ഗര്‍ഭകാലം ആഘോഷിക്കുകയാണ് നടി എമി ജാക്‌സണ്‍. കഴിഞ്ഞ മാതൃദിനത്തിലാണ് തന്റെ കാമുകന്‍ ജോര്‍ജ് പനയോട്ടുമായുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം എമി ആരാധകരുമായി പങ്കുവച്ചത്. തുടര്‍ന്ന് വിവാഹ നിശ്ചയവും ഏറെ ഗംഭീരമായി ആഘോഷിക്കപ്പെട്ടിരുന്നു. ആറു മാസം ഗര്‍ഭിണിയായ താരം ഇപ്പോള്‍ ഒരു യൂറോപ്യന്‍ പര്യടനത്തിലാണ്.
സ്ത്രീകളെ ബോധവല്‍ക്കരിക്കുന്നതിനും ലോകത്തെമ്പാടുമുളള സ്ത്രീകളെയും കുട്ടികളെയും സഹായിക്കുന്നതിനും വേണ്ടി പണം സ്വരൂപിക്കാന്‍ തുടങ്ങിയ 'ക്യാഷ് ആന്‍ഡ് റോക്കറ്റ്' പരിപാടിയുടെ ഭാഗമായാണ് എമിയുടെ യൂറോപ്പ് യാത്ര.
"ആറുമാസം ഗര്‍ഭിണിയായ സമയത്ത് യൂറോപ്പിലാകമാനം റോഡ് യാത്ര ചെയ്യുന്ന എനിക്ക് ഭ്രാന്താണെന്ന് ആളുകള്‍ ചിന്തിച്ചേക്കാം. പക്ഷേ ഇതൊരു അതിശയകരമായ അനുഭവമാണ്" യാത്രക്കിടയില്‍ പകര്‍ത്തിയ ഒരു ചിത്രത്തോടൊപ്പം എമി കുറിച്ചു.
"ക്യാഷ് ആന്‍ഡ് റോക്കറ്റ് എന്ന സംരംഭം ഒരു അമ്മയാകാന്‍ പോകുന്ന എന്റെ ഹൃദയത്തോടു ചേര്‍ന്നു നില്‍ക്കുന്നു. അത്രയധികമൊന്നും ഭാഗ്യം ചെയ്തിട്ടില്ലാത്ത മറ്റുളള അമ്മമാരെയും അവരുടെ കുഞ്ഞുങ്ങളെയും എനിക്ക് സഹായിക്കാന്‍ കഴിയുന്നത് പോലെയെല്ലാം സഹായിക്കണം. ഈ യാത്രയില്‍ ഞാന്‍ അതിശയിപ്പിക്കുന്ന സ്ത്രീകളെ കണ്ടുമുട്ടി. ചിലരുമായി ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന സൗഹൃദത്തിലായി". എമി കുറിക്കുന്നു.
എമിയും ജോര്‍ജും 2015 മുതല്‍ പ്രണയത്തിലാണ്. ബ്രിട്ടണിലെ പ്രശസ്ത റിയല്‍ എസ്റ്റേറ്റ് വ്യവസായി അന്‍ഡ്രിയാസ് പനയോട്ടുവിന്റെ മകനാണ് ജോര്‍ജ് പനയോട്ടു.