സോഷ്യല്‍ മീഡിയയില്‍ സ്വകാര്യ വിശേഷങ്ങള്‍ വളരെ കുറച്ച് മാത്രം പങ്കുവെക്കുന്ന നടനാണ് ജയസൂര്യ. സിനിമാ ലോകത്ത് ഇപ്പോള്‍ അത്രയധികം സജീവമല്ലെങ്കിലും മിനിറ്റുകള്‍ക്കു മുമ്പ് നടന്‍ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കൊച്ചിയിലെ തന്റെ ഫ്ളാറ്റില്‍ നിന്നും സുഹൃത്തിനൊപ്പം പുറത്തേക്ക് നടക്കവേ എതിരെ നടന്നുവന്ന ഒരു കുറിയ മനുഷ്യന്‍. അതി മനോഹരമായ സംസാരത്തിനു ശേഷം അദ്ദേഹം തിരിഞ്ഞു നടന്നപ്പോള്‍ അതാരാണെന്ന് പിടികിട്ടാത്ത സുഹൃത്തിന് ജയസൂര്യ ആളെ പറഞ്ഞു കൊടുത്തപ്പോഴാണ് ആരാധകരെയും ഞെട്ടിച്ച സംഭവം ഉണ്ടായത്. ജയസൂര്യയുടെ കുറിപ്പ് ഇങ്ങനെയാണ്:
ഞാനും , ഒരു സുഹൃത്തും കൂടി എന്റെ ഫ്ളാറ്റിലെ ലിഫ്റ്റ് ഇറങ്ങി കാര്‍ പാര്‍ക്കിങ്ങിലേക്ക് നടക്കുമ്പോള്‍ , രണ്ടു കൈയ്യിലും സഞ്ചിയൊക്കെ പിടിച്ച് , ഒരു ഷോര്‍ട്ട് സ്ലീവ് ടീ ഷര്‍ട്ടും , ട്രാക്ക് പാന്റുമൊക്കെയിട്ട് ഒരാള്‍ നടന്ന് വരുന്നു . കണ്ട ഉടനെ തന്നെ അദ്ദേഹം ; ങ്ങാ..ജയസൂര്യേ... എന്നാ ഉണ്ട്? ഇന്ന് ഷൂട്ടിങ്ങില്ലേ .....?
: ങ്ങാ.. ഇന്നില്ല ഡോക്ടറേ.....
ഡോക്ടര്‍ എവിടെ പോയതാ ? ഞാനും ചോദിച്ചു
: ഞാന്‍ എന്റെ ഫാം ഹൌസ് വരെ പോയതാ , നല്ല കൊറച്ച് റംമ്പൂട്ടാനുണ്ട് ഞാന്‍ ജെയ്മിയോട് പറഞ്ഞേക്കാം സരിതയുടെ കൈയില് കൊറച്ച് കൊടുത്തേക്കാന്‍
: ഓ താങ്ക്യൂ ഡോക്ടര്‍, അപ്പോ ഞങ്ങള് കഴിച്ചിട്ട് വിളിക്കാം.
എന്റെ ഫ്രണ്ടിനെ കണ്ടതും മൂപ്പര് ചോദിച്ചു..ഇതാരാ.?
: എന്റെ ഫ്രണ്ടാ ഒരു കഥ പറയാന്‍ വന്നതാ...
: ok അപ്പൊ എല്ലാം നന്നായി നടക്കട്ടെ God Bless you- എന്ന് പറഞ്ഞ് പുള്ളി ലിഫ്റ്റിന്റെ ഭാഗത്തേക്ക് പോയി.
എന്റെ സുഹൃത്ത് എന്നോട് ചോദിച്ചു : അതാരാ ചേട്ടാ പള്ളീലച്ചനെ പോലെയുള്ള ആള് ? ഡോക്ടറാ?
ഞാന്‍ പറഞ്ഞു : ങ്ങാ.. ഡോക്ടറാ... പേര് പറഞ്ഞാ നീ ചെലപ്പോ അറിയും ' ജോസ് ചാക്കോ പെരിയാപുരം'
അവന്‍ ഞെട്ടി : ദൈവമേ... അതായിരുന്നോ
ജോസ് ചാക്കോ പെരിയാപുരം ??
ഇത്രയും സിംപിള്‍ ആയിട്ടുള്ള മനുഷ്യനോ?
'അവന്‍ ഞെട്ടിയതില്‍ അത്ഭുതപ്പെടാനില്ല 'കാരണം..
സ്വന്തം ജോലി ചിലപ്പോ അലങ്കാരമായും, അഹങ്കാരമായും കൊണ്ടു നടക്കുന്ന ഈ കാലഘട്ടത്തില്‍ ..
22500 -ലധികം ഹൃദയ ശസ്ത്രക്രീയകളും ,32 ഹൃദയം മാറ്റി വെയ്ക്കല്‍ ശസ്ത്രക്രീയകളും , കൂടാതെ പത്മശ്രീയും ,പത്മഭൂഷണ്‍ ബഹുമതികളൊക്കെ ലഭിച്ച ഈ മനുഷ്യന്‍ ഇത്രയും ഭാരമില്ലാതെ എങ്ങനെ ജീവിക്കുന്നു എന്നുള്ളത് അത്ഭുതകരമായ ഒരു കാഴ്ച തന്നെയാണ്.
ഞാന്‍ എന്റെ സുഹൃത്തിനോട് പറഞ്ഞു : ടാ, മാത്രമല്ല ഇത്രയും തിരക്ക് പിടിച്ച് നടക്കുന്ന ഈ മനുഷ്യനാണ് ഈ ഫ്ളാറ്റിലെ പ്രസിഡണ്ട് അറിയോ നിനക്ക്..
അവന്‍ ശരിക്കും ഞെട്ടി : എന്റെ പൊന്നേ..ഇങ്ങേര് ഒരു വന്‍ പുലി ആണല്ലോ ചേട്ടാ...
ഞാന്‍ അവനെ നോക്കി വെറുതെ ചിരിച്ചതേയുള്ളൂ.
ഒരാള്‍ അധ്വാനിച്ച് നേടിയത് അവന്റെ കഴിവ് കൊണ്ട് മാത്രമല്ല . ദൈവം തന്ന സമ്മാനം കൂടിയാണ് എന്ന് തിരിച്ചറിയാനുള്ള മാനസിക വികാസം ഉള്ളവനേ ദൈവം വീണ്ടും വീണ്ടും സമ്മാനങ്ങള്‍ നല്‍കൂ..
എന്ന തിരിച്ചറിവും അദ്ദേഹത്തില്‍ നിന്നും പഠിക്കാന്‍ സാധിക്കും.
ഹൃദയത്തില്‍ ദൈവീകതയുടെ പ്രകാശം നിറഞ്ഞ് തുളുമ്പുന്നവരെ നമുക്ക് എന്ത് പറഞ്ഞ് വിശേഷിപ്പിക്കാനാകും!
Congratulations-!
'Doctor Jose Chako Periyapuram'
ഹൃദയപൂര്‍വ്വം
ജയസൂര്യ
കേരളത്തിലെ ഏറ്റവും മികച്ച ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധനും എഴുത്തുകാരനുമാണ് ജോസ് ചാക്കോ പെരിയപ്പുറം. കേരളത്തിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത് അദ്ദേഹമാണ്. 2011 ല്‍ ഭാരത സര്‍ക്കാര്‍ അദ്ദേഹത്തിന് പത്മശ്രീ നല്‍കി ആദരിക്കുകയും ചെയ്തിട്ടുണ്ട്.