അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ് കഴിഞ്ഞ നവംബര്‍ 11നാണ് റിലീസ് ചെയ്തത്. ഡാര്‍ക്ക് ഹ്യൂമര്‍ വിഭാഗത്തിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. നിരവധി പേര്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം ചിത്രം ഒടിടിയിലെത്തിയിരുന്നു. പിന്നാലെയാണ് ചിത്രത്തെ വിമര്‍ശിച്ച് നടന്‍ ഇടവേള ബാബു രംഗത്തെത്തിയത്. നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തോടനുബന്ധിച്ച് സിനിമയും എഴുത്തും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയിലാണ് ഇടവേള ബാബു ചിത്രത്തെ വിമര്‍ശിച്ചത്.
പിന്നാലെയിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ശീലു അബ്രഹാം. സിനിമയുടെ തുടക്കത്തില്‍ ആരോടും നന്ദി പറയാനില്ല എന്ന് എഴുതി കാണിച്ചത് ഒരു വെറൈറ്റി ആശയമായി തോന്നിയെന്ന് നടി വ്യക്തമാക്കി. സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ക്ക് കൈയടികള്‍ നല്‍കുന്നുവെന്നും ശീലു തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണ രൂപം
മുകുന്ദന്‍ ഉണ്ണി അസ്സോസ്സിയേറ്റ്‌സ്' കണ്ടു.
സിനിമയുടെ തുടക്കത്തില്‍ തന്നെ 'ആരോടും നന്ദി പറയാനില്ല ' എന്ന് എഴുതി കാണിച്ചത് ഒരു വെറൈറ്റി ആശയമായി തോന്നി. ഇങ്ങനെയൊരു വ്യത്യസ്തത കൊണ്ട് വരാന്‍ കാണിച്ച ചിന്തയ്ക്കും ധൈര്യത്തിനും മുകുന്ദന്‍ ഉണ്ണിയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് എന്റെ കൈയ്യടികള്‍!.
സിനിമ ഫുള്‍ നെഗറ്റീവാണെന്നും ചിത്രത്തിനെങ്ങനെ സെന്‍സറിംഗ് കിട്ടിയെന്ന് അറിയില്ലെന്നും ആയിരുന്നു ഇടവേള ബാബു പറഞ്ഞത്.പടം തുടങ്ങുന്നത് തന്നെ ഞങ്ങള്‍ക്കാരോടും നന്ദി പറയാനില്ലെന്നാണ്, അതിന്റെ കൈമാക്‌സില്‍ നായിക പറയുന്ന ഡയലോഗ് ഇവിടെ ഉപയോഗിക്കാന്‍ പറ്റില്ല.
സിഗരറ്റ് വലിക്കുന്നതിനും മദ്യം കുടിക്കുന്നതിനും മൂന്ന് പ്രാവശ്യമെങ്കിലും എഴുതിക്കാണിക്കണം അടിയില്‍ക്കൂടെ. എന്നാല്‍ ഈ സിനിമ നിങ്ങള്‍ കാണണം. പുള്‍ നെഗറ്റീവ്. അങ്ങനൊരു സിനിമ ഇവിടെ ഓടിയ സിനിമയാണ്. നിര്‍മാതാവിന് ലാഭം കിട്ടിയ സിനിമയാണ്. ആര്‍ക്കാണ് ഇവിടെ മൂല്യച്യുതി സംഭവിച്ചത്. ഞാന്‍ വിനീത് ശ്രീനിവാസനെ വിളിച്ചുചോദിച്ചു.
വിനീതേ എങ്ങനെ ഈ സിനിമയില്‍ അഭിനയിച്ചെന്ന്. ഏഴോളം നായകന്മാരുടെയടുത്ത് കഥ പറഞ്ഞിട്ടും ആരും തയ്യാറായില്ലെന്നാണ് വിനീത് പറഞ്ഞത്. വിനീതിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല, അസിസ്റ്റന്റാണ് ആ പടം സംവിധാനം ചെയ്തത്.' എന്ന് ഇടവേള ബാബു പറഞ്ഞു.