താരസംഘടനയായ അമ്മയില്‍ തര്‍ക്കങ്ങള്‍ തുടരവേ വെളിപ്പെടുത്തലുമായി നടി സീനത്ത് രംഗത്ത്. വിവാദമായ അമ്മ ജനറല്‍ ബോഡിയില്‍ നടന്ന കാര്യങ്ങള്‍ വെളിപ്പെടുത്തിയാണ് സീനത്ത് രംഗത്തുവന്നത്. ഫേസ്ബുക്കില്‍ എഴുതിയ തുറന്ന കത്തിലാണ് നടിയുടെ വെളിപ്പെടുത്തകള്‍. നടന്‍ ബാബുരാജും ശ്വേതയുമായി വഴക്കുണ്ടായി എന്നാണ് അവര്‍ വെളിപ്പെടുത്തിയത്. ബാബുരാജും ശ്വേതയും തമ്മില്‍ രൂക്ഷമായ വഴക്ക് ഉണ്ടായെന്നും അതില്‍ പ്രകോപിതയായാണ് ശ്വേത രാജിവച്ചതെന്നും സീനത്ത് പറയുന്നു. വിഷയത്തില്‍ മൗനം വെടിഞ്ഞഅ മമ്മൂട്ടിയും മോഹന്‍ലാലും ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് നടി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
എന്റെ കാഴ്ചപ്പാട്, ഒരു തുറന്ന കത്തിലൂടെ.. എന്നാണ് അവരുടെ കുറിപ്പ്. 'അമ്മ' സംഘടനയുടെ നേതൃത്വസ്ഥാനത്തേക്ക് സ്ത്രീകള്‍ വരണമെന്ന് ആഗ്രഹിച്ചവരില്‍ ഒരാളായിരുന്നു ഞാനും. സംഘടനയ്ക്കകത്തുള്ളവരും പുറത്തുള്ളവരും സ്ത്രീകള്‍ക്ക് വേണ്ടി ശക്തമായി സംസാരിച്ചു. നേതൃത്വസ്ഥാനം വഹിക്കാന്‍ മുന്നോട്ടുവന്ന ജഗദീഷിനെപ്പോലുള്ളവരെ പിന്മാറ്റാന്‍ പലരും ശ്രമിച്ചു, ആ ശ്രമം വിജയിക്കുകയും ചെയ്തു. സ്ത്രീകള്‍ക്ക് വേണ്ടി ജഗദീഷ് പിന്മാറി. സ്ത്രീകള്‍ നല്ല വോട്ട് നേടി മുന്നോട്ടു വന്നു. 17 പേരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ 8 പേര്‍ സ്ത്രീകള്‍, അതില്‍ 4 പേര്‍ നേതൃത്വസ്ഥാനത്ത്! എന്തൊരു മനോഹരമായ കാഴ്ചയായിരുന്നു അത്, അല്ലേ പക്ഷേ, നിര്‍ഭാഗ്യമെന്ന് പറയട്ടെ, ഒന്നിച്ചു നില്‍ക്കേണ്ടവര്‍ മൂന്ന് ചേരിയായി തിരിഞ്ഞു. പരസ്പരം പോരും ചെളിവാരിയെറിയലും തുടര്‍ന്നു. പ്രസിഡന്റിനാണോ സെക്രട്ടറിക്കാണോ അധികാരം കൂടുതല്‍ എന്ന തര്‍ക്കം! ശരിക്കും പറഞ്ഞാല്‍, ജനങ്ങളുടെ മുന്നില്‍ 'അമ്മ'യുടെ നിലവാരം ഇവര്‍ തകര്‍ത്തു എന്ന് പറയാതെ വയ്യ.
ഇത് എല്ലാ 'അമ്മ' അംഗങ്ങള്‍ക്കും വലിയ ദുഃഖം ഉണ്ടാക്കി. അതുകൊണ്ട് തന്നെ വലിയൊരു വിഭാഗം ആളുകള്‍ ഈ കമ്മിറ്റിയുടെ ഭരണം മതിയാക്കണമെന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നു. എല്ലാവരും നിശബ്ദമായി ജനറല്‍ ബോഡിവരെ കാത്തിരുന്നു. ജനറല്‍ ബോഡിയില്‍ നല്ലൊരു വിഭാഗം ആളുകള്‍ ഒപ്പുവെച്ച അവിശ്വാസ പ്രമേയം കൊണ്ടുവന്നു. എങ്കിലും അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കണം എന്ന് ഞങ്ങള്‍ക്ക് തോന്നി. അവര്‍ക്ക് സംസാരിക്കാനുള്ള സമയം കൊടുത്തു. എന്നാല്‍ കിട്ടിയ സമയം അവര്‍ക്ക് വേണ്ടപോലെ ഉപയോഗിക്കാന്‍ പറ്റിയില്ല. അതിന് പ്രധാന കാരണം കണക്കുകള്‍ കൃത്യമായിരുന്നില്ല എന്നതാണ്. നിങ്ങളുടെ പരിചയക്കുറവ് കൊണ്ടോ എന്തോ കണക്കില്‍ സുതാര്യത കൊണ്ടുവരാന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ല.
അതോടെ പ്രശ്നങ്ങള്‍ കുറച്ചുകൂടി രൂക്ഷമായി. കണക്കുകള്‍ കൃത്യമാക്കിയിട്ട് വേണമായിരുന്നു ജനറല്‍ ബോഡി വിളിക്കേണ്ടിയിരുന്നത്, അല്ലെങ്കില്‍ തീയതി മാറ്റിവയ്ക്കണമായിരുന്നു. പിന്നീട് ആരും പ്രതീക്ഷിച്ചതുപോലെയല്ല കാര്യങ്ങള്‍ നടന്നത്. ബാബുരാജിനെതിരെ പ്രസിഡന്റ് ശ്വേത സാമ്പത്തിക ആരോപണം ഉയര്‍ത്തി. അത് ബാബുരാജിനെ പ്രകോപിപ്പിച്ചു. ബാബുരാജ് മറുപടി പറയാന്‍ എഴുന്നേറ്റു, പക്ഷേ ശ്വേത മൈക്ക് കൊടുത്തില്ലെന്ന് മാത്രമല്ല, അദ്ദേഹത്തെ കുറച്ചുകൂടി പ്രകോപിപ്പിച്ചു എന്ന് പറയേണ്ടിവരും. 'എനിക്ക് സംസാരിക്കാന്‍ മൈക്ക് തന്നില്ലെങ്കില്‍ ഞാന്‍ ഇവിടുന്ന് ഇറങ്ങിപ്പോകും' എന്ന് ബാബുരാജ് പറഞ്ഞപ്പോള്‍, 'ആ പൊയ്ക്കോളൂ, പുറത്ത് കാറ് കിടപ്പുണ്ട്' എന്നായിരുന്നു ശ്വേതയുടെ മറുപടി. അതോടെ പ്രശ്നം വഷളായി. ബാബുരാജ് തിരിച്ച് ശ്വേതയ്ക്കെതിരെ വളരെ ഗൗരവമേറിയ ഒരു ആരോപണം ഉന്നയിച്ചു. ഉടനെ ശ്വേത പ്രസിഡന്റ് സ്ഥാനം രാജി വച്ചു. പുറത്തിറങ്ങി മീഡിയയ്ക്ക് മുന്നില്‍ വന്ന് ആ രാജി ഒന്നുകൂടി ഉറപ്പിച്ചു. പ്രസിഡന്റ് സ്ഥാനം മാത്രമല്ല, 'അമ്മ'യുടെ അംഗത്വം വരെ രാജി വച്ചു എന്ന് പ്രഖ്യാപിച്ചു.
'ഇവിടെയൊരു പാവയായിരിക്കാന്‍ എനിക്ക് താല്പര്യമില്ല' എന്ന് പറഞ്ഞാണ് ഇറങ്ങിയത്. ജനറല്‍ ബോഡിയുടെ ചോദ്യങ്ങള്‍ക്കു കൃത്യമായി മറുപടി പറഞ്ഞിരുന്നേല്‍ ഞങ്ങള്‍ എല്ലാവരും കൂടെ നില്‍ക്കുമായിരുന്നു. പക്ഷെ നിങ്ങളുടെ കമ്മിറ്റി അതില്‍ പരാജയപ്പെട്ടു. പക്ഷേ ഇന്ന് ശ്വേതയുടെ ഒരു കുറിപ്പ് കണ്ടു, രാജി വച്ചിട്ടില്ലെന്ന്! അംഗത്വം രാജി വച്ചോ ഇല്ലയോ എന്നതല്ല ഇവിടെ വിഷയം. ജനറല്‍ ബോഡിക്ക് മുന്നില്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജി വയ്ക്കുകയും കമ്മിറ്റി പിരിച്ചുവിടുകയും ചെയ്താല്‍ ആ കമ്മിറ്റിയുടെ കാലാവധി അവിടെ തീര്‍ന്നു. പിന്നെ ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റില്ല. മോഹന്‍ലാല്‍ പ്രസിഡന്റായ കമ്മിറ്റി പിരിച്ചുവിട്ടപ്പോള്‍ അതേ കമ്മിറ്റി തന്നെയായിരുന്നു അഡ്-ഹോക്ക് കമ്മിറ്റിയായി പ്രവര്‍ത്തിച്ചത്. പക്ഷേ ശ്വേത പെട്ടെന്ന് ഇറങ്ങിപ്പോയതുകൊണ്ട് മറ്റൊരു കമ്മിറ്റിയെ ഉണ്ടാക്കുകയല്ലാതെ മറ്റ് നിവര്‍ത്തിയില്ല. 'അമ്മ'യില്‍ മുന്നേയും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട്.
പക്ഷേ 32 വര്‍ഷത്തിനിടയ്ക്ക് ആദ്യമായാണ് ഇത്രയും മോശമായ കാര്യങ്ങള്‍ ഉണ്ടാകുന്നത്. എവിടെയൊക്കെയോ എന്തൊക്കെയോ ചീഞ്ഞുനാറുന്നു! 'അമ്മ'യ്ക്ക് വേണ്ടി സേവനം ചെയ്യാന്‍ വോട്ട് നേടി വന്നവരായിരുന്നു ഇവര്‍. ഓരോ സ്ഥാനങ്ങള്‍ ഏറ്റെടുക്കുമ്പോഴും ആ കസേരയുടെ ദൗത്യം എന്താണെന്നോ, അതിന്റെ ഗൗരവം എന്താണെന്നോ അറിയാത്തവരായിരുന്നോ ഇവര്‍ എന്ന് തോന്നിപ്പോകുന്നു. എല്ലാ വര്‍ഷവും ജൂണ്‍ മാസത്തിലെ അവസാന ഞായറാഴ്ച നടക്കുന്ന 'അമ്മ'യുടെ ജനറല്‍ ബോഡി മീറ്റിംഗിനായിഎല്ലാവരെയും ഒരുമിച്ച് കാണാന്‍ പറ്റുന്ന ആ ഒരു ദിവസത്തിന് വേണ്ടിഞങ്ങള്‍ കാത്തിരിക്കും. ഈ വര്‍ഷം ആ സന്തോഷം എല്ലാവര്‍ക്കും നഷ്ടപ്പെട്ടു. പലരും അറിഞ്ഞോ അറിയാതെയോ 'അമ്മ'യുടെ വേരറുക്കുകയാണ് ചെയ്യുന്നത്. ഒരു സംശയം ചോദിക്കട്ടെ, സ്ത്രീ എന്നും ഭരിക്കപ്പെടേണ്ടവള്‍ ആണെന്നും ഭരണം കയ്യിലെടുക്കേണ്ടവള്‍ അല്ലെന്നും പറയാതെ പറയുകയാണോ ഈ ഭരണസമിതി ചെയ്തത് ഇനിയും തിരുത്താന്‍ സമയമുണ്ട്.
അത്യാവശ്യം വിവരവും വിദ്യാഭ്യാസവും ഉള്ളവര്‍ അല്ലേ നിങ്ങളൊക്കെ രാജി വച്ചാല്‍ രാജി വച്ചു, അത്രതന്നെ. ആ രാജി ജനറല്‍ ബോഡി അംഗീകരിക്കുകയും ചെയ്തു, അത് മനസ്സിലാക്കുക. പുതിയ അഡ്-ഹോക്ക് കമ്മിറ്റിയോട് സഹകരിക്കുക, കണക്കുകള്‍ എല്ലാം കൃത്യമാണെന്ന് തെളിയിക്കുക. എല്ലാവിധ സപ്പോര്‍ട്ടും ശ്വേതയ്ക്കുണ്ടാകും. ഒന്ന് ഓര്‍ക്കുക, ഒന്നാം തീയതി ആയാല്‍ അക്കൗണ്ടില്‍ 5,000 രൂപ വരുന്നത് കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട് ഇവിടെ. അസുഖം വന്നാലും ധൈര്യത്തോടെ നല്ല ഹോസ്പിറ്റലില്‍ ചികിത്സ നേടാന്‍ അമ്മയുടെ ഇന്‍ഷുറന്‍സ് ഉണ്ടെന്ന ആത്മവിശ്വാസത്തില്‍ ജീവിക്കുന്നവരാണ് ഭൂരിഭാഗവും. ഈ 'അമ്മ' സംഘടന ഉണ്ടാക്കാന്‍, മണ്‍മറഞ്ഞുപോയവരും ജീവിച്ചിരിക്കുന്നവരുമായ ഒരുപാട് കലാകാരന്മാരുടെ കഷ്ടപ്പാടുണ്ട്, പ്രതീക്ഷകളുണ്ട്. അത് ദയവായി നഷ്ടപ്പെടുത്തരുത്. ലാല്‍ജി, മമ്മൂക്ക,ദയവുചെയ്ത് മൗനം വെടിയൂ...'അമ്മ'യെ രക്ഷിക്കൂ.'' സീനത്തിന്റെ വാക്കുകള്‍.