പ്രഖ്യാപിച്ച സമയം മുതല്‍ ശ്രദ്ധ നേടിയ ഫഹദ് ഫാസില്‍ ചിത്രമാണ് മലയന്‍കുഞ്ഞ്. നവാഗതനായ സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ചിത്രം വരുന്ന ജൂലൈ 22-ന് തീയറ്റര്‍ റിലീസായാണ് പുറത്തിറങ്ങുക. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നത്. 30 വര്‍ഷങ്ങള്‍ക്ക് ശേഷം എ.ആര്‍. റഹ്മാന്‍ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്ന ഒരു മലയാളചിത്രം എന്ന സവിശേഷതയും ഈ സിനിമയ്ക്കുണ്ട്. ഫാസിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ചുള്ള പ്രേമോഷനില്‍ ഫഹദ് പങ്ക്് വച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.അടുത്ത കാലത്തൊന്നും മലയാളത്തില്‍ ഇത്തരമൊരു ചിത്രം ഉണ്ടായിട്ടില്ലെന്ന് പറയുകയാണ് ഫഹദ് ഫാസില്‍.
ലോക്ഡൗണ്‍ കാലത്തു ഒടിടിക്കു വേണ്ടി തുടങ്ങിയതാണു മലയന്‍ കുഞ്ഞ്. അധികം യാത്ര ചെയ്യാതെയുള്ളൊരു സിനിമ. കോവിഡിന്റെ മൂര്‍ധന്യത്തിലാണ് ഇതിനേക്കുറിച്ച് ആലോചിച്ചു ഷൂട്ടു ചെയ്യാന്‍ തുടങ്ങിയത്. ആദ്യ പകുതി ഷൂട്ടു ചെയ്തു കഴിഞ്ഞ ഉടനെ എനിക്കൊരു അപകടം പറ്റി. പിന്നെ ഞാന്‍ ഈ സിനിമയിലേക്കു തിരിച്ചെത്തിയത് 8 മാസത്തിനു ശേഷമാണ്. അപ്പോഴേക്കും അന്തരീക്ഷം വല്ലാതെ മാറിയിരുന്നു.
സാധാരണ പോലെ ഷൂട്ടു ചെയ്യാവുന്ന അവസ്ഥ വന്നിരുന്നു. ഇതൊരു വല്ലാത്ത സിനിമയാണ്. ആദ്യ പകുതി സാധാരണപോലെയുള്ള സിനിമ. രണ്ടാം പകുതിയില്‍ ഭൂമിക്കു 40 അടി താഴെയാണു സിനിമ നടക്കുന്നത്. തനിക്കു ജീവിതത്തില്‍ സഹിക്കാനാകാത്ത ശല്യമായിത്തോന്നിയൊരു ശബ്ദം രണ്ടാം പകുതിയില്‍ അയാളുടെ പ്രതീക്ഷയായി മാറുന്നു.
ഈ സിനിമ നിര്‍മിച്ചത് എന്റെ ബാപ്പ ഫാസിലാണ്. ഇത്രയേറെ പ്രതിഭകളെ ചെറിയ സ്‌ക്രീനില്‍ ഒതുക്കിയാല്‍ പോരെന്നു പറഞ്ഞതു ബാപ്പയും കൂടിയാണ്. എനിക്കു കൂടുതല്‍ കൂടുതല്‍ സ്വാതന്ത്ര്യമുണ്ടായിരുന്നുവെങ്കില്‍ ആദ്യ പകുതി ഒടിടിയിലും രണ്ടാം പകുതി തീയറ്ററിലും റിലീസ് ചെയ്യുമായിരുന്നു.
ഈ സിനിമ 8 മാസത്തെ ഷൂട്ട് നിര്‍ത്തിവച്ച ശേഷമാണു വീണ്ടും തുടങ്ങിയത്. ഒരു നിര്‍മാതാവിനു അതുമായി പൊരുത്തപ്പെടാനാകില്ല. ഞാന്‍തന്നെ നിര്‍മിക്കുമ്പോള്‍ അതിലുള്ള സ്വാതന്ത്ര്യം എന്നെ വല്ലാതെ കംഫര്‍ട്ടബിളാക്കുന്നു. ആരോടും ഉത്തരം പറയേണ്ടല്ലോ. ഞാനാ സ്വാതന്ത്ര്യം ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. മലയന്‍കുഞ്ഞ് ഷൂട്ട് ചെയ്തതു 100 ദിവസമാണ്. അതില്‍ 40 ദിവസമേ മറ്റു താരങ്ങളുള്ളു. 60 ദിവസവും ഞാന്‍ മാത്രമാണ് അഭിനയിച്ചത്. ബാപ്പ നിര്‍മാതാവായതുകൊണ്ടാണ് എനിക്കിഷ്ടവും സാഹചര്യവുമുള്ള സമയത്തുപോയി ഈ ജോലി തീര്‍ക്കാനായതെന്നും ഫഹദ പറഞ്ഞു.
ട്രെയിലര്‍ ഹിറ്റ് ആയതോടെ ചിത്രത്തിന് ആശംസകളുമായി നിരവധി പേര്‍ രംഗത്തെത്തി. സൂര്യയും കമല്‍ഹസനും സത്യന്‍ അന്തിക്കാടും അടങ്ങിവര്‍ ഫെയ്‌സ്ബുക്കിലൂടെ ആശംസ അറിയിച്ചു.
ഫാസില്‍ മലയാളികള്‍ക്ക് എന്നും ഒരു പ്രതീക്ഷയാണെന്നും എന്തെങ്കിലും പുതുമയുമായേ അദ്ദേഹം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്താറുള്ളൂ എന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.ഫഹദ് ഫാസിലെന്ന പ്രതിഭയെ ഒരിടവേളക്ക് ശേഷം ബിഗ് സ്‌ക്രീനില്‍ കാണാനാകുന്നുവെന്ന സന്തോഷമുണ്ടെന്നും സത്യന്‍ അന്തിക്കാട് കുറിച്ചു. ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവച്ച് കൊണ്ടായിരുന്നു സംവിധായകന്റെ പ്രതികരണം
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം....
ഫാസില്‍ മലയാളികള്‍ക്ക് എന്നും ഒരു പ്രതീക്ഷയാണ്. എന്തെങ്കിലും പുതുമയുമായേ അദ്ദേഹം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്താറുള്ളൂ. മലയന്‍കുഞ്ഞ് കാണാന്‍ കാത്തിരിക്കുന്നതും അത് കൊണ്ടാണ്. കൂടെ, ഫഹദ് ഫാസിലെന്ന പ്രതിഭയെ ഒരിടവേളക്ക് ശേഷം ബിഗ് സ്‌ക്രീനില്‍ കാണാനാകുന്നു എന്ന സന്തോഷവും. സജിമോന്‍ എന്ന പുതിയ സംവിധായകന് എന്റെ ആശംസകളും സ്‌നേഹവും. മലയന്‍കുഞ്ഞ് മനസ്സ് നിറക്കുന്ന ഒരു അനുഭവമായി മാറട്ടെ
നിങ്ങള്‍ എപ്പോഴും പുതിയ കഥകള്‍ കൊണ്ട് ആളുകളെ ആശ്ചര്യപ്പെടുത്തുകയാണ്.....! ആ ദൃശ്യങ്ങള്‍ കണ്ട് ഞാനും അത്ഭുതപ്പെട്ടു; സൂര്യ
ഫഹദ് ഫാസിലിനെ നായകനാക്കി സജിമോന്‍ സംവിധാനം ചെയ്യുന്ന മലയന്‍കുഞ്ഞിന് ആശംസകളറിയിച്ച് തമിഴ് സൂപ്പര്‍താരം സൂര്യയും രംഗത്തെത്തി. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പങ്കുവെച്ചാണ് സൂര്യയും ആശംസകള്‍ അറിയിച്ചിരിക്കുന്നത്. 'ഫാസില്‍ സാറിനോട് സ്നേഹവും ആദരവും. ഫഹദ്, നിങ്ങള്‍ എപ്പോഴും പുതിയ കഥകള്‍ കൊണ്ട് എന്നെ ആശ്ചര്യപ്പെടുത്തുകയാണ്.
തികച്ചും വ്യത്യസ്തത തീര്‍ക്കുന്ന ദൃശ്യങ്ങള്‍ കണ്ട് താന്‍ അത്ഭുതപ്പെട്ടെന്നും' സൂര്യ ട്വീറ്റില്‍ കുറിച്ചു. കഴിഞ്ഞ ദിവസമാണ് ഫാസില്‍ നിര്‍മിച്ച് ഫഹദ് ഫാസില്‍ നായകനാകുന്ന മലയന്‍കുഞ്ഞിന്റെ ട്രെയ്‌ലര്‍ പുറത്ത് വന്നത്. സര്‍വൈവല്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍.
ഫാസിലിന്റെ കുഞ്ഞ് എന്റേയുമാണ്' എന്നായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവെച്ച് കമല്‍ഹാസന്റെ ട്വീറ്റ് ചെയ്യ്തത്.അതേസമയം ടേക്ക് ഓഫ്, സി യു സൂണ്‍, മാലിക് എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ മഹേഷ് നാരായണനാണ് മലയന്‍കുഞ്ഞിന്റെ രചനയും ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്. എ.ആര്‍. റഹ്മാന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം.