മലയാളത്തിലെ മികച്ച കോംബോകളിലൊന്നാണ് ഫഹദ് ഫാസിലും ദിലീഷ് പോത്തനും. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഹിറ്റു ജോഡികള്‍ വീണ്ടും ഒന്നിക്കുകയാണ്. ജോജി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിനു തിരക്കഥ എഴുതുന്നത് ശ്യാം പുഷ്‌കരനാണ്. ദിലീഷ് പോത്തന്‍ സംവിധായകന്റെ റോളില്‍ എത്തുന്ന മൂന്നാമത്തെ ചിത്രമാണിത്.
ജോജി എന്നു പേരു നല്‍കിയിരിക്കുന്ന ചിത്രം ഷേക്‌സ്പിയറിന്റെ മാക്‌ബെത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ഇവര്‍ മൂന്ന് പേര്‍ക്കുമൊപ്പം നിരവധി പ്രമുഖരും ചിത്രത്തിന്റെ അണിയറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അടുത്ത വര്‍ഷത്തോടെ ചിത്രം ആരാധകരില്‍ എത്തും. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, ഛായാഗ്രഹണം ഷൈജു ഖാലിദ്, എഡിറ്റിങ് കിരണ്‍ ദാസ്. ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.
സിനിമയുടെ ടൈറ്റില്‍ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ദിലീഷ് പോത്തന്‍ കുറിച്ച വാക്കുകള്‍ അങ്ങനെ; അടുത്ത സംവിധാന ശ്രമം ജോജി, വില്യം ഷേക്‌സ്പിയറിന്റെ വിഖ്യാത ദുരന്ത നാടകമായ മാക്‌ബെത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണു തിരക്കഥ ഒരുക്കിയിരിക്കുന്നത്. മുന്‍ ചിത്രങ്ങള്‍ക് നിങ്ങള്‍ നല്‍കിയ പ്രൊത്സാഹനം നന്ദിയൊടെ ഓര്‍ക്കുന്നു. അപ്പൊ, അടുത്ത വര്‍ഷം ജോജിയുമായി വരാം.