Latest News

തൊഴില്‍ നിഷേധം തെറ്റ്;  വിലക്ക് പിന്‍വലിച്ചു എന്നാണ് താന്‍ മനസ്സിലാക്കുന്നത്; ശ്രീനാഥ് ഭാസിക്കെതിരായ നടപടിയെ വിമര്‍ശിച്ച് മമ്മൂട്ടി; തൊഴില്‍ നിഷേധിച്ച് കഞ്ഞിയില്‍ മണ്ണ് വാരിയിടുന്ന നടപടി ശരിയല്ലെന്ന് വിനയനും

Malayalilife
 തൊഴില്‍ നിഷേധം തെറ്റ്;  വിലക്ക് പിന്‍വലിച്ചു എന്നാണ് താന്‍ മനസ്സിലാക്കുന്നത്; ശ്രീനാഥ് ഭാസിക്കെതിരായ നടപടിയെ വിമര്‍ശിച്ച് മമ്മൂട്ടി; തൊഴില്‍ നിഷേധിച്ച് കഞ്ഞിയില്‍ മണ്ണ് വാരിയിടുന്ന നടപടി ശരിയല്ലെന്ന് വിനയനും

ടന്‍ ശ്രീനാഥ് ഭാസിയെ വിലക്കിയ നിര്‍മ്മാതാക്കളുടെ സംഘടനയുടെ തീരുമാനം തെറ്റെന്ന് മമ്മൂട്ടി. തൊഴില്‍ നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മമ്മൂട്ട് വ്യക്തമാക്കി. തന്റെ പുതിയ ചിത്രം റോഷാക്കിന്റെ  പ്രചാരണവുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്.

വിലക്കിനെ കുറിച്ചുള്ള ചോദ്യത്തിന് 'വിലക്ക് മാറ്റിയില്ലേ?' എന്നാണ് മമ്മൂട്ടി പ്രതികരിച്ചത്. ഇല്ലെന്ന് മറുപടി വന്നതോടെ  തൊഴില്‍ നിഷേധം തെറ്റാണെന്നും വിലക്കിയിട്ടില്ലെന്നാണ് താന്‍ അറിഞ്ഞതെന്നുമായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന്‍ വിനയനും എത്തി. മമ്മൂട്ടിയുടെ പ്രതികരണം നന്നായെന്നും വിലക്ക് എന്ന വാക്ക് പോലും എടുത്തു കളയണമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവറില്‍ സംസാരിക്കുകയായിരുന്നു വിനയന്‍.'

മമ്മൂട്ടി ഇങ്ങനെ പ്രതികരിച്ചത് വളരെ നന്നായി. ഈ വിലക്ക് എന്ന വാക്ക് ഒഴിവാക്കണം. ഒരാളുടെ തൊഴില്‍ നിഷേധിച്ച് അയാളുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടുന്ന നടപടി ശരിയല്ല. ശ്രീനാഥ് ഭാസി എന്നോട് സംസാരിച്ചിരുന്നു. അങ്ങനെ ഞാന്‍ നിര്‍മ്മാതാവ് രഞ്ജിത്തിനെ വിളിച്ചു. അത്തരമൊരു വിലക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ശ്രീനാഥ് ഭാസി ചെയ്തതിനെ ഞാന്‍ ഒരിക്കലും ന്യായീകരിക്കില്ല. അത് തെറ്റ് തന്നെയാണ്. സിനിമക്കാര്‍ക്കിടയില്‍ ഒരു അച്ചടക്കം വേണം. സിനിമ എന്നത് കോടികള്‍ മുടക്കിയുള്ള ഒരു ബിസിനസാണ്. ശ്രീനാഥ് ഭാസി മാത്രമല്ല പല ചെറുപ്പക്കാരും ഇത്തരത്തില്‍ അച്ചടക്കമില്ലാതെ പെരുമാറുന്നുണ്ട്. എന്നാല്‍ അയാള്‍ മാപ്പ് പറഞ്ഞ ശേഷവും ഇത്തരമൊരു വിലക്ക് തുടരേണ്ട ആവശ്യമുണ്ടായിരുന്നോ എന്നതാണ് സംശയം'


'ഇത്തരം വിലക്കുകള്‍ ഒരുപാട് അനുഭവിച്ച് സുപ്രീം കോടതിയില്‍ വരെ പോയ വ്യക്തിയാണ് ഞാന്‍. ഒരു ആറ് മാസം ഫ്രെയിമില്‍ ഇല്ലെങ്കില്‍, അയാളൊന്നും മലയാള സിനിമയ്ക്ക് അത്യാവശ്യമല്ല, ഔട്ടായി പോകും. അത് വേണ്ടായിരുന്നു എന്നാണ് എന്റെ അഭിപ്രായം. അല്ലാതെ എന്തൊക്കെ ശിക്ഷ മാര്‍ഗങ്ങളുണ്ട്', വിനയന്‍ പറഞ്ഞു.സംഘടനകള്‍ നല്‍കിയ വിലക്ക് മൂലം തിലകന്റെ മികച്ച അഭിനയ മുഹൂര്‍ത്തങ്ങളാണ് നഷ്ടമായത്. തനിക്കും പത്ത് വര്‍ഷത്തോളം നഷ്ടമായി. വിലക്കുകള്‍ക്ക് പകരം മറ്റ് ശിക്ഷാ നടപടികള്‍ സ്വീകരിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'തിലകന്‍ ചേട്ടന്‍ എന്ന ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്റെ മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ നഷ്ടമായി. ഇപ്പോള്‍ എനിക്ക് വരുന്ന പല ഫോണ്‍ കോളുകളിലും വിനയന്റെ പത്ത് വര്‍ഷങ്ങള്‍ നഷ്ടപ്പെടുത്തിയത് ദുഃഖം തോന്നുന്നു എന്ന് പറയുന്നുണ്ട്. എനിക്ക് പറയാനുള്ളത് ഇത്തരം തൊഴില്‍ നിഷേധിക്കുന്ന വിലക്കുകള്‍ അല്ലാതെ മറ്റു ശിക്ഷ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. ആരെയെങ്കിലും തെറി വിളിച്ചതിനോ സ്ത്രീയെ പീഡിപ്പിച്ചതിനോ അല്ല എനിക്ക് വിലക്ക് വന്നത്. പത്ത് വര്‍ഷമാണ് എനിക്ക് നഷ്ടമായത്. ആരും എനിക്കോ തിലകന്‍ ചേട്ടനോ വേണ്ടി സംസാരിച്ചില്ല. സുപ്രീം കോടതി വിധിക്ക് ശേഷം മമ്മൂട്ടി അമ്മയുടെ യോഗത്തില്‍ വിനയനെ പോലുള്ളവരെ വിലക്കിയത് ശരിയായില്ല എന്ന് പറഞ്ഞിരുന്നു. അതുകൊണ്ട് നമുക്ക് ആ വാക്ക് നീക്കാം. അതിന് നിര്‍മ്മാതാക്കള്‍ തയ്യാറാകണം എന്നാണ് എന്റെ അഭിപ്രായം', വിനയന്‍ കൂട്ടിച്ചേര്‍ത്തു.

.ചട്ടമ്പി' എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്നും അവതാരക പരാതി നല്‍കിയിരുന്നു. സംഭവത്തിന് പിന്നാലെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് ശ്രീനാഥിനെ വിളിച്ചു വരുത്തുകയും ശേഷം അറസ്റ്റ് ചെയ്യുകയും ചെയ്തു. 

ഐപിസി 509 (സ്ത്രീത്വത്തെ അപമാനിക്കല്‍), ഐപിസി 354(ലൈംഗിക ചുവയോടെ സംസാരിക്കല്‍), 294 ബി എന്നീ മൂന്ന് വകുപ്പുകള്‍ ചുമത്തിയാണ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശേഷം നടനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നടനെ സിനിമയില്‍ നിന്ന് വിലക്കിയത്.

ഇരു ഭാഗത്തിന്റെയും വിശദീകരണം കേട്ട ശേഷമാണ് നടപടി സ്വീകരിച്ചതെന്നാണ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. ശ്രീനാഥ് ഭാസി തെറ്റ് അംഗീകരിച്ചെന്നും അതിനാല്‍ മാതൃകാപരമായ നടപടിയെന്ന നിലയ്ക്കാണ് വിലക്കേര്‍പ്പെടുത്തിയതെന്നുമായിരുന്നു സംഘടനയുടെ വിശദീകരണം.
 

ban on sreenath bhasi mammootty

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES