'ഉയരെ' പെൺകരുത്തിന്റെ പര്യായവും അതിജീവനത്തിന്റെ ഉദാഹരണവുമാണ് 'ഉയരെ' സ്‌നേഹത്തിന്റെ പേരിൽ അടിച്ചമർത്തലുകൾ പൊതിയുന്ന പുരുഷന്റെ കപടതയെ ചോദ്യം ചെയ്യുന്ന സിനിമ ഇപ്പോഴും തീയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. 'ഉയരെ' കണ്ടവർക്കൊന്നും ആ ചിത്രം പെട്ടെന്നു മറക്കാൻ കഴിയുന്നില്ല. എല്ലാ പെൺകുട്ടികൾക്കും തങ്ങൾക്കോ അല്ലെങ്കിൽ തങ്ങളുടെ സുഹൃത്തുക്കൾക്കോ ഉണ്ടായ അനുഭവത്തെക്കുറിച്ചുള്ള ഓർമപ്പെടുത്തലാണ് ഈ ചിത്രം. ഡോക്ടറും എഴുത്തകാരിയുമായ ഡോ. ഷിനു ശ്യാമളൻ ഉയരെ ചിത്രം കണ്ട ശേഷം തനിക്ക് നേരിട്ട അനുഭവം പങ്കുവച്ചിട്ടുണ്ട്.തന്റെ ആദ്യവിവാഹാലോചനയുമായി ബന്ധപ്പെടുത്തിയാണ് ഡോ. ഷിനു തന്റെ അനുഭവം വിവരിക്കുന്നത്.
തന്റെ രണ്ടാമത്തെ വിവാഹാലോചനയാണ് വിവാഹത്തിൽ കലാശിച്ചതെന്നും ആദ്യത്തെ ആലോചന നടക്കാതെ പോയതിന് പിന്നിൽ കുറച്ചു മാസങ്ങളുടെ തിരക്കഥയുണ്ടെന്നും ഉയരെയുമായി ബന്ധമുള്ള ഒരു ഭാഗമുണ്ട് അതിലെന്നും ഡോക്ടർ പറയുന്നു. ആദ്യമായി വന്ന വിവാഹലോചന ഉറപ്പിച്ചിരുന്നുവെന്നും എന്നാൽ അയാളുടെ പൊസസീവ്‌നസ് തന്നെ വീർപ്പുമുട്ടിച്ചെന്നും ഡോക്ടർ പറയുന്നു. പിന്നെ സ്വയം ഉറച്ചതീരുമാനമെടുത്ത് ആ വിവാഹത്തിൽ നിന്നും പിന്മാറിയെന്നും അതിനുശേഷം അയാളിൽ നിന്നുണ്ടായ ദുരനുഭവങ്ങളും ഡോക്ടർ കുറിപ്പിൽ വിവരിക്കുന്നു.
'എനിക്ക് ഞാനാവണം, നീ ആഗ്രഹിക്കുന്ന ഞാനല്ല, ഞാൻ ആഗ്രഹിക്കുന്ന ഞാനാവണം' എന്ന് ഓരോ സ്ത്രീയും ചിന്തിക്കണം. എല്ലാവരും കാണേണ്ട ഒരു സിനിമയാണിത്.ഇമോഷണൽ ബ്ലാക്ക്മയിൽ ഒരു കാരണവശാലും അംഗീകരികരുത്. വിവരവും വിദ്യാഭാസവുമുള്ള സ്ത്രീകൾ പോലും സ്‌നേഹം എന്നാൽ പുരുഷന്റെ തടങ്കലിലാണ് എന്ന് കരുതുന്നു. 'ഞാൻ പൊക്കോട്ടെ',' ഞാൻ ആ ഡ്രസ് ഇട്ടോട്ടെ', 'നാളെ ഞാൻ സാരി ഉടുത്തോട്ടെ' എന്നൊക്കെ ചോദിക്കുന്ന സ്ത്രീകൾ ആ പരിപാടി നിർത്തുക. ചോദിച്ചു തുടങ്ങിയാൽ പിന്നെ നിർത്താൻ പറ്റില്ല എന്നും അവർ വ്യക്തമാക്കുന്നു.
കുറിപ്പിന്റെ പൂർണ രൂപം
എന്റെ രണ്ടാമത്തെ വിവാഹാലോചനയാണ് വിവാഹത്തിൽ കലാശിച്ചത്. ആദ്യത്തെ ആലോചന നടക്കാതെ പോയതിന് പിന്നിൽ കുറച്ചു മാസങ്ങളുടെ തിരക്കഥയുണ്ട്. ഉയരെയുമായി ബന്ധമുള്ള ഒരു ഭാഗമുണ്ട് അതിൽ.
കേരള മാട്രിമോണി വഴി വന്ന ആലോചയായിരുന്നു. ആ സമയത്തു ഡോക്ടറെ വേണ്ട എൻജിനീയർ മതിയെന്നായിരുന്നു എന്റെ വാശി. വിദേശത്തു നല്ല ജോലിയുള്ള പയ്യൻ.
എല്ലാ ദിവസവും സംസാരിക്കും. നല്ല സ്‌നേഹമാണ്. ഒരുതരം പൊസ്സസീവനസ് കൂടെ എനിക്ക് പലപ്പോഴും തോന്നി. എന്നാലും 'സ്‌നേഹം കൊണ്ടല്ലേ ' എന്ന മറുപടി കേൾക്കുമ്പോൾ ഒക്കെ മറക്കും.
രാവിലെ എഴുന്നേൽക്കുമ്പോൾ സംസാരിക്കണം. 'നിന്നോട് മിണ്ടിയിട്ട് ജോലിക്ക് പോകാമെന്ന് കരുതി'. അയാളത് പറയുമ്പോൾ ഞാൻ ഹാപ്പി. പക്ഷെ എല്ലാ ദിവസവും അത് സാധിച്ചെന്ന് വരില്ല. അതിനും പരിഭവവും വഴക്കും കൂടും. എനിക്ക് ഓടിച്ചാടി 8 മണിക്ക് ആശുപത്രിയിൽ എത്തണം. ഹൗസ് സർജൻസി കാലമാണ്. 10 മിനിറ്റിൽ കൂടുതൽ ലേറ്റ് ആയാൽ സൈൻ ചെയ്യാൻ പറ്റില്ല. തിരുവനന്തപുരം ജനറൽ ആശുപത്രിയിലായിരുന്നു. താമസിക്കുന്ന പി. ജി യിൽ നിന്ന് 10 മിനിറ്റ് ദൂരമുണ്ട്.