിതത്തില്‍ എക്കാലത്തും അഭിമുഖീകരിക്കേണ്ടി വരിക. കുടുംബത്തിലും ജീവിതത്തിലും സമൂഹത്തിനിടയിലുമൊക്കെ തോറ്റുപോയവര്‍... ഇത് അവരുടെ സിനിമയാണ്. തോല്‍വികളില്‍ നിന്ന് തോല്‍വികളിലേക്ക് പോകുന്നവരുടെ കഥ. അവരുടെ അസാധാരണമായ മനോവീര്യത്തിന്റെ കഥ. തോല്‍വികളൊന്നും വെറുതെയാകില്ലെന്ന് പറഞ്ഞുവയ്ക്കുകയാണ് 'തോല്‍വി എഫ്.സി' എന്ന ഈ കൊച്ചുചിത്രം. 


കുരുവിള, ശോശ, അവരുടെ മക്കളായ ഉമ്മന്‍, തമ്പി ഇവരിലൂടെയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. അവരുടെ ജീവിത്തിലേക്ക് കടന്നുവരുന്നവരാണ് മറിയവും അബുവും റിസ്വാനും അപര്‍ണയും ശര്‍മിനും അനന്തുവും അഹമ്മദുമൊക്കെ. തൊട്ടതെല്ലാം പൊട്ടി പാളീസാകുന്നയാളാണ് കുരുവിള. ഏറ്റവും ഒടുവില്‍ ബിറ്റ്‌കോയിനില്‍ വലിയൊരു തുക നിക്ഷേപിച്ച് കൈ പൊള്ളിയിരിക്കുകയാണ്. ലൈബ്രേറിയനും എഴുത്തുകാരിയുമായ ശോശയാകട്ടെ താനെഴുതിയൊരു സൈക്കോ നോവല്‍ എങ്ങനെയെങ്കിലും പബ്ലിഷ് ചെയ്യാനുള്ള നീക്കങ്ങളിലാണ്. ബാംഗ്ലൂരിലെ മള്‍ട്ടിനാഷണല്‍ കമ്പനിയിലെ ഐടി ജോലിയുപേക്ഷിച്ച് നാട്ടില്‍ ഇന്‍ഫോപാര്‍ക്കിനടുത്ത് ചായ് നേഷന്‍ എന്നൊരു കോഫി ഷോപ്പ് തുടങ്ങിയിരിക്കുകയാണ് ഉമ്മന്‍. തമ്പി എഫ്‌സി എന്ന കുട്ടികളുടെ ഒരു ഫുള്‍ബോള്‍ ടീമുമായി നടക്കുകയാണ് തമ്പി. ഇവരുടെ കുടുംബത്തില്‍ ഒരു കൂടപ്പിറപ്പിനെപ്പോലെ എപ്പോഴുമുണ്ട് തോല്‍വി. ഇവരുടെ ജീവിതത്തിലേക്ക് ചിലര്‍ കൂടി വന്നെത്തുന്നതോടെ ചില മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ് സിനിമയുടെ ഇതിവൃത്തം. തോറ്റ് തുന്നം പാടുന്ന അവസ്ഥയിലും ജീവിതം തിരിച്ചുപിടിക്കാനായി കുരുവിളയും കുടുംബവും നടത്തുന്ന പരിശ്രമങ്ങളാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ ഹാസ്യത്തിന്റെ അകമ്പടിയില്‍ 'തോല്‍വി എഫ്‌സി'യിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.  


ഏറെ രസം പിടിപ്പിക്കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങളുമായാണ് സിനിമയുടെ അവതരണം. കുരുവിളയായി ജോണി ആന്റണിയുടെ മികവുറ്റ പ്രകടനം തന്നെ കാണാം. നര്‍മ്മ രംഗങ്ങളിലും ഇമോഷണല്‍ രംഗങ്ങളിലുമടക്കം അദ്ദേഹം നന്നായി സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഉമ്മനായി ഷറഫുദ്ദീന്റെ അഭിനയവും ഹൃദയഹാരിയാണ്. അയാളുടെ സ്വപ്നങ്ങളും നേട്ടങ്ങളും നഷ്ടങ്ങളുമൊക്കെ പ്രേക്ഷകര്‍ക്ക് കൂടി ഫീല്‍ ചെയ്യുന്ന വിധം സ്‌ക്രീനില്‍ എത്തിച്ചിട്ടുണ്ട്. ശോശയായി ആശ മഠത്തില്‍ ശ്രീകാന്ത് ഇരുത്തം വന്ന പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. തമ്പിയായി ജോര്‍ജ്ജ് കോരയുടെ പ്രകടനവും ഏവരേയും രസിപ്പിക്കുന്നതാണ്. മറിയമായി മീനാക്ഷിയും അബുവായി അനുരാജുമൊക്കെ ശ്രദ്ധേയ അഭിനയമാണ് നടത്തിയിരിക്കുന്നത്. കൂടാതെ കുട്ടി കൂട്ടങ്ങളില്‍ പുതുമുഖങ്ങളായ ചിലരും റിയാലിറ്റി ഷോകളിലൂടെ ഇതിനകം താരമായ ഇരട്ടകള്‍ കെവിനും എവിനും തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയിരിക്കുന്നത്. 

കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും യൂത്തിനുമൊക്കെ പെട്ടെന്ന് കണക്ടാവുന്ന കഥാവഴിയാണ് സിനിമയുടേത്. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ ഒരു ഫീല്‍ഗുഡ് കാഴ്ചവിരുന്നാണ് സമ്മാനിച്ചിരിക്കുന്നത്. തോല്‍വികളില്‍ നിന്ന് തോല്‍വികളിലേക്ക് എത്ര നമ്മള്‍ കൂപ്പുകുത്തി വീണാലും അതൊന്നും അവസാനമല്ലെന്നും അതൊക്കെ അവസരങ്ങളാക്കണമെന്നുമുള്ളൊരു സന്ദേശം കൂടി സിനിമ പങ്കുവയ്ക്കുന്നുണ്ട്. തോല്‍വികള്‍ അഭിമുഖീകരിക്കാന്‍ ഇന്നത്തെ കാലത്ത് കുട്ടികളെ പ്രാപ്തരാക്കണമെന്നുകൂടി ചിത്രം പറയുന്നുണ്ട്. കുടുംബ ബന്ധങ്ങളും പ്രണയവും കുട്ടികളുടെ ലോകവും മിഡില്‍ ക്ലാസ് മനുഷ്യരുടെ ജീവിതവുമൊക്കെ ചിത്രം കൃത്യവും വ്യക്തവുമായി അവതരിപ്പിച്ചിട്ടുണ്ട്. 

ജോര്‍ജ്ജ് കോര തന്നെയാണ് ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ചെറിയൊരു ത്രെഡിനെ പ്രായഭേദമെന്യേ എല്ലാത്തരം പ്രേക്ഷകരേയും പിടിച്ചിരുത്തും വിധം അദ്ദേഹം സ്‌ക്രീനിലെത്തിച്ചിട്ടുണ്ട്. ഫാമിലി കോമഡി ഡ്രാമ ജോണറില്‍ ഒരുക്കിയിരിക്കുന്ന ചിത്രം 'തിരികെ' എന്ന ചിത്രത്തിന് ശേഷം നേഷന്‍ വൈഡ് പിക്ചേഴ്സിന്റെ ബാനറില്‍ എബ്രഹാം ജോസഫ് ആണ് നിര്‍മ്മിച്ചിരിക്കുന്നത്. ശ്യാമപ്രകാശിന്റെ ഛായാഗ്രഹണവും ലാല്‍ കൃഷ്ണയുടെ എഡിറ്റിംഗും മികച്ചുനില്‍ക്കുന്നതാണ്. സിബി മാത്യു അലക്‌സ് ഒരുക്കിയ പശ്ചാത്തല സംഗീതവും സിജിന്‍ തോമസും വിഷ്ണു വര്‍മ്മയും കാര്‍ത്തിക് കൃഷ്ണനും ഒരുക്കിയിരിക്കുന്ന പാട്ടുകളും സിനിമയോടൊപ്പം നീങ്ങുന്നതായാണ് അനുഭവപ്പെട്ടത്.

Tholvi FC review

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES