ഇന്ന് മലയാള സിനിമയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് ജയസൂര്യ. വ്യത്യസ്തമായതും വെല്ലുവിളി നിറഞ്ഞതുമായ വേഷങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചിട്ടുള്ള ജയസൂര്യ സിനിമയില്‍ അരങ്ങേറ്റം കുറിച്ചിട്ട് ഇപ്പോള്‍ ഇരുപതു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുകയാണ്. അഭിനയ ജീവിതത്തിന്റെ ഇരുപത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ജയസൂര്യക്ക് ഏഷ്യാനെറ്റ് ആദരം നല്‍കിയിരുന്നു. ജയസൂര്യ തന്നെയാണ് ഇക്കാര്യം പങ്ക് വച്ചത്.
ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ് വേദിയിലാണ് ജയസൂര്യ ആദരിക്കപ്പെട്ടത്. കമലഹാസനാണ് ജയസൂര്യയെ പൊന്നാട അണിയിച്ചത്.ഒരു സിനിമയില്‍ പോലും അഭിനയിക്കും എന്നു കരുതിയ ആളല്ല താനെന്നും. ഇപ്പോള്‍ 20 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇത്രയും വലിയ ഒരു മുഹൂര്‍ത്തം ഉണ്ടാകുമെന്ന് ഒരിക്കലും കരുതിയില്ലെന്നു ജയസൂര്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.സിനിമയിലേക്ക് കൈപിടിച്ചെത്തിച്ച സംവിധായകന്‍ വിനയനോടുളള നന്ദി അറിയിക്കാനും ജയസൂര്യ മറന്നില്ല.
ജയസൂര്യ പങ്ക് വച്ച കുറിപ്പ് ഇങ്ങനെ:
കലാദേവത'' കനിഞ്ഞു തന്ന സമ്മാനം. ഒരു സിനിമയില്‍ പോലും അഭിനയിക്കും എന്നു കരുതിയ ആളല്ല ഞാന്‍. ഇപ്പോള്‍ 20 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇത്രയും വലിയ ഒരു മുഹൂര്‍ത്തം ഉണ്ടാകുമെന്ന് ഞാന്‍ ഒരിക്കലും കരുതിയതല്ല. Asianet ന് എന്റെ നിറഞ്ഞ സ്‌നേഹം, നന്ദി, ഒപ്പം എന്നെ സിനിമയിലേക്ക് കൈപിടിച്ചെത്തിച്ച എന്റെ ഗുരുനാഥന്‍ വിനയന്‍ സാറിനും. '
'സകലകലാവല്ലഭന്‍ ' എന്ന വാക്ക്തന്നെ നമ്മള്‍ ഉപയോഗിക്കുന്നത് ഇദ്ദേഹത്തിനു വേണ്ടി മാത്രം ആണോ എന്ന് എനിക്ക് പലപ്പോഴും തോന്നീട്ടുണ്ട്. ആ പ്രതിഭയക്ക് ഒപ്പം രണ്ടു ചിത്രങ്ങള്‍ അഭിനയിക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടുണ്ട്. ( വസൂല്‍ രാജ MBBS , Four Friends ). 20years Acting excellence പുരസ്‌ക്കാരം ഈ മഹാപ്രതിഭയില്‍ നിന്നും സ്വീകരിക്കാന്‍ കഴിഞ്ഞത് എന്റെ ഏറ്റവും വലിയ പുണ്യമായി ഞാന്‍ കരുതുന്നു. ഇതു സാധ്യമായത് എന്റെ മാത്രം കഴിവല്ല എന്ന തിരിച്ചറിവില്‍, ഇതിനു കാരണമായ എല്ലാത്തിനും എല്ലാവര്‍ക്കും എന്റെ പ്രണാമം..''.
നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ച ജയസൂര്യ ഒരു ദേശീയ പുരസ്‌കാരം, മൂന്നു സംസ്ഥാന പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. അപോത്തിക്കിരി എന്ന ചിത്രത്തൊടെയാണ് ജയസൂര്യ എന്ന നടന്‍ കൂടുതല്‍ ഫ്ളറിഷായതെന്നു പറയാം. പിന്നീട് അങ്ങോടു ചെയ്ത കഥാപാത്രങ്ങളായാലും തിരഞ്ഞെടുത്ത ചിത്രങ്ങളായാലും ജയസൂര്യ എന്ന നടനെ മലയാള സിനിമയില്‍ കൂടുതല്‍ ശക്തനാക്കി. അതിനുളള ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വെളളം എന്ന ചിത്രത്തിലെ മുരളി. നാദിര്‍ഷയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ഈശോ ആണ് ജയസൂര്യയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.