''പാപ്പന്'' ശേഷം സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ജോഷി സംവിധാനം ചെയ്യുന്ന ''ആന്റണി''യുടെ ടീസര്‍ ലോകേഷ് കനകരാജ് ചിത്രം 'ലിയോ'യ്‌ക്കൊപ്പം ഒക്ടോബര്‍ 19ന് പുറത്തിറങ്ങും. ഐന്‍സ്റ്റീന്‍ മീഡിയക്ക് വേണ്ടി ഐന്‍സ്റ്റീന്‍ സാക് പോളും നെക്സ്റ്റല്‍ സ്റ്റുഡിയോ, അള്‍ട്രാ മീഡിയ എന്റര്‍ടൈന്‍മെന്റ് എന്നീ ബാനറുകള്‍ക്ക് വേണ്ടി സുശീല്‍ കുമാര്‍ അഗ്രവാളും നിതിന്‍ കുമാറും രജത് അഗ്രവാളും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. രക്തബന്ധങ്ങള്‍ക്കപ്പുറം മനുഷ്യര്‍ക്കിടയിലെ അസാധാരണ ആത്മബന്ധങ്ങള്‍ പ്രമേയമാകുന്ന ചിത്രം, വൈകാരികമായ അനുഭവമാണ് പ്രേക്ഷകര്‍ക്കായി കാത്തുവെച്ചിരിക്കുന്നതെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. നവംബര്‍ 23നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
ജോജു ജോര്‍ജ്, കല്യാണി പ്രിയദര്‍ശന്‍, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോജു ജോര്‍ജ് അവതരിപ്പിക്കുന്ന 'ആന്റണി' എന്ന കഥാപാത്രം ഒരു കൊലപാതകം നടത്തുകയും പിന്നീട് അന്ന എന്ന പെണ്‍കുട്ടിയുടെ ചുമതല ഏറ്റെടുക്കേണ്ടി വരികയും ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം. മുന്നോട്ടുള്ള ജീവിതത്തില്‍ അവര്‍ പല വ്യക്തികളെയും കാണുകയും അവര്‍ക്കിടയിലെ വൈകാരികബന്ധം കൂടുതല്‍ ദൃഢമാകുകയും ചെയ്യുന്നു.
ഇതിന് മുന്‍പ് ജോജുവിനേയും ചെമ്പന്‍ വിനോദിനേയും നൈല ഉഷയേയും അഭിനയിപ്പിച്ച് ജോഷി സംവിധാനം ചെയ്ത ''പൊറിഞ്ചു മരിയം ജോസ്'' എന്ന ചിത്രത്തിന് വന്‍വരവേല്‍പ്പാണ് പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് കിട്ടിയത്. വീണ്ടുമൊരു ജോഷി സിനിമയില്‍ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് താനെന്ന് ജോജു ജോര്‍ജ് പറഞ്ഞു. ജോഷിക്കൊപ്പം കല്യാണി പ്രിയദര്‍ശന്റെ ആദ്യ ചിത്രമാണ് 'ആന്റണി'. ഒരു പാന്‍ ഇന്ത്യന്‍ ജോഷി ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരം വലിയ ഭാഗ്യമായാണ് കാണുന്നതെന്ന് കല്യാണി പറഞ്ഞു. അസാധാരണവും വ്യത്യസ്തവുമായിരിക്കും ഈ ചിത്രമെന്നാണ് കല്യാണിയുടെ വാക്കുകള്‍.
രണദീവിന്റെ ഛായാഗ്രഹണവും ജെയ്ക്‌സ് ബിജോയുടെ സംഗീതവുമാണ് ചിത്രത്തിലെ മറ്റ് പ്രധാന ആകര്‍ഷണങ്ങള്‍. എഡിറ്റര്‍ ശ്യാം ശശിധരന്‍, ക്രിയേറ്റിവ് കോണ്‍ട്രിബ്യുട്ടര്‍ ആര്‍.ജെ. ഷാന്‍ എന്നിവരുള്‍പ്പെടുന്ന വലിയൊരു ടീമാണ് ജോഷിക്കൊപ്പം അണിനിരക്കുന്നത്. ചിത്രത്തിന്റെ മാര്‍ക്കറ്റിങ്ങ് ആന്റ് കമ്മ്യൂണിക്കേഷന്‍ കൈകാര്യം ചെയ്യുന്നത് സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യല്‍). എണ്‍പതുകളില്‍ തുടങ്ങി, തൊണ്ണൂറുകളിലേതിന് സമാനമായി ഇപ്പോഴും മെഗാ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കുന്ന അപൂര്‍വം മുതിര്‍ന്ന സംവിധായകരില്‍ ഒരാളാണ് ജോഷി. 'ആന്റണി'യുടെ അവതരണശൈലിയില്‍ അദ്ദേഹം എന്തെല്ലാം മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍.